PRAVASI

പാടത്ത് പണി വരമ്പത്ത് കൂലി ( നിരീക്ഷണം )

Blog Image

1913-ല്‍ തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ  പാടശേഖരങ്ങളില്‍ അധഃസ്ഥിത വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ പണിക്കിറങ്ങിയില്ല. ഒരു വര്‍ഷം നീണ്ടുനിന്ന ഈ സമരത്തില്‍ കുട്ടനാട്ടില്‍ ഉയര്‍ന്നുപൊങ്ങിയ മുദ്രാവാക്യമാണ് څപാടത്ത് പണി വരമ്പത്ത് കൂലിچ. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി പണി കഴിയുമ