ഞെട്ടിക്കുന്ന ദുരന്തം തത്സമയ സംപ്രേഷണത്തിൽ ഗ്വായാക്വിൽ (ഇക്വഡോർ): കുർബാന മധ്യേ പള്ളിയുടെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കൂറ്റൻ മരക്കുരിശ് അടർന്നു വീണ് വൈദികൻ ദാരുണമായി കൊല്ലപ്പെട്ടു. ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള നുവെസ്ട്ര സെന്യോറ ഡെൽ പെർപെറ്റുഓ സൊകോറോ (നിത്യസഹായ മാതാവിന്റെ) ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാ. പട്രീസിയോ അൽഫ്രെഡോ സാഞ്ചസ് മോളിനാരി (Fr. Patricio Alfredo Sánchez Molinari) ആണ് മരിച്ചത്. ശനിയാഴ്ച (ഒക്ടോബർ 17) നടന്ന വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണത്തിനിടെയാണ് ലോകത്തെയാകെ നടുക്കിയ ദുരന്തം അരങ്ങേറിയത്.
ബലിപീഠത്തിന് അഭിമുഖമായി നിന്ന് വിശ്വാസികളോട് സംസാരിച്ചുകൊണ്ടിരിക്കെ, പിന്നിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ തടിയിൽ തീർത്ത കുരിശ് പെട്ടെന്ന് മുന്നോട്ട് പതിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കുരിശ് തലയിൽ ശക്തമായി അടിച്ചുവീണ് അദ്ദേഹം പീഠത്തിലേക്ക് കുഴഞ്ഞുവീണു. കുർബാനയുടെ 27-ാം മിനിറ്റിലാണ് സംഭവം നടന്നത്.
മരണത്തിന്റെ നിമിഷങ്ങളെക്കുറിച്ചും ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചും പ്രസംഗിച്ച് തൊട്ടുപിന്നാലെയാണ് വൈദികന്റെ അന്ത്യമെന്നത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. "നമ്മളെല്ലാവരും എന്നെങ്കിലും മരിക്കും, ദൈവത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തിനാണ് ഏറ്റവും വില" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ച് നിമിഷങ്ങൾക്കകമാണ് ഈ ദാരുണ സംഭവം.
അപകടം നടന്നയുടൻ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ സഹായത്തിനായി നിലവിളിച്ചുകൊണ്ട് ഓടിയെത്തുകയും ആംബുലൻസ് വിളിച്ച് അടിയന്തര വൈദ്യസഹായം എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദികന്റെ വേർപാടിൽ ഗ്വായാക്വിൽ അതിരൂപത കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുരിശ് ഭിത്തിയിൽ നിന്ന് അടർന്നു വീഴാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികൃതർ അറിയിച്ചു.
.jpg)


