മണ്ടത്തരങ്ങൾ കാണിക്കുന്നതിൽ ഉമ്മൻചാണ്ടി ഒരു ഒന്നാന്തരം പിശുക്കനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം കാണിച്ച ഏക മണ്ടത്തരം താൻ നേതൃത്വം കൊടുത്ത യുഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തിക്കൊണ്ട് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ പ്രതിപക്ഷ നേതൃത്വസ്ഥാനം രമേശ് ചെന്നിത്തിലേക്ക് കൈമാറി എന്നുള്ളതാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായം തന്റെ ഭാഗത്തുനിന്ന് കൂടുതൽ എംഎൽഎമാർ വിജയിച്ചു വന്നില്ല. ജയിച്ച എംഎൽഎമാർ ഭൂരിപക്ഷവും ഐ ഗ്രൂപ്പിൽ പെട്ടവരാണ്. So രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആകട്ടെ.
അഞ്ചുവർഷം യുഡിഎഫ് ഭരിച്ചാൽ അടുത്ത അഞ്ചുവർഷം എൽഡിഎഫ് പിന്നെ വീണ്ടും യുഡിഎഫ് അതാണല്ലോ കേരളചരിതം. കുഞ്ഞാലിക്കുട്ടിക്കും കെഎം മാണിക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. ഇത് എൽഡിഎഫിന്റെ അവസരം അഞ്ചുവർഷം കഴിഞ്ഞ് നമുക്ക് വീണ്ടും അവസരം. അപ്പോൾ വീണ്ടും നമ്മുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ.
അഞ്ചുവർഷത്തെ റിലാക്സേഷനു ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി തന്റെ പക്ഷത്ത് പരമാവധി എംഎൽഎമാരെ സൃഷ്ടിക്കും. ഭരണം കിട്ടുമ്പോൾ സ്വാഭാവികമായും രമേശ് ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനം ക്ലെയിം ചെയ്യും അപ്പോൾ ഉമ്മൻചാണ്ടി പറയും തലയെണ്ണിക്കോ!!! തല എണ്ണൽ തിയറിപ്രകാരമാണ് ഞാൻ രമേശിന് പ്രതിപക്ഷ നേതൃസ്ഥാനം കൊടുത്തത് അതും നിങ്ങളാരും ആവശ്യപ്പെടാതെ. മുഖ്യമന്ത്രി സ്ഥാനത്തിനും ആ തിയറി തന്നെ അപ്ലൈ ചെയ്യണം. ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയുടെ മുന്നിൽ തോറ്റുപോകും. ഹൈക്കമാന്റിന്റെ നിരീക്ഷകയായി സാക്ഷാൽ മുഹ്സിന കിദ്വായ്ജി വന്നാൽ പോലും തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങി ഒന്ന് മൂത്രമൊഴിക്കാൻ പോലും കിദ്വായ്ജിയെ കുഞ്ഞൂഞ്ഞ് സമ്മതിക്കില്ല ഒപ്പം കുഞ്ഞാലിയും കുഞ്ഞുമാണിയും,വന്ന വിമാനം റൺവേയിൽ യു ടേൺ എടുപ്പിച്ച് ഡൽഹിക്ക് പറപ്പിക്കും. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. പക്ഷേ എല്ലാം മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെയായി. എല്ലാവരും പിണറായി വിജയനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു ഒപ്പം കേരളീയ ജനതയുടെ പരമ്പരാഗതമായ തനത് കൃഷിരീതിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നത് യുഡിഎഫ് അറിഞ്ഞില്ല, അറിഞ്ഞില്ല എന്ന് പറയുന്നതിനേക്കാൾ ഉചിതം അറിയാൻ ശ്രമിച്ചില്ല എന്നതാണ്. അഞ്ചുവർഷം റിലാക്സേഷൻ ടൈം അല്ലേ സുഖനിദ്രയിൽ ആയിരുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നു. ഇതിനിടയിൽ കെഎം മാണി പോയി. കുഞ്ഞാലിക്കുട്ടി ഡൽഹി തിരുവനന്തപുരം മിഡിൽ ഈസ്റ്റ് മലപ്പുറം വന്നും പോയിം ഇരുന്നു എവിടെയാ ബിരിയാണി എന്നറിയില്ലല്ലോ. ദൗർഭാഗ്യവശാൽ ഉമ്മൻചാണ്ടി സാർ പതിയെ രോഗത്തിന്റെ പിടിയിൽ അമർന്നു.
