PRAVASI

ഫോമാ കേരളാ കൺവൻഷൻ ഒരുക്കങ്ങൾ തുടങ്ങി : ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര

Blog Image

കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ  ( ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് )കേരളാ കൺവൻഷനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര കേരളാ എക്സ്പ്രസിനോട് പറഞ്ഞു. ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേലിൻ്റെ നേതൃത്വത്തിൽ 2024 ൽ അധികാരമേറ്റ ടീമിൻ്റെ കേരളാ കൺവൻഷൻ നടക്കുക കോട്ടയത്തെ ഡൗൺടൗൺ ഹോട്ടലായ വിൻഡ്സർ കാസിലിൽ വെച്ച് 2026 ജനുവരി 9 ന് ആയിരിക്കും. പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ ഫോമാ ടീം കഴിഞ്ഞ ദിവസം ഹോട്ടൽ  സന്ദർശനം നടത്തി സൗകര്യങ്ങൾ വിലയിരുത്തി. ഫോമാ വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ്, കേരളാ കൺവൻഷൻ കോ- ഓർഡിനേറ്റർമാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന കേരളാ കൺവൻഷൻ്റെ ഉദ്ഘാടനവും, സെമിനാറുകളും , ചാരിറ്റി വിതരണവും , സാംസ്കാരിക പരിപാടികളുമാണ് ജനുവരി 9 ന് രാവിലെ 10 മുതൽ നടക്കുക. കേന്ദ്ര , കേരളാ മന്ത്രിമാർ ,ജനപ്രതിനിധികൾ , സാമൂഹ്യ , സാംസ്കാരിക ചലച്ചിത്ര, ടി വി മേഖലയിലെ പ്രമുഖർ കൺവൻഷൻ്റെ ഭാഗമാകും. ആയിരത്തിലധികം പ്രതിനിധികൾക്ക് കൺവൻഷൻ വീക്ഷിക്കാവുന്ന ഹാളിലാണ് പരിപാടികൾ ക്രമീകരിക്കുന്നത് . വിവിധ കമ്പനികൾ, സ്പോൺസർമാരുടെ സ്റ്റാളുകളും ഇവിടെയുണ്ടാകും . വൈകിട്ട് ഹാളിന് പുറത്ത് കേരളത്തനിമയിൽ ലൈവ് തട്ടുകട ഉൾപ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണശാലയും ഉണ്ടായിരിക്കും.

ഫോമയുടെ സ്ഥാപക പ്രസിഡൻ്റ് ശശിധരൻ നായരുടെ നേതൃത്വത്തിൽ ഫോമായുടെ ആദ്യ കേരളാ കൺവൻഷൻ നടന്നതും വിൻഡ്സർ കാസിലിൽ വെച്ചായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫോമയുടെ മറ്റൊരു കേരളാ കൺവൻഷൻ കൂടി ഇവിടെ നടക്കുമ്പോൾ ഫോമാ നേതൃത്വവും പ്രവർത്തകരും ആവേശത്തിലാണെന്ന് ഫോമാ വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസും അറിയിച്ചു. വളരെ സമൃദ്ധമായ താമസാനുഭവവും സമ്മാനിക്കുന്ന ഈ ഹോട്ടൽ കേരളാ ടൂറിസം ഡെസ്റ്റിനിയായ കുമരകത്തിൻ്റെ പ്രവേശന കവാടം കൂടിയാണ്. മനോഹരമായ കോട്ടേജുകൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളോടെ 20 ഏക്കറിലാണ് വിൻഡ്സർ കാസിൽ സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്ന് രണ്ട് കിലോമീറ്ററും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 60 കിലോ മീറ്റർ ദൂരവുമാണ് ഇവിടേക്ക് ഉള്ളത്. മദ്ധ്യതിരുവിതാം കൂറിൻ്റെ തിലകക്കുറിയായ കോട്ടയത്ത് ഫോമായുടെ കേരളാ കൺവൻഷൻ്റെ ആദ്യ ദിവസം ഗംഭീരമാക്കാനുള്ള  ശ്രമത്തിലാണ് സംഘാടകർ.

