₹10 ലക്ഷം കാഷ് പ്രൈസുകൾ; ₹1 ലക്ഷം ഗ്രാൻഡ് പ്രൈസ്; സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും; വേൾഡ് മലയാളി ഫെഡറേഷൻറ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം; ഇത്തവണ മുതൽ സബ് ജൂനിയർ വിഭാഗവും
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)- ൻറ്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 15-ന് ആരംഭിച്ചു. ഡിസംബർ 15 വരെ നീളുന്ന ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷനോടൊപ്പം മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം.
മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും നൽകി അവരുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കിയ ശേഷമാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലായിൽ നടക്കുന്ന ഓൺ-സ്റ്റേജ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുക. സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ പൂർണമായും ഓൺലൈനായിരിക്കും. ഒരു വർഷത്തോളം നീളുന്ന പരിശീലന–മത്സര പരമ്പരയായാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്.
സീസൺ 4-ൻറ്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഓർമ്മ ഇന്റർനാഷണലും വേൾഡ് മലയാളി ഫെഡറേഷനും (WMF) കൈകോർക്കുന്ന വിപുലമായ ആഗോള സഹകരണമാണ്. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ അവസരങ്ങളും സൗജന്യ പരിശീലനവും ഈ വർഷത്തെ സാമൂഹിക സന്ദേശവും എത്തിക്കുകയാണ് ഈ സഹകരണത്തിൻറ്റെ പ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മലയാളി യുവതലമുറയെ ഒരേ പരിശീലന–മത്സര വേദിയിൽ ബന്ധിപ്പിക്കുന്ന ആഗോള സംരംഭമായി സീസൺ 4-നെ കൂടുതൽ വിപുലപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.
‘ഓപ്പറേഷൻ തൂഫാൻ’-ന് പിന്തുണ; ഇത്തവണ പ്രസംഗവേദി ലഹരിക്കെതിരെ: യുവതലമുറയെ ബാധിക്കുന്ന ലഹരിവിപത്തിനെതിരെ ശക്തമായ സാമൂഹിക സന്ദേശം ഉയർത്തിക്കൊണ്ടാണ് ഓർമ്മ സീസൺ 4 സംഘടിപ്പിക്കുന്നത്. കേരള സർക്കാരിൻറ്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ നൽകിക്കൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണമാണ് ഈ വർഷത്തെ മത്സരത്തിൻറ്റെ മുഖ്യ സാമൂഹിക ദൗത്യം. ലഹരിക്കെതിരെയുള്ള സന്ദേശം ഒരു മത്സരവിഷയത്തിൽ മാത്രം ഒതുക്കാതെ, വിദ്യാർത്ഥികളുടെ ശബ്ദത്തിലൂടെ കുടുംബങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.
സീസൺ 4-ൻറ്റെ ലഹരിവിരുദ്ധ ദൗത്യത്തിനും യുവജന ശാക്തീകരണ ലക്ഷ്യത്തിനും ദേശീയ–സംസ്ഥാന തലങ്ങളിലെ പ്രമുഖരിൽനിന്ന് ശക്തമായ പിന്തുണയും ആശംസയും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പേരിൽ ആരംഭിച്ച സീസൺ 4 പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി ശ്രീ. റോജി എം. ജോൺ, ജലവിഭവവകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ് എന്നിവരും വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ പ്രകാശനം നിർവഹിച്ചും സന്ദേശങ്ങൾ നൽകിയും സംരംഭത്തിന് പിന്തുണയും ആശംസയും അറിയിച്ചു.
ലോകപ്രശസ്ത പ്രഭാഷകനും പാർലമെന്റേറിയനും എഴുത്തുകാരനുമായ ഡോ. ശശി തരൂർ ഒന്നാം സീസൺ മുതൽ ഓർമ്മയുടെ ഈ സംരംഭത്തെ പ്രത്യേക സന്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവരികയാണ്. സീസൺ 4-ലും പ്രത്യേക സന്ദേശത്തിലൂടെ തൻറ്റെ ശക്തമായ പിന്തുണയും ആശംസയും അറിയിച്ച അദ്ദേഹം, യുവജനങ്ങളുടെ പ്രസംഗ–ആശയവിനിമയ കഴിവുകൾ വളർത്താനുള്ള ഓർമ്മയുടെ ശ്രമത്തോടുള്ള തുടർച്ചയായ പിന്തുണ വീണ്ടും ഉറപ്പിച്ചു.
