PRAVASI

പന്നിക്കോട്ട് അഡ്വ. പി.ജെ. കുര്യന്‍ സ്മാരക ട്രസ്റ്റ് പുരസ്കാര വിതരണം

Blog Image

തിരുവല്ല: നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനായിരുന്നു പന്നിക്കോട്ട് അഡ്വ. പി.ജെ. കുര്യനെന്നു കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പന്നിക്കോട്ട് അഡ്വ. പി.ജെ. കുര്യന്‍ സ്മാരക ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ എഐസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരിക്കലും സ്ഥാനങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ പന്നിക്കോട്ട് പി.ജെ. കുര്യനെ മാതൃകയാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആന്‍റോ ആന്‍റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് കെ. അനന്തഗോപന്‍ അനുസ്മരണപ്രഭാഷണം നടത്തി. ജോസ് പന്നിക്കോട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, ഹൗസ് ഫെഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍, പുറമറ്റം പഞ്ചായത്ത് പ്രസിഡണ്ട് ജൂലി കെ. വര്‍ഗീസ്, ജേക്കബ് മണ്ണുംമൂട്, കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് എം. ഈശോ, ഡോ. തോമസ് ഏബ്രഹാം, ദീപ മേരി ജേക്കബ്, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിന്‍റെ ഇത്തവണത്തെ മാനവസേവ പുരസ്കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ചു. മറിയ ഉമ്മന്‍ ചാണ്ടി പുരസ്കാരം ഏറ്റുവാങ്ങി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ടി.പി. ശ്രീനിവാസന്‍, വെണ്ണിക്കുളം സെ. ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. അശ്വതി തിരുനാള്‍ ലക്ഷ്മിബായിക്കു വേണ്ടി ലതാവര്‍മ്മ പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് മെഡല്‍ വിതരണവും നടത്തി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.