ഹൈക്കമാൻഡ് എല്ലാകാലത്തും പാന്റ് ഇട്ടതിനുശേഷം അണ്ടർവെയർ എവിടെ എന്ന് തപ്പുന്ന കൂട്ടത്തിലാണ്. ഒരുകാലത്ത് ഇത് കുറഞ്ഞപക്ഷം കേരളത്തിൽ എങ്കിലും അരുത് എന്ന് പറയാൻ കെ കരുണാകരൻ എ കെ ആന്റണി ഉമ്മൻചാണ്ടി വയലാർ രവി എന്നിവർ ഉണ്ടായിരുന്നു. കരുണാകരൻ കാലിയവനികയിൽ മറഞ്ഞപ്പോൾ മറ്റുള്ളവർ മൗനവാൽമീകത്തിൽ ഒളിച്ചു.
രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കമാന്റിന്റെ ജൻസി വിപ്ലവം മൂന്ന് അധികാര കേന്ദ്രങ്ങളെ സൃഷ്ടിച്ചു. രമേശ് ചെന്നിത്തല വീഡി സതീശൻ കെസി വേണുഗോപാൽ. ഈ മൂന്നുപേരും ഒപ്പം കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ശശി തരൂർ എംപിയും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ റെഡിയാ. മുഖ്യമന്ത്രി സ്ഥാനം തന്നാൽ സ്വീകരിക്കാൻ അടൂർ പ്രകാശിനും മടിയില്ല അതിനുവേണ്ടി അലമ്പ് ഉണ്ടാക്കാൻ ഒന്നുമില്ല എന്നേയുള്ളൂ.
ആരോഗ്യപ്രശ്നങ്ങളാൽ കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റി. അദ്ദേഹം അത് ഒട്ടും പ്രതീക്ഷിച്ചില്ല ഷോക്കായി പോയി.
കെപിസിസി പുനസംഘടന നടക്കുന്ന വിവരം ആരോ ചെന്ന് സീറോ മലബാർ മെത്രാന്മാരെ അറിയിച്ചു സത്യത്തിൽ അവരാവിവരം ഒന്നും അറിഞ്ഞതല്ല
മൃഷ്ടാന്തഭോജനവും തൊണ്ണക്കുഴി നിറയുന്നത് വരെ സേവയും കഴിഞ്ഞ് കൂർക്കം വലിച്ച് ഉറങ്ങുന്ന സീറോ മെത്രാന്മാരെ കാപ്പി കമ്പുകൊണ്ട് ആസനത്തിൽ കുത്തിയാ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് വിവരം അറിയിച്ചത്.
കേട്ടപാതി കേൾക്കാത്ത പാതി കിട്ടിയ തുണിയും കോണകവും വാരിചുറ്റി സീറോ മെത്രാൻമാർ ഡൽഹിക്ക് പറന്നു. അടുത്ത കെപിസിസി പ്രസിഡണ്ട് സീറോയിൽ നിന്നായിരിക്കണം ആന്റോ ആന്റണിയുടെ പേരും നിർദ്ദേശിച്ചു. 67 വയസ്സുള്ള ആന്റോ ആന്റണിയുടെ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായ അദ്ദേഹത്തിന്റെ സ്നേഹസമ്പന്നരായ കോട്ടയത്തെയും പത്തനംതിട്ടയിലെയും സഹപ്രവർത്തകർ വല്ലാതെ വറീഡ് ആയി ഈ വാർത്ത കേട്ടപ്പോൾ. ഒരു എംപി എന്ന നിലയിൽ ദില്ലിയിലെ ചുമതലകൾ നിറവേറ്റണം പിന്നെ കേരളത്തിൽ കെപിസിസിയുടെ ചുമതല.... സഹപ്രവർത്തകരുടെ ആന്റോയെ കുറിച്ചുള്ള ആരോഗ്യ ആശങ്ക ജനുവിൻ ആയിരുന്നു.