ഈ ലഹരിവിരുദ്ധ ദൗത്യത്തെ കേന്ദ്രീകരിച്ചാണ് ആദ്യ റൗണ്ടിലെ വിഷയങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ വിഷയം “Choose Dreams, Choose Life, Say No to Drugs” എന്നതും മലയാളം വിഭാഗത്തിലെ വിഷയം “സ്വപ്നങ്ങൾ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിൻറ്റെ ലഹരി ഉപേക്ഷിക്കാം” എന്നതുമാണ്. മത്സരാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഭാഷയിലെ വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോയാണ് ഗൂഗിൾ ഫോമിലൂടെ ആദ്യ റൗണ്ടിലേക്ക് സമർപ്പിക്കേണ്ടത്.
സീസൺ 4-ൽ ആദ്യമായി സബ് ജൂനിയർ വിഭാഗം ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന പുതുമ. നിലവിൽ പഠിക്കുന്ന ഗ്രേഡ് അടിസ്ഥാനമാക്കി 4 മുതൽ 6 വരെ ഗ്രേഡുകളിലുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും, 7 മുതൽ 10 വരെ ഗ്രേഡുകളിലുള്ളവർ ജൂനിയർ വിഭാഗത്തിലും, 11-ാം ഗ്രേഡ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ള വർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും മത്സരിക്കാം.
സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മുഴുവൻ മത്സരങ്ങളും ഓൺലൈനായിരിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരിൽനിന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തി പാലായിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും.
വിജയികളെ മാത്രം കണ്ടെത്തുന്ന ഒരു സാധാരണ പ്രസംഗമത്സരം എന്നതിലുപരി, മത്സരാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി മികച്ച ആശയവിനിമയശേഷിയുള്ള യുവതലമുറയെ വളർത്തുക എന്നതാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതലുള്ള പ്രധാന സവിശേഷത. ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസിൻറ്റെ നേതൃത്വത്തിലാണ് സീസൺ 4-ന്റെ മത്സര–പരിശീലന പദ്ധതികൾ ഏകോപിപ്പിക്കുന്നത്.
ഒരു വേദിയിൽ കയറി മികച്ച പ്രസംഗം നടത്താൻ കുട്ടികളെ പരിശീലിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിൻറ്റെ ലക്ഷ്യം. അവർ എവിടെ ജീവിച്ചാലും, ഏതു തൊഴിൽമേഖല തിരഞ്ഞെടുത്താലും, സ്വന്തം അറിവും ആശയങ്ങളും വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരായി അവരെ വളർത്തുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പരിശീലനത്തിനു പിന്നിലുള്ളത്.
മത്സരത്തോടൊപ്പം ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്ററിംഗും നൽകുന്ന പരിശീലനാധിഷ്ഠിത മാതൃകയാണ് ഓർമ്മയുടെ ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. രജിസ്ട്രേഷൻ ഫീസില്ല; പരിശീലനവും മെന്ററിംഗും സൗജന്യമാണ്. പ്രസംഗത്തിൻറ്റെ ഉള്ളടക്കവും ഘടനയും, ഭാഷാപാടവം, ആശയവിനിമയശേഷി, ശബ്ദനിയന്ത്രണം, അവതരണ മികവ്, ശരീരഭാഷ, ആത്മവിശ്വാസം, സ്റ്റേജ് പ്രസൻസ്, ചിന്താശേഷി, നേതൃത്വഗുണങ്ങൾ തുടങ്ങിയ മേഖലകളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്. സിനർജി കൺസൾട്ടൻസിയിലെ ഡോ.ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ പ്രസംഗപരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ മെന്റർമാരായി മത്സരാർത്ഥികളുടെ തുടർവളർച്ചയ്ക്കും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകുന്നു.
