PRAVASI

മിഷൻ ലീഗ് ചിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി

Blog Image

കൊപ്പേൽ:  ഒക്ടോബർ 4 ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപതയുടെ  മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാർ രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  അമേരിക്കയിലെ ടെക്സാസ്  സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.

അന്നേദിവസം രാവിലെ 9.45ന്  മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും. കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ., ഫാ. ഡായി കുന്നത്ത് എന്നിവർ  ക്‌ളാസ്സുകൾ നയിക്കും.
 
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമ്മികരാകും.

ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സാസ്, ഒക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ  മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും.  മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും. പൊതു സമ്മേളനത്തിന് മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നന്ദിയും പറയും.

അന്താരാഷ്ട്ര കത്തോലിക്കാ അൽമായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ്, ഇന്ത്യയിലെ ഭരണംങ്ങാനത്ത്  1947-ലാണ് തുടക്കം കുറിച്ചത്. മലയാളികൾക്കൊപ്പം മിഷൻ ലീഗ് വളരെ മുൻപ് തന്നെ അമേരിക്കയിൽ എത്തിയെങ്കിലും മൂന്ന് വർഷം മുൻപ് ചിക്കാഗോ രൂപതയിയുടെ നേതൃത്വത്തിലാണ്  സംഘടന അമേരിക്കയിലുടനീളം വ്യാപിക്കുന്നത്. ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മൂന്ന് വർഷം മുൻപാണ് ചിക്കാഗോ രൂപതാതലത്തിൽ സംഘടനാ ഉദ്ഘാടനം  ചെയുന്നത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു.

ദൈവവിളി സെമിനാർ, വിവിധ ക്‌ളാസ്സുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു.

ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻറ് ഡയറക്ടർ),  ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റൻറ് ഡയറക്ടർ),  സിജോയ്  സിറിയക് പറപ്പള്ളിൽ  (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിൻറ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.