അങ്ങനെ എല്ലാവരും കൂടി ആലോചിച്ച്
67 കാരനായ ആന്റോ ആന്റണി എംപി ക്ക് ആവശ്യത്തിൽ കൂടുതൽ വർക്ക് ലോഡ് കൊടുക്കുന്ന പദ്ധതി ഉപേക്ഷിച്ച്
73 കാരനായ സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി പ്രസിഡന്റ് ആക്കി. അദ്ദേഹം നല്ല നിലയിൽ കാര്യങ്ങൾ ചെയ്തു വരുന്നു.
സത്യത്തിൽ കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ അടൂർ പ്രകാശിനെ ആയിരുന്നു കെപിസിസി പ്രസിഡന്റ് ആക്കേണ്ടിയിരുന്നത്. ജാതി മത സമവാക്യങ്ങൾ അട്ടിമറിക്കപ്പെടുന്നില്ല. സണ്ണി വക്കീലിനെ യുഡിഎഫ് കൺവീനർ ആക്കാമായിരുന്നു സീറോ മലബാറിന് ആ കഞ്ഞിയും പയറും കൊടുത്താൽ മതിയായിരുന്നു.
അടൂർ പ്രകാശ് പരാജയം അറിയാത്ത നേതാവാണ്. എംഎൽഎയായി മത്സരിച്ചപ്പോൾ എല്ലാ തവണയും ജയം. ആറ്റിങ്ങലിൽ പോയി എ സമ്പത്തിനെ അട്ടിമറിച്ച് എംപിയായി, പിന്നീട് വിജയം ആവർത്തിച്ചു. ഒരു രാഷ്ട്രീയക്കാരന് വേണ്ട എല്ലാ കുശാഗ്ര ബുദ്ധിയും ഡിപ്ലോമസിയും അതിന്റെ എല്ലാ ചേരുവകകളോടും കൂടി കൃത്യമായ അളവിൽ അദ്ദേഹത്തിൽ ഉണ്ട്.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ആദ്യം കെപിസിസി പ്രസിഡന്റ് സണ്ണി വക്കീലിന്റെ നിലപാട് "ഒഴുക്കത്ത് കുത്തിയ കഴിക്കോലു പോലെ"
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ആദ്യ നിലപാട് "അത്ര പൂവനുമല്ല അത്ര പിടയുമല്ല "
പാവം മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉണ്ടായിരുന്നു നിലപാട്
" അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും"
രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി, പാർട്ടി പുറത്താക്കി. അടൂർ പ്രകാശ് ആദ്യ വെടി പൊട്ടിച്ചു " പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കയ്യിൽ വച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല"
ഷാഫി പറമ്പിൽ കെ സി
വേണുഗോപാലിനിട്ട് കെട്ടിയ കെട്ട് രാഹുൽ ഗാന്ധി പൊട്ടിക്കാൻ അടൂർ പ്രകാശ് കാത്തിരിക്കുകയായിരുന്നു. കെട്ടുപൊട്ടി എന്നറിഞ്ഞപ്പോൾ അടൂർ പ്രകാശ് അച്ചടി ഭാഷയിൽ അക്ഷരസ്ഫുടതയോടെ ക്രിസ്റ്റൽ ക്ലിയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞത്. അടൂർ പ്രകാശിന് കാര്യങ്ങളെല്ലാം നന്നായി അറിയാം. കാട്ടുപോത്തിനിട്ട് ഉന്നം വെക്കുമ്പോൾ ചെവി കൂറയ്ക്കിട്ട് വെക്കണം... തറിയിൽ വീണ പോത്തിനിട്ട് ഒന്നുടെ പൊട്ടിച്ചിട്ടേ അടുക്കാവൂ....
...... …......... …... …...... ..............................
കോൺഗ്രസിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും കോൺഗ്രസ് കാര്യങ്ങൾ മനസ്സിലാക്കും എന്ന് കരുതാം.