മലയാളികൾ ഇന്ന് ലോകത്തിൻറ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. കേരളത്തിലെ പുതിയ തലമുറയും പഠനത്തിനും തൊഴിലിനും ജീവിതത്തിനുമായി കൂടുതൽ ആഗോള അവസരങ്ങളിലേക്കാണ് മുന്നേറുന്നത്. അറിവും വിദ്യാഭ്യാസവും സാങ്കേതിക–തൊഴിൽ വൈദഗ്ധ്യവും അവർക്കുള്ള വലിയ ശക്തികളാണ്. അതോടൊപ്പം, തങ്ങൾക്കുള്ള അറിവും ആശയങ്ങളും മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാനുള്ള സംസാര–ആശയവിനിമയ ശേഷി കൂടി പരിശീലനത്തിലൂടെ മൂർച്ചപ്പെടുത്താനായാൽ, ഏതു രാജ്യത്തും ഏതു തൊഴിൽമേഖലയിലും അവരുടെ ഭാവിക്ക് അത് വലിയൊരു മുതൽക്കൂട്ടാകും. അതുകൊണ്ടുതന്നെ പ്രസംഗപരിശീലനത്തെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പായി മാത്രമല്ല, ജീവിതത്തിനും കരിയറിനും നേതൃത്വത്തിനുമുള്ള പരിശീലനമായാണ് ഓർമ്മ കാണുന്നത്. യുവതലമുറയുടെ ഭാവിയെ ഗൗരവത്തോടെ കാണുന്ന മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ട യുവജന ശാക്തീകരണ സംരംഭം കൂടിയാണിത്.
സീസൺ 4-ൽ വിവിധ വിഭാഗങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് ആകെ ₹10 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ്. സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭയ്ക്ക് നൽകുന്ന ‘ORMA Orator of the Year 2026’ ഗ്രാൻഡ് പ്രൈസായി അറ്റോർണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ₹1,00,000 കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹50,000 വീതമാണ്. ഓരോ ഭാഷയിലും ₹30,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹20,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹10,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹5,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹25,000 വീതമാണ്. ഓരോ ഭാഷയിലും ₹15,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹10,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹5,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹3,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
പുതുതായി ആരംഭിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും, ഒന്നാം സമ്മാനം ₹15,000, രണ്ടാം സമ്മാനം ₹10,000, മൂന്നാം സമ്മാനം ₹5,000 എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ ₹2,000 വീതമുള്ള അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും നൽകും. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1,160 പേരും പങ്കെടുത്ത ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം മൂന്നാം സീസണോടെ 1,680 പേരോടെ കൂടുതൽ വിപുലമായ ആഗോള വിദ്യാർത്ഥി പങ്കാളിത്തത്തിലേക്ക് വളർന്നു. ആദ്യ മൂന്ന് സീസണുകളിലായി 3,500-ത്തിലധികം വിദ്യാർത്ഥികൾ ഓർമ്മയുടെ അന്താരാഷ്ട്ര പ്രസംഗവേദിയുടെ ഭാഗമായി.
ഓൺലൈൻ മത്സരങ്ങൾ, പരിശീലന സെഷനുകൾ, അസൈൻമെൻറ്റെകൾ, വ്യക്തിഗത ഫീഡ്ബാക്ക്, വിവിധ റൗണ്ടുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ പടിപടിയായി വളർത്തുന്ന രീതിയാണ് മുൻ സീസണുകളിലും പിന്തുടർന്നത്. അതിൻറ്റെ തുടർച്ചയായി കൂടുതൽ വിപുലമായ പരിശീലനവും ആഗോള പങ്കാളിത്തവും സാമൂഹിക ദൗത്യവും ഉൾപ്പെടുത്തിയാണ് നാലാം സീസൺ മുന്നോട്ടുപോകുന്നത്.
