സിനിമയിലേക്ക് ചുവടുവെക്കുന്ന മകൾ വിസ്മയ മോഹൻലാലിനെക്കുറിച്ച് മോഹൻലാൽ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മകൾ എന്നതിലുപരി ഒരു നടി എന്ന നിലയിൽ വിസ്മയ സ്വയം തെളിയിക്കേണ്ടതുണ്ടെന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് വരുന്നത്.
തന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും സിനിമയിൽ കഴിവ് തെളിയിക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണെന്നും മോഹൻലാൽ പറഞ്ഞു. മാർഷൽ ആർട്സിൽ പരിശീലനം നേടിയിട്ടുള്ള വിസ്മയയുടെ താൽപ്പര്യപ്രകാരമാണ് ഈ സിനിമ സംഭവിക്കുന്നത്. മകൻ പ്രണവ് മോഹൻലാലിന്റെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സിനിമ ചെയ്യാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്ന ആളാണ് അപ്പു എന്നും, വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്യാനാണ് അവന് താൽപ്പര്യമെന്നും മോഹൻലാൽ പറഞ്ഞു. ജനിച്ചത് മുതൽ സിനിമ കണ്ടു വളർന്നവരാണ് തന്റെ മക്കൾ. തന്റെ ഭാര്യ സുചിത്രയും വലിയൊരു സിനിമാ കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ അവർക്ക് സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ‘തുടക്കം’ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിസ്മയ മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ‘എമ്പുരാൻ’ എന്ന ചിത്രത്തിൽ ആശിഷ് ചെറിയൊരു വേഷം ചെയ്തിരുന്നു. ചിത്രം ഓഗസ്റ്റ് 07-ന് തിയേറ്ററുകളിൽ എത്തും

