PRAVASI

സണ്ണി വള്ളിക്കളം പ്രവാസി കേരളാ കോൺഗ്രസ് നോർത്ത് അമേരിക്കൻ കമ്മറ്റിയുടെ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു

Blog Image

കോട്ടയം : പ്രവാസി കേരളാ കോൺഗ്രസ്സ് നോർത്ത് അമേരിക്കയിലെ സ്റ്റിയറിംഗ് കമ്മിറ്റിയുടെ കൺവീനറായി സണ്ണി വള്ളിക്കളത്തെ (ചിക്കാഗോ) കേരളാ കോൺഗ്രസ്സ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ നാമനിർദ്ദേശം ചെയ്തതായി പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

നോർത്ത് അമേരിക്കൻ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ വിവിധ റീജിയണുകളുടെ പ്രതിനിധികളായി സാബു കൂവക്കാട്ടിൽ, സെനിത്ത് ലൂക്കോസ് (ടെക്സാസ്) എ. ജെ. അഗസ്റ്റിൻ ആലപ്പാട്ട് ,ഷിബു മുളയാനിക്കുന്നേൽ , മാത്യു തട്ടാമറ്റം (ചിക്കാഗോ),ഷോളി കുമ്പിളു വേലിൽ (ന്യൂയോർക്ക്)ജോജി ജോൺ (ഫ്ലോറിഡ)എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. നോർത്ത് അമേരിക്കയുടെ എല്ലാ റീജിയണുകളിലും പ്രവാസി കേരളാ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച ശേഷം സെൻട്രൽ കമ്മിറ്റിയുടെ ഭരണ സമിതിക്ക് രൂപം നൽകുന്നതിനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി വള്ളിക്കളം കേരളാ കോൺഗ്രസ്സിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ. എസ്.സി യിലൂടെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വന്ന പ്രതിനിധിയാണ്. ചങ്ങനാശ്ശേരി എസ്.ബി കോളേജിലും, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളേജിലും പഠനം പൂർത്തീകരിച്ച ശേഷമാണ് കേരളാ കോൺഗ്രസ്സ് പാർട്ടിയുടെ സജീവ നേതൃസ്ഥാനത്തേക്ക് കടന്നുവന്നത്.തുടർന്ന് അമേരിക്കയിലെ പ്രവാസി ജീവിതത്തിലെത്തിയ കാലം മുതൽ മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തിനും ആവശ്യങ്ങൾക്കും വേണ്ടി സജീവമായി നിലകൊള്ളാൻ സണ്ണി വള്ളികളത്തിന് കഴിഞ്ഞിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷൻ്റെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങൾ മുൻകാലങ്ങളിൽ വഹിച്ചിട്ടുണ്ട്.ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ,റീജിയണൽ വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ച ശേഷം ഫോമയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തും സേവനം അനുഷ്ഠിക്കുകയുണ്ടായി .പൊതുരംഗത്ത് എല്ലാവരോടും അടുത്ത് ഇടപെഴകാനും അമേരിക്കൻ മലയാളി സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിറസാന്നിദ്ധ്യമായി നിലകൊള്ളാൻ സണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്. സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപത 2026 ജൂലൈ മാസം നടത്താൻ തീരുമാനിച്ചിട്ടുള്ള കാത്തലിക് കൺവൻഷൻ്റെ രജിസ്ട്രേഷൻ കോ -ഓർഡിനേറ്ററായി ഇപ്പോൾ പ്രവർത്തിക്കുന്നു.ഒപ്പം ചിക്കാഗോ യുഡിഎഫ് കൺവീനറായും നിലവിൽ പ്രവർത്തിക്കുന്നു. കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ , പാർട്ടി നേതാക്കളായ പി സി തോമസ്, അഡ്വ.മോൻസ് ജോസഫ് എംഎൽഎ, അഡ്വ. ജോയി എബ്രഹാം,ടി യു കുരുവിള, അഡ്വ. കെ.ഫ്രാൻസീസ് ജോർജ്ജ് എം.പി, അഡ്വ.തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ് എന്നിവർ പങ്കെടുത്ത് കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗം നോർത്ത് അമേരിക്കൻ പ്രവാസി കേരളാ കോൺഗ്രസ്സിൻ്റെ പുതിയ ഭാരവാഹികളെ അനുമോദിക്കുകയുണ്ടായി .

പ്രവാസി കേരളാ കോൺഗ്രസ്സിൻ്റെ ഗ്ലോബൽ കമ്മറ്റി പാർട്ടി ചെയർമാൻ പി. ജെ ജോസഫ് എംഎൽഎ ഉടനെ പ്രഖ്യാപിക്കുമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

സണ്ണി വള്ളിക്കളം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.