PRAVASI

(കഥ )അതിരുകളറിയാത്ത പക്ഷികൾ

Blog Image

വളരെ ഹൃദയഭാരത്തോടെ നിരഞ്ജൻ മകളുടെ ഫോൺ എടുത്തു.

ഫോൺ എടുത്തതിൽ നന്ദി പപ്പാ.

മോളെയെന്ന വിളി തൊണ്ടയിൽ കുടുങ്ങി.

പപ്പാ.ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ അവൾ വിളിച്ചു..

പപ്പേടെ മുത്തുമണി പറ.അയാളുടെ ശബ്ദം ചിലമ്പിചിതറി.

കരച്ചിലമർത്തിയ അവളുടെ ചിരി എന്തോ അപശബ്ദമായി പുറത്തേക്കുവന്നു..

ഒരിക്കലുമൊന്ന് വിളിക്കാൻ പപ്പയ്ക്ക് തോന്നിയില്ലേ?

ഒന്നുമല്ലേലും ഒരിക്കൽ പപ്പയുടെ ലോകമല്ലായിരുന്നോ ഞാനും അമ്മയും..

അറിയാം പപ്പ പുതിയ ആളിൻ്റെ കൂടെ ബിസി ആണെന്ന്.

നിരഞ്ജൻ ഒരക്ഷരം മിണ്ടിയില്ല. 

ഞാനൊരു കാര്യം ചോദിച്ചോട്ടെ പപ്പാ?
എൻ്റമ്മയിൽ ഇല്ലാത്ത, എൻ്റമ്മ തരാത്ത എന്തായിരുന്നു പപ്പയുടെ പൂർവ്വ കാമുകിയിൽ പപ്പ കണ്ടത്!
എൻ്റമ്മ പ്രാണനോളം സ്നേഹിച്ചില്ലേ പപ്പയെ! 

എൻ്റമ്മ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു പ്രണയിക്കേണ്ട പ്രായത്തിൽ പപ്പയുടെ കൈകളിൽ ഏൽപ്പിച്ചതുകൊണ്ട് പപ്പയായിരുന്നു അമ്മയുടെ ആദ്യത്തേയും അവസാനത്തെയും പ്രണയമെന്ന്.

നിരഞ്ജൻ നിന്നുരുകി..
നിങ്ങളുടെ സ്നേഹം കണ്ട് ഞാൻ അതിശയിച്ചിട്ടിട്ടുണ്ട്..ഒരുപാടൊരുപാട് സന്തോഷിച്ചിട്ടുണ്ട്.
നിരഞ്ജൻ്റെ നിരഞ്ജന.പേരിൽപോലും  ഇഴകിചേർന്നവർ.

പ്രാർത്ഥിച്ചിട്ടുണ്ട് പപ്പാ പപ്പയെപ്പോലെ ഒരാളെ എനിക്കും തരണേയെന്ന്..

പക്ഷേ ഇപ്പോൾ.അവളുടെ വാക്കുകൾ ഗദ്ഗദത്താൽ മുങ്ങിപ്പോയി..

"പപ്പയെ ഞങ്ങളിൽ നിന്നും അകറ്റിയ അവരും ഒരു സ്ത്രീ തന്നെയല്ലേ പപ്പാ.ഒരു പെണ്ണിൻ്റെ മനമറിയുന്നവൾ!"

എന്നോ ഒരുപാട് പ്രണയിച്ചു എന്നതിൻ്റെ പേരിൽ വീണ്ടുമൊന്നു കണ്ടുമുട്ടിയപ്പോഴേക്കും രണ്ടുപേരുടെയും കുടുംബങ്ങളെ മറന്ന്, അവരെ തകർത്തുവാരിയറിഞ്ഞ് ഒന്നിക്കാൻ എങ്ങനെ കഴിഞ്ഞു രണ്ടാൾക്കും!

ആ സ്ത്രീക്കും രണ്ട് പെൺമക്കളല്ലെ!അതുപോലും ചിന്തിക്കാതെ..അദ്ഭുതം തോന്നുന്നു..നിങ്ങളെപ്പോലെ ഉള്ളവർക്കിതെങ്ങനെ സാധിക്കുന്നു?

സമാധാനമായി ഉറങ്ങാൻ സാധിക്കുന്നുണ്ടോ നിങ്ങൾക്കിരുവർക്കും?

വിളിച്ചത് വേറൊന്നിനും അല്ല.
ഇനി പപ്പയുടെ നിഴൽപോലും എൻ്റമ്മയെ കാണിക്കരുത്.എന്നെയും.

എൻ്റമ്മ തളർന്നുപോയി.

ഇടിവെട്ടേറ്റവനെപ്പോലെ നിരഞ്ജൻ സ്തബ്ധനായി.

പപ്പാ കാമുകിയെയും കൊണ്ടു പോയെന്നാൾക്കാർ പറഞ്ഞപ്പോൾ തലതല്ലി ചിരിക്കുകയാണ് അമ്മ ചെയ്തത്.അത്രയ്ക്കും വിശ്വാസമായിരുന്നു പപ്പയെ.പപ്പ അങ്ങനെ ചെയ്യില്ലെന്നായിരംവട്ടം ഉറച്ചു വിശ്വസിച്ചവൾ.
ദിവസേന എത്ര തവണ ഫോൺ ചെയ്തു..ഒരിക്കൽപ്പോലും കോൾ എടുക്കാതിരുന്നപ്പോൾ
പൂർണ്ണ തകർച്ചയോടെ ഉൾക്കൊള്ളാനാവാതെ എൻ്റമ്മയത് ഉൾക്കൊണ്ടു.
സ്വബോധത്തോടെ പിന്നെ ഞാൻ അമ്മയെ കണ്ടിട്ടില്ല.

അറിയാതെപോലും ഇനി നിങ്ങൾ ഞങ്ങളെ ഓർക്കരുത്.
അവൾ ഫോൺ കട്ട് ചെയ്തു.

ഒന്നു മരിച്ചു വീണിരുന്നെങ്കിലെന്നയാൾ ആഗ്രഹിച്ചു.
ഓടിപ്പോയൊന്ന് നിരഞ്ജനയേ വാരിയെടുത്ത് മാറോട് ചേർക്കാനും..

നിരഞ്ജൻ്റെ കാമുകി അയാൾക്കരുകിലേക്ക് ചെന്നു.
എല്ലാം കേട്ട് അവരും തളർന്നു.പതിയെ അയാളുടെ തോളിൽ സാന്ത്വനമെന്നോണം തട്ടി.അവരുടെ കൈ തട്ടിമാറ്റി അയാൾ കൊടുങ്കാറ്റുപോലെ അവിടെനിന്നും ഇറങ്ങിപ്പോയി.

രത്നാ റാണി (യാമിനി)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.