ഭൂമിയെ പരിക്രമണം ചെയ്യുന്നതിനിടയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം ദിശ മാറ്റുന്നതിന്റെ അവിസ്മരണീയമായ ഒരു ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. നിലയത്തിന്റെ ദിശ മാറ്റേണ്ടതിന്റെ ആവശ്യകതയും അത് ചെയ്യുന്ന രീതിയും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
നാസ എൻജിനീയർമാരുടെ സഹായത്തോടെ ഇന്നലെ (സെപ്റ്റംബർ 27) രാത്രി എടുത്ത 5,500 നിശ്ചല ചിത്രങ്ങൾ ഒപ്പിയെടുത്താണ് ഈ മനോഹരമായ ദൃശ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ ഘടനയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും, കാഴ്ചക്കാർക്ക് ഭൂമിയുടെ ചലനത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി ഫ്രെയിം റേറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രാഗൺ വിൻഡോയിലൂടെ സ്റ്റേഷന്റെ ഈ ചലനം കാണുമ്പോൾ അത് ബഹിരാകാശത്ത് ജിംനാസ്റ്റിക്സ് കളിക്കുന്നതുപോലെയാണെന്ന് അനിൽ മേനോൻ വിശേഷിപ്പിക്കുന്നു.
അനിൽ മേനോൻ പങ്കുവെച്ച ഈ വിസ്മയകരമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. നമ്മുടെ ഗ്രഹത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബഹിരാകാശത്ത് ബാലെ നൃത്തം ചെയ്യുന്നതുപോലെയാണ് നിലയം തോന്നിക്കുന്നതെന്നും ഭൂമിയുടെ സൗന്ദര്യം ഒരിക്കൽ കൂടി മനസ്സിലാക്കി തന്നുവെന്നും തുടങ്ങി നിരവധി പേരാണ് ഈ ദൗത്യത്തെയും വീഡിയോയെയും പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്.

