PRAVASI

ചാരിറ്റിക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന പാസഡീന മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

Blog Image

ഹൂസ്റ്റൺ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പസഡീന മലയാളി അസോസിയേഷൻ (PMA)-ന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.

നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾ ആഘോഷത്തിന് വർണപ്പകിട്ടേകി. തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്‌ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകർഷണമായി.

വിവിധ നൃത്തപരിപാടികളും സ്കിറ്റുകളും ഉൾപ്പെടെയുള്ള കലാപരിപാടികൾ സദസ്സിന്റെ കൈയടി നേടി. PMAയുടെ ചുണക്കുട്ടികൾ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകർഷിച്ചു.

PMA പ്രസിഡന്റ് റിച്ചാർഡ് സ്കറിയയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിന്റെ വിജയത്തിനായി സെക്രട്ടറി കൂടിയായ പ്രോഗ്രാം കോർഡിനേറ്റർ ജോമോൻ ജേക്കബ്,  വൈസ് പ്രസിഡന്റ് ഈശോ അബ്രഹാം, ട്രസ്റ്റി വിൽസൺ ജോൺ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് ഉമ്മൻ, ജോൺ ജോസഫ്(ബാബു), ഫെലിക്സ്, ബ്രൂണോ കൊറേയ, ജോമി, ആന്റണി, റോബിൻ, ബിജോ ചാക്കോ എന്നിവരും സജീവമായി പ്രവർത്തിച്ചു.

കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ മികച്ച സഹകരണവുമാണ് ഓണാഘോഷം ഇത്രയും ഗംഭീരമായി നടത്താൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സൗഹൃദവും ഒരുമയും വിളിച്ചോതിയ ആഘോഷം പങ്കെടുത്ത എല്ലാവർക്കും മറക്കാനാകാത്ത അനുഭവമായി. വിഭവ സമൃദ്ധമായ  ഓണസദ്യ ഏവരും ആസ്വദിച്ചു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.