PRAVASI

സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ കർശന നിയന്ത്രണം; അനധികൃത താമസക്കാരെ ഒഴിവാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര സർക്കുലർ

Blog Image

സംസ്ഥാന സർക്കാർ കോളേജ് ഹോസ്റ്റലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കുന്നതിൻ്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളുടെ നടത്തിപ്പ്, വാർഡൻമാരുടെയും ട്യൂട്ടർമാരുടെയും നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരുടെ കടന്നുകയറ്റം തടയൽ എന്നിവ സംബന്ധിച്ച കോളേജ് വിദ്യാഭ്യാസം ഡയറക്ടറേറ്റ് നിർണ്ണായക ഉത്തരവ് ഇറക്കിയിരിക്കുന്നത്. കോളേജുകളിലെ ഡ്രെയിംഗ് ആൻഡ് ഡിസ്ബർസിംഗ് അധികാരമുള്ള അധ്യാപകരെയാണ് പ്രിൻസിപ്പൽമാർ വാർഡൻമാരായി നിയമിക്കേണ്ടത്. അധ്യാപകരുടെ സമ്മതം വാങ്ങി കോളേജ് കൗൺസിൽ യോഗത്തിൻ്റെ തീരുമാനപ്രകാരമായിരിക്കണം ഈ നിയമനങ്ങൾ. വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ നിയമിക്കുന്നതിന് ഡയറക്ടറേറ്റിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താൻ എല്ലാ വർഷവും ട്യൂട്ടർമാരെയും നിയമിക്കണം. വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കൗൺസിൽ തീരുമാനം കൃത്യമായി പരാമർശിക്കണമെന്നും, ഓരോ നിയമനവും ജൂൺ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു.

ഹോസ്റ്റലുകളുടെ അവധിക്കാല പ്രവർത്തനങ്ങളിലും പുതിയ സർക്കുലർ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാലകൾ മധ്യവേനലവധി (ഏപ്രിൽ-മേയ്) പ്രഖ്യാപിക്കുമ്പോൾ കോളേജുകൾക്കൊപ്പം ഹോസ്റ്റലുകൾക്കും അവധിയായിരിക്കും. എന്നാൽ പരീക്ഷകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം, ടൈംടേബിളും ഷെഡ്യൂളും സഹിതം ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങി മാർച്ച് 31-ന് ശേഷമുള്ള ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ. ഈ സന്ദർഭങ്ങളിൽ വാർഡൻമാരുടെയോ ട്യൂട്ടർമാരുടെയോ കാലാവധി നീട്ടുകയോ പുതിയ നിയമനം നടത്തുകയോ ചെയ്യാം. ഹോസ്റ്റലിലെ ക്ലാർക്കുമാർക്ക് മധ്യവേനലവധി ബാധകമല്ല. അവധിക്കാലത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു കുക്ക് എന്ന അനുപാതത്തിൽ (20:1) മാത്രമേ പാചകക്കാരെ അനുവദിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹോസ്റ്റലുകളിൽ അനധികൃതമായി ആളുകൾ തങ്ങുന്നത് കർശനമായി തടയാൻ വാർഡൻമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. അതത് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മാത്രമാണ് ഹോസ്റ്റലുകളിൽ കഴിയുന്നതെന്ന് വാർഡൻമാർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരെയോ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയോ യാതൊരു കാരണവശാലും ഹോസ്റ്റലിൽ താമസിപ്പിക്കാൻ പാടില്ല. അഡ്മിഷൻ എടുത്തവർ, നാട്ടിൽ പോയവർ, നിലവിൽ ഉള്ളവർക്കുള്ള കണക്കുകൾ കൃത്യമായി പരിശോധിച്ച് അനധികൃത താമസക്കാരില്ലെന്ന് ഉറപ്പാക്കണം. അത്തരക്കാരെ കണ്ടെത്തിയാൽ വാർഡൻ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുകയും വേണം. സാധ്യമാകാത്ത പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.