എല്ലാവരും മുഖ്യമന്ത്രിയാകാൻ താറും വാച്ചി നിൽക്കുകയാ. ഭരണം കിട്ടിയാലല്ലേ മുഖ്യമന്ത്രിയാകാൻ പറ്റൂ അതെങ്ങനെ കിട്ടും. പിണറായി വിജയൻ മേലാസകലം എണ്ണ പുരട്ടി ലങ്കോട്ടി കെട്ടി ഗോദയിൽ ഇറങ്ങി വാമപ്പ് ചെയ്തുകൊണ്ടിരിക്കുകയാ. കെസി, വീഡി, രമേശ്, നിങ്ങൾ മൂന്നുപേരും മാത്രമല്ല വേണമെങ്കിൽ ആ തിരുവഞ്ചൂരിനെയും കൂടെ കൂട്ടിക്കോ നിങ്ങൾ നാലെണ്ണവും ആയിട്ട് ഞാൻ ഒറ്റയ്ക്ക് പിടുത്തം വെക്കാൻ റെഡിയാ... അതാ മൂപ്പരുടെ നിലപാട്. ആദ്യം പറഞ്ഞതുപോലെ yield മോശമായതുകൊണ്ട് കേരളീയരും കൃഷി രീതി മാറ്റി. നിങ്ങൾ ആരെങ്കിലും മലയാളിക്ക് Better yield ഓഫർ ചെയ്താൽ അവരത് വിശ്വസിക്കുമോ?
പിണറായി ആയിട്ട് മുട്ടാൻ പിണറായിക്കൊപ്പം തലക്കനമുള്ളവൻ വരണം. അതിപ്പോൾ കോൺഗ്രസിൽ ശശി തരൂരിന് മാത്രമേയുള്ളൂ. പക്ഷേ ശശി തരൂർ കോൺഗ്രസിന് അയോഗ്യൻ ആണല്ലോ. അദ്ദേഹം നിരന്തരം അച്ചടക്ക ലംഘനം നടത്തുന്നു. അദ്ദേഹത്തേക്കാൾ അച്ചടക്ക ലംഘനം നടത്തിയവർ കേരളത്തിൽ കോൺഗ്രസിൽ എംഎൽഎമാരായി തുടരുന്നു. ശശി തരൂർ പലപ്പോഴും നരേന്ദ്രമോദിയെ പുകഴ്ത്തുന്നു. ശശിതരൂർ നരേന്ദ്രമോദിയെ മാത്രമല്ല പിണറായി വിജയനെയും പുകഴ്ത്താറുണ്ട് നല്ലത് ചെയ്യുമ്പോൾ.
ശശി തരൂർ കോൺഗ്രസുകാരൻ അല്ല ബിജെപി കാരനും അല്ല കമ്മ്യൂണിസ്റ്റുകാരനും അല്ല. അദ്ദേഹം ഒരു പ്രൊഫഷണൽ ആണ് മൻമോഹൻ സിംഗിനെ പോലെ പ്രൊഡക്ടിവിറ്റിയും പൊട്ടൻഷ്യലിറ്റിയും ഉള്ള ഒരു പ്രൊഫഷണൽ. മൻമോഹൻസിങ്ങും ശശി തരൂരും ഇൻവെസ്റ്റ്മെന്റിലും റിട്ടേണിലും വിശ്വസിക്കുന്നു.മൻമോഹൻ സിംഗ് കോൺഗ്രസുകാരൻ ആയിരുന്നില്ല.
ശശി തരൂരിന്റെ അത്രയും IQ ഉള്ള ഒരാൾ ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ ഇല്ല. നരേന്ദ്രമോദി ലോകത്ത് എവിടെ പോയാലും അദ്ദേഹത്തെ ആളുകൾ തിരിച്ചറിയും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. നരേന്ദ്രമോദി കഴിഞ്ഞ് രണ്ടാമത് ഒരു ഇന്ത്യക്കാരൻ ഈ സവിശേഷതകൾ എല്ലാം പൊസസ് ചെയ്യുന്നുണ്ടെങ്കിൽ അത് ശശി തരൂർ ആണ്.
Hey boss you can trustly invest on me i will surely bring back the result,,,trust me..
