തിരുവനന്തപുരം: അച്ഛനമ്മമാരുടെ വേർപാടിൽ അനാഥയായ പതിനാറുകുകാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് കോവളത്തെ സ്പായിൽ വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ പൂവാർ സ്വദേശിയായ ഒരാളെയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ ബന്ധുക്കൾ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സംരക്ഷണ ചുമതല ഇവർക്കായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈയിൽ ഇരുപത് വയസ്സ് പ്രായം കാണിക്കുന്ന വ്യാജ ആധാർ കാർഡ് നൽകിയാണ് സ്പായിൽ എത്തിച്ചത്. ജൂലൈ മുതൽ വിവിധ സ്പായിൽ ജോലി ചെയ്യിപ്പിച്ചുവരികയായിരുന്ന കുട്ടി, അവിടെയുള്ള ഒരു യുവാവുമായി പ്രണയത്തിലാവുകയും സ്ഥാപനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്.
പെൺകുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് പോലീസ് നൽകുന്ന വിവരം. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിച്ചു.

