ശബരിമലയിൽ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ അത് ആറൻമുളയിൽ ഉണ്ടാകുമെന്നും, തിരുവാഭരണം കമ്മീഷണർ നൽകുന്ന വിവരമനുസരിച്ച് അത് അവിടെയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം വിശദീകരിക്കുന്നതിനായി തിരുവാഭരണം കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടപ്പെട്ടെന്ന് ആശങ്ക പരന്ന സ്വർണക്കിരീടം സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ വിശദീകരണം നൽകിയിരുന്നു. ഇത് സംബന്ധിച്ച് തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. എങ്കിലും മറ്റ് ചില വസ്തുക്കളുടെ കണക്കുകളുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, അതിനായുള്ള പരിശോധനകൾ തുടരുമെന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012-ൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, നിലവിൽ കിരീടം സുരക്ഷിതമാണെന്നാണ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.