കൺവഷൻ്റെ രണ്ടാം ദിവസമായ ജനുവരി 10 ന് വേമ്പനാട്ട് കായലിലൂടെ ഫോമാ പ്രവർത്തകരുടേയും അതിഥികളുടേയും ബോട്ട് യാത്ര നടക്കും. 11 ന് കൊച്ചി ഗോകുലം പാർക്കിൽ വെച്ച് ഫോമാ ബിസിനസ് മീറ്റും നടക്കുന്നതോടെ ഫോമാ 2024 - 2026 ടീമിൻ്റെ കേരളാ കൺവൻഷൻ സമാപിക്കും.

ഫോമാ കേരളാ കൺവൻഷന് നേതൃത്വം നൽകുന്ന ചെയർമാൻ പീറ്റർ കുളങ്ങര ഫോമായുടെ തുടക്കം മുതൽ നേതൃത്വ നിരയിലുള്ള നേതാവാണ് . കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവ അർഹിക്കുന്ന വ്യക്തികൾക്ക് നൽകുകയും ചെയ്യുന്ന പീറ്റർ കുളങ്ങര ഭിന്ന ശേഷി സമൂഹത്തിന് നൽകിയ സേവനങ്ങൾ വിശാലമാണ്. ഒരു തരത്തിലും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വരാൻ സാധ്യതയില്ല എന്ന് കരുതുന്ന ഒരു സമൂഹത്തെ ഒപ്പം നിർത്താൻ അദ്ദേഹം ഇന്നുവരെ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. അമേരിക്കയിലും സമാനതകളില്ലാത്ത ജീവകാര്യണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പീറ്റർ കുളങ്ങരയുടെ നേതൃത്വം ഫോമയ്ക്ക് എക്കാലവും കരുത്താണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ  ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേലിൻ്റെ " അമ്മമാർക്കൊപ്പം " എന്ന ജീവകാര്യണ്യ പ്രവർത്തനവും വർഷങ്ങളായി കേരളത്തിനായി അദ്ദേഹം നൽകുന്ന നന്മകളിൽ ഒന്നാണ്. രണ്ട് ജീവകാരുണ്യ പ്രവർത്തകരുടെ സംഘാടനത്തിൽ ഫോമാ കേരളാ കൺവൻഷൻ നടക്കുമ്പോൾ അത് ജീവകാരുണ്യ മേഖലയ്ക്ക് ഒരു മുതൽകൂട്ടാവും എന്നതിൽ സംശയമില്ല.

ഹൂസ്റ്റണിൽ നടക്കുന്ന അന്താരാഷ്ട കൺവൻഷൻ്റെ കിക്ക് ഓഫുകൾ തകൃതിയായി നടക്കുന്ന സമയമാണിത്. എല്ലാ റീജിയണുകളിലും അതി വിപുലമായ കിക്കോഫുകൾ നടക്കുകയാണിപ്പോൾ. ഫോമാ കേരളാ കൺവൻഷൻ്റെ കൃത്യമായ പ്രോഗ്രാം ചാർട്ടുകൾ പിന്നീട് അറിയിക്കുന്നതാണ്. കോട്ടയത്തിൻ്റെ മണ്ണിലേക്ക് വീണ്ടുമെത്തുന്ന ഫോമാ കേരളാ കൺവൻഷൻ വൻ വിജയമാക്കിത്തീർക്കുവാൻ എല്ലാ ഫോമാ പ്രവർത്തകരുടേയും , അഭ്യുദയ കാംക്ഷികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ സിജിൽ പാലക്കലോടി , വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ് , ജോയിൻ്റ് സെക്രട്ടി പോൾ പി ജോസ് , ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.