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ അഡ്വൈസറി ബോർഡിൽ നീതിന്യായം, ശാസ്ത്രം, വിദ്യാഭ്യാസം, കല, പരിശീലനം തുടങ്ങിയ മേഖലകളിലെ പ്രമുഖർ അംഗങ്ങളാണ്. കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് ഡോ. നാരായണ കുറുപ്പ്, DRDO Aero Systems മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, Arcadia University USA പ്രസിഡന്റ് ഡോ. അജയ് നായർ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ്, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, Holy Family University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, ഡോ. വിപിൻ വി. റോൾഡന്റ്, സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് പെർഫോമൻസ് കോച്ച്, മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവരാണ് അഡ്വൈസറി ബോർഡിലുള്ളത്.
സീസൺ 4-ന്റെ രാജ്യാന്തര സംഘാടന പ്രവർത്തനങ്ങളിൽ നാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവൽ, മീഡിയ ചെയർ അരുൺ കോവാട്ട്, പി.ആർ.ഒ. മെർളിൻ മേരി അഗസ്റ്റിൻ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഓർമ്മ കേരള ചാപ്റ്റർ പ്രസിഡൻറ്റെ കുര്യാക്കോസ് മണിവയലിൽ, എബി ജെ. ജോസ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം എന്നിവർ നേതൃത്വം നൽകുന്ന ടീമും സജീവമായി രംഗത്തുണ്ട്. WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിൻറ്റെയും ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിൻറ്റെയും നേതൃത്വത്തിലുള്ള വേൾഡ് മലയാളി ഫെഡറേഷൻറ്റെ ലോകവ്യാപക ശൃംഖലയും സീസൺ 4-ൽ ശക്തമായി പങ്കുചേരുന്നു.
സെപ്റ്റംബർ 15 മുതൽ ഡിസംബർ 15, 2026 വരെയാണ് ആദ്യ റൗണ്ട്. തുടർന്ന് മത്സരാർത്ഥികൾ വിവിധ ഘട്ടങ്ങളിലെ മത്സര–പരിശീലന പ്രക്രിയയിലൂടെ മുന്നേറും. ഈ ഒരു വർഷത്തെ യാത്രയുടെ പരിസമാപ്തിയായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലാ, കേരളത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.
ഒരു മൂന്നു മിനിറ്റ് പ്രസംഗവീഡിയോയിൽ തുടങ്ങി, മത്സരത്തിൻറ്റെയും പരിശീലനത്തിൻറ്റെയും മെന്ററിംഗിൻറ്റെയും വിവിധ ഘട്ടങ്ങൾ കടന്ന് പാലായിലെ സ്വപ്നവേദിയിലേക്കെത്താവുന്ന ഒരു യാത്രയാണ് ഓർമ്മ WMF-നോടു ചേർന്ന് സീസൺ 4-ൽ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. ലഹരിക്കെതിരെ യുവശബ്ദങ്ങൾ ഉയർത്തുന്നതിനൊപ്പം, അവർ നാളെ ലോകത്തിൻറ്റെ ഏതു ഭാഗത്തും ഏതു തൊഴിൽമേഖലയിലും എത്തിയാലും സ്വന്തം അറിവും ആശയങ്ങളും ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരും നേതാക്കളുമായി വളരാൻ സഹായിക്കുക എന്ന ദീർഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.
രജിസ്ട്രേഷൻ: സെപ്റ്റംബർ 15 – ഡിസംബർ 15, 2026 | ആദ്യ റൗണ്ട്: 3 മിനിറ്റ് പ്രസംഗവീഡിയോ | ഭാഷകൾ: മലയാളം, ഇംഗ്ലീഷ് | രജിസ്ട്രേഷൻ ഫീസ്: ഇല്ല | പരിശീലനവും മെൻറ്റെറിംഗും: സൗജന്യം | ഗ്രാൻഡ് ഫിനാലെ: ഓഗസ്റ്റ് 7, 2027 — പാലാ, കേരളം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് www.ormaspeech.org സന്ദർശിക്കാം. വാട്സ്ആപ്പ്: +1 412 656 4853 | +91 7907810571.






