PRAVASI

സുവർണ്ണ ശോഭയിൽ ന്യൂയോർക്ക് ഐ കെ സി സി

Blog Image

ന്യൂയോർക്ക് …………. ന്യൂയോർക്ക് ………..Frank  Sinatra യുടെ വാക്കുകൾ കടമെടുത്താൽ “സിറ്റി ദാറ്റ് നെവർ  സ്ലീപ്സ്”    . വിവിധതരത്തിലുള്ള അമ്പരചുംബികളും   സസ്യ ലതാദികളാൽ    നിബിഡമായ സെൻട്രൽ പാർക്കും തോളോട് തോൾ ചേർന്ന് നിൽക്കുന്ന മഹാനഗരം.  ലോകത്തിൻറെ ഏതു കോണിൽ നിന്നുമുള്ള മനുഷ്യരുടെ പ്രതിനിധികളെയും കാണാൻ പറ്റുന്ന അത്ഭുത നഗരം  .   മനുഷ്യരാശിയുടെ എല്ലാ വർണ്ണങ്ങളിലും ഉള്ളവർ തിങ്ങിപ്പാർക്കുന്ന ഒരിടം.    ഒരർത്ഥത്തിൽ ലോകത്തിൻറെ” ഛേദം” എന്നും പറയാവുന്ന നഗരം, എല്ലാ മനുഷ്യരെയും ജാതി, മതം, ഭാഷ, നിറം , വലിപ്പം എന്നിവയിലുള്ള വൈജാത്യങ്ങളോടെയും അവരുടേതായ എല്ലാ പ്രത്യേകതകളോടുകൂടെയും  ഒരുപോലെ ആശ്ലേഷിക്കുന്ന ലോകത്തിലെ അത്ഭുത സ്ഥലം.   “ഫ്രാങ്കിയുടെ ഭാഷയിൽ   “ If you can make it in New York, You can make it anywhere in the world”. ലോക ഘടനയ്ക്ക് തന്നെ മാറ്റം വരുത്താൻ തക്ക കെൽപ്പുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക മേഖലകളിലെ ഒരു പ്രബല ശക്തി.  ഈ വൈവിധ്യങ്ങൾക്കിടയിലും അവരവരുട   വ്യക്തിസ്വാതന്ത്ര്യത്തിലും, ചിന്താശക്തിയിലും, ബോധ്യങ്ങളിലും ഉറച്ചുനിൽക്കുവാൻ  ഓരോരുത്തരെയും ‘സ്റ്റാച്യു ഓഫ് ലിബർട്ടി ‘ഓർമിപ്പിക്കുന്നു. അങ്ങനെയുള്ള ഒരിടത്തേക്ക് ആണ് നമ്മുടെ കൊച്ചു കേരളത്തിൽ  നിന്നും ക്നാനായ സമുദായ അംഗങ്ങൾ  1970കളിൽ കുടിയേറ്റം നടത്താൻ ആരംഭിക്കുന്നത്. 


ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം കുടിയേറ്റം എന്നുള്ളത് അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാര്യമാണ്, അതുകൊണ്ടാണ് നമ്മുടെ സമുദായത്തിലെ വനിതാ രത്നങ്ങൾ ആതുര സേവന രംഗത്തെ ജോലികൾക്കായി നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയത്. അറിയാത്ത നാട്, ആളുകൾ, ജീവിത രീതി, ഭാഷ, യാത്രയുടെ ബുദ്ധിമുട്ടുകൾ അതിലുപരി പ്രതികൂല കാലാവസ്ഥ എന്നിങ്ങനെ നിരവധി പ്രതി സന്ധികൾ അവർക്കു മുൻപിൽ ഉണ്ടായിരുന്നു, എന്നിട്ടും അതിനെയെല്ലാം തരണം ചെയ്തു പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ തയ്യാറായ ആദ്യകാല കുടിയേറ്റക്കാരെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

 ക്നാനായ   സമുദായത്തിന്റെ  പ്രത്യേകതകളായി  പണ്ടുമുതലേ പറയപ്പെടുന്ന കാര്യങ്ങളാണ് സമുദായ അംഗങ്ങൾ  തമ്മിലുള്ള കുടുംബ ബന്ധങ്ങൾ, ഇഴയടുപ്പം, സമുദായ സ്നേഹം എന്നിവ.” ഹിന്ദുവിൽ പോയാലും മക്കളെ നമ്മുടെ ബന്ധങ്ങൾ കൈവിടാതോർക്കണം എപ്പോഴും” എന്നാണ് കാരണവന്മാരിൽ നിന്നും നമ്മൾ കേട്ടിട്ടുള്ളത്, മേൽപ്പറഞ്ഞ ഐക്യവും കൂട്ടായ്മയും നിലനിർത്തുന്നതിന്റെയും തുടരുന്നതിന്റെയും ഭാഗമായി 1976ൽ  നോർത്ത് അമേരിക്കയിലെ ആദ്യത്തെ ക്നാനായ സാമുദായികസംഘടനയായ ഐ കെ സി സി രൂപംകൊണ്ടു. പരിമിതമായ സൗകര്യങ്ങളിലും അംഗബലത്തിലും ആയിരുന്നു ആരംഭം. എന്നാൽ പിന്നീടങ്ങോട്ട് നോർത്ത് അമേരിക്കയിലെ പല നഗരങ്ങളിലും ഉള്ള ലോക്കൽ ക്നാനായ സംഘടനകളുടെ രൂപീകരണത്തിനും  KCCNA പോലുള്ള വലിയ സംഘടനകളുടെ ഉത്ഭവത്തിനുമെല്ലാം മൂലക്കല്ലായി പരിണമിച്ചത് ന്യൂയോർക്ക് IKCC ആണ് .

1976ൽ രൂപംകൊണ്ട ഐ കെ സി സി 50 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു.നോർത്ത് അമേരിക്കയിലെ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് ഒരു മഹാനഗരം മാത്രമല്ല പല സമുദായ അംഗങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിച്ച ആദ്യ ഭവനം കൂടെയാണ്. അതുവഴി ഐ കെ സി സിയും അനേകർക്ക് സുപരിചിതമാണ്. ഒരു  സാമുദായിക സംഘടനയായിട്ടാണ് ഐ കെ സി സി രൂപം കൊണ്ടത്. അതേ ആശയത്തിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

IKCC,KCCNA  എന്നീ സംഘടനകളുടെ ആരംഭം മുതൽ ഇതുവരെയുള്ള നാൾ വഴികളിൽ നേതൃ സ്ഥാനത്ത് നിന്നുകൊണ്ട് നിസ്വാർത്ഥ സേവനം കാഴ്ചവച്ച എല്ലാ നേതാക്കളുടെയും സേവനങ്ങളെ അനുസ്മരിക്കാനും ആദരിക്കാനും ആയി 2026 April 18 ന്   ഐ കെ സി സി ഗോൾഡൻ ജൂബിലി സെലിബ്രേഷൻ നടത്തപ്പെടുകയാണ്. അതോടൊപ്പം തന്നെ ഐ കെ സി സി യുടെ വിവിധ പോഷക സംഘടനകളിൽ പെട്ട കലാകാരന്മാരുടെ വൈവിധ്യങ്ങളായ  കലാപരിപാടികളും ഉൾപ്പെടുത്തിയിരിക്കുന്നു. തദവസരത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായക്കാരെയും വളരെയധികം സ്നേഹത്തോടെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. 

വരൂ, സമുദായ കൂട്ടായ്മയിൽ പങ്കാളികളാകൂ !!!!

IKCC Executive Committee.

കവിത ചെമ്മാശ്ശേരിൽ


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.