Yes my boy,, green flag go ahead and shoot
ഇത്രയേ ഉള്ളൂ ശശിതരൂർ ഇത്രയും മതി
ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ മെസ്സിയാണ്. ഇന്ന ക്ലബ്ബിന് വേണ്ടി കളിക്കണമെന്ന് മെസ്സിക്ക് ഒരു നിർബന്ധവുമില്ല. ആര് കൂടുതൽ അവസരങ്ങൾ തരുമോ അവർക്കുവേണ്ടി കളിക്കും. 69 വയസ്സുകാരനായ ശശി തരൂരിനോട് കോൺഗ്രസ് പറഞ്ഞിരിക്കുന്നത് 15 വർഷം സൈഡ് ബെഞ്ചിൽ ഇരുന്നോളാനാണ് പിന്നെ സമയം കിട്ടുമ്പോൾ എല്ലാം മറ്റുള്ളവർ ചെയ്യുന്നതുപോലെ നരേന്ദ്രമോദിയെയും അമിത്ഷായെയും നോക്കി മുണ്ടു പൊക്കി കാണിക്ക്,, കേരളത്തിൽ വരുമ്പോൾ പിണറായി വിജയനെയും. കൂർത്തയും പൈജാമയും ധരിക്കുന്ന അങ്ങേർക്ക് അത് ബുദ്ധിമുട്ടില്ലേ ആള് ചെയ്യില്ല.
ശശി തരൂർ തന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. വെടി പൊട്ടിച്ചു കഴിഞ്ഞു. "കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ആദ്യമേ പ്രഖ്യാപിക്കണം"
കോൺഗ്രസിന്റെ പൂർവ്വകാല ചരിത്രം വെച്ചുനോക്കുമ്പോൾ ശശി തരൂരിന് യാതൊരു സാധ്യതയും കാണുന്നില്ല. കോൺഗ്രസിന്റെ പാരമ്പര്യം അനുസരിച്ച്
" ഒതുക്കത്തിൽ ചാക്കോ ചേട്ടാ ചക്കരക്കുടത്തിൽ കയ്യിട്ടുനക്കാം " ഈ പോളിസിയെ പിന്തുടരൂ
ശശിതരൂര് കോൺഗ്രസ് ഓഫീസിൽ നിന്ന് ഇറങ്ങി അടുത്ത ഓട്ടോറിക്ഷയിൽ കയറി ബിജെപി ഓഫീസിൽ ചെല്ലും നരേന്ദ്രമോദി കാവി ഷാൾ ഇട്ട് സ്വീകരിക്കും കൊടുക്കാൻ പറ്റുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ സ്ഥാനം മോദി തരൂരിന് കൊടുക്കും 2031 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ട് അവതരിപ്പിക്കും.
കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കാര്യമാണ് വളരെ കഷ്ടം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബസ്സിന്റെ ഡ്രൈവറെ മാറ്റണം അല്ലെങ്കിൽ ബസ് അപകടം കൂടാതെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ എത്തില്ല എന്ന് പറയാനുള്ള തന്റേടം അദ്ദേഹം കാണിക്കുമോ?ശശി തരൂരിനെ ഡ്രൈവറാക്കിയില്ലെങ്കിൽ ഞാനും എന്റെ പിള്ളേരും അടുത്ത സ്റ്റോപ്പിൽ ഇറങ്ങുമെന്ന് അദ്ദേഹം പറയൂമോ?
ഇനി അദ്ദേഹവും പിള്ളേരും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പുറകെ വരുന്ന ബസ്സിന് കൈ കാണിച്ചാൽ അത് നിർത്തുമോ? അഥവാ നിർത്തി കേറിയാൽ തന്നെ ഇരിക്കാൻ സീറ്റ് കിട്ടുമോ? കമ്പിയേൽ പിടിച്ചോണ്ട് നിൽക്കേണ്ടിവരും
രാശിപ്രകാരം കുഞ്ഞാലിക്കുട്ടിക്ക് ശുക്രദശയാണെങ്കിലും അടുത്ത 10 വർഷത്തേക്ക് ചന്ദ്രന്റെ മൗഢ്യം നന്നായി കാണുന്നു. പരിഹാരക്രിയ ഉണ്ട്. ഇപ്പോൾ ഇരിക്കുന്ന ബസ്സിലെ ഡ്രൈവറെ മാറ്റുക. ബസ് മാറാൻ ശ്രമിക്കേണ്ട മേൽപ്പറഞ്ഞ പോലെ കമ്പിയേൽ പിടിക്കേണ്ടി വരും.

