ഹുസ്റ്റൻ: ഈസ്റ്റർ ഞായർ മുതൽ പെന്തകൊസ്തു ഞായർ വരെയുള്ള 50 ദിവസം ഹുസ്റ്റൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട തീവ്ര സുവിശേഷീകരണ പരിപാടി സമാപിച്ചു. റിവൈവ് ഹുസ്റ്റൻ 2025 എന്ന പേരിൽ നടത്തപ്പെട്ട പരിപാടിയിൽ 150 ഓളം സന്നദ്ധ സുവിശേഷ പ്രവർത്തകർ പങ്കെടുത്തു. 55,000 ത്തോളം ഭവനങ്ങളിൽ സുവിശേഷ പ്രതികൾ എത്തിച്ചു. ബൈബിൾ വാക്യങ്ങൾ ആലേഖനം ചെയ്ത പ്രത്യേക വാഹനം ഇതിനായി സജ്ജീകരിച്ചിരുന്നു. പാർക്കുകളിലും മാർക്കറ്റുകളിലും സുവിശേഷ പ്രതികൾ വിതരണം ചെയ്യുകയും സൈൻ ബോർഡുകൾ ഉയർത്തിപ്പിടിച്ച് വോളണ്ടിയേഴ്സ് മാർച്ച് ചെയ്യുകയും ചെയ്തു. ഡാളസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടൈം ടു റിവൈവ് എന്ന സംഘടനയാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ഇന്റർനാഷണൽ ബൈബിൾ ചർച്ച്, ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച് എന്നിവിടങ്ങളിൽ നടന്ന പരിശീലന ക്ലാസുകളിൽ 350ഓളം പേർ പരിശീലനം നേടി. ജൂൺ ഏഴിന് നടന്ന സമാപന സമ്മേളനത്തിൽ ഡോ നെയ്തൻ റോസ്,ഡോ ടി സി തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ബെഥേൽ സാമുവൽ പാസ്റ്റർ ജോൺ കുര്യൻ, ഡോ ടി സി തോമസ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മറ്റ് പ്രധാന സിറ്റികളിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.




