PRAVASI

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസിൻ്റെ കണ്ടെത്തൽ

Blog Image

എറണാകുളം നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

അപകടത്തിന് ശേഷം കാർ ഓടിച്ചിരുന്ന രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയായ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്നും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. വാഹനം അമിതവേഗത്തിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരോട് പ്രതി തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞായിരുന്നു സുഹൈൽ നാട്ടുകാരോട് തട്ടിക്കയറിയത്. സംഭവത്തിൽ സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് റോഡ് സേഫ്റ്റി കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തിൽ റിപ്പോർട്ട് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഇത് ലഭിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.