PRAVASI

'പകര്‍ന്നാട്ടം' മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു

Blog Image

തൃശ്ശൂര്‍: ലാന മുന്‍ പ്രസിഡന്‍റും സാഹിത്യകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്‍റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ട'ത്തിന്‍റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഒന്നും രണ്ടും പതിപ്പുകള്‍ക്ക് വായനക്കാര്‍ നല്കിയ മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് കെട്ടിലും മട്ടിലും പുതുമയോടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കറന്‍റ് ബുക്സ് തൃശ്ശൂര്‍ ആണ് പ്രസാധകര്‍.
    ഹൈറേഞ്ചിലെ കമ്പിളികണ്ടം എന്ന കുഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരു നഴ്സാണ് കഥയിലെ നായിക. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലുമായി നടന്ന വിദ്യാഭ്യാസ കാലയളവിലും തുടര്‍ന്നങ്ങോട്ട് ഇന്ത്യയിലും അമേരിക്കയിലും ഏര്‍പ്പെട്ട തൊഴില്‍ ജീവിതത്തിലും അവര്‍ നേരിട്ട വെല്ലുവിളികളുടെയും വൈകാരിക മുഹൂര്‍ത്തങ്ങളുടെയും ഹൃദ്യമായ ആവിഷ്കാരമാണീ നോവല്‍. ആദ്യകാല കുടിയേറ്റ നഴ്സുമാര്‍ അഭിമുഖീകരിച്ചിരുന്ന കനത്ത ജീവിത, തൊഴില്‍ പ്രതിസന്ധികളെ സത്യസന്ധമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇന്ത്യയിലെ അടിയന്തരാവസ്ഥ മുതല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകളുള്‍പ്പെടെ ആയിരത്തിത്തൊള്ളായിരത്തിയറുപത്തിയെട്ടു മുതല്‍ രണ്ടായിരത്തിപതിനെട്ടു വരെയുള്ള അര നൂറ്റാണ്ട് കാലയളവില്‍ ഇരു രാജ്യങ്ങളിലും നടന്ന രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളും കഥാവിവരണത്തിനിടെ കടന്നുപോകുന്നുണ്ട്; ഒപ്പം വടക്കേ മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളും മയ്യഴിപ്പുഴയും ലദീഞ്ഞത്തുമ്പികളും വെള്ളിയാങ്കല്ലില്‍ വിശ്രമിക്കുന്ന പരേതാത്മാക്കളും!
    പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, സക്കറിയ, പെരുമ്പടവം ശ്രീധരന്‍ എന്നിവരുടെ ആസ്വാദനക്കുറിപ്പുകളും ആര്‍. ഗോപാലകൃഷ്ണന്‍റെ അവതാരികയും പുസ്തകത്തിന്‍റെ പ്രൗഡി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററും പ്രമുഖ നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനാണ്, അക്കാദമി അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ യു.കെ. കുമാരന് ആദ്യപ്രതി നല്‍കി 'പകര്‍ന്നാട്ടം' പ്രകാശിപ്പിച്ചത്. പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നോവലിന്‍റെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയിരുന്നു.
    ഹിച്ച്ഹൈക്കര്‍ (ചെറുകഥാ സമാഹാരം), പൊലിക്കറ്റ (കവിതാസമാഹാരം), ഒറ്റപ്പയറ്റ് (ലേഖന സമാഹാരം), ഹിമ (കഥാസമാഹാരം) എന്നിവയാണ് ഷാജന്‍ ആനിത്തോട്ടത്തിന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട മറ്റ് കൃതികള്‍. കറന്‍റ് ബുക്സ് ശാഖകളില്‍ നിന്നോ ആമസോണ്‍ (ഇന്ത്യ), കറന്‍റ് ബുക്സ് ഓണ്‍ലൈന്‍ എന്നിവിടങ്ങളില്‍ നിന്നോ 'പകര്‍ന്നാട്ടം' ലഭ്യമാണ്. പേജുകള്‍ 468. വില: അഞ്ഞൂറ് രൂപ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.