തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ- മോഹൻലാൽ അഭിമുഖത്തിന്റെ ടീസർ പുറത്ത്. 1.15 മിനിറ്റ് നീളുന്ന ടീസർ മോഹൻലാലാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. രജനീകാന്ത് ചിത്രങ്ങളോടും ആക്ഷൻ ചിത്രങ്ങളോടുമുള്ള മുഖ്യന്റെ ഇഷ്ടം, സിനിമയിലെ രംഗങ്ങൾ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ജീവിതത്തിൽ പശ്ചാത്തപിക്കേണ്ടിവന്നിട്ടുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പിണറായി വിജയനോട് മോഹൻലാൽ ചോദിക്കുന്നതാണ് ടീസറിലുള്ളത്. തല്ലുകൊണ്ട് ശരീരത്തിലെ തൊലി പൊളിഞ്ഞ അനുഭവവും മുഖ്യമന്ത്രി പങ്കുവക്കുന്നുണ്ട്. തന്റെ സിനിമയിലെ ഏതെങ്കിലും ഡയലോഗ് ഓർമയുണ്ടോ എന്ന മോഹൻലാലിന്‌റെ ചോദ്യത്തിന് 'ദിനേശനും ദാസനും' എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നു.

ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖത്തിന്റെ പിന്നിൽ സംവിധായകൻ ടി കെ രാജീവ്കുമാർ അടക്കമുള്ള പ്രമുഖരാണുള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. 'കണ്ടിയും മിണ്ടിയും ഇരുവർ' എന്ന പേരിലാണ് അഭിമുഖം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്. 'ഇരുവർ' എന്നായിരുന്നു ഇതിന്റെ പേര്.പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് മോഹൻലാൽ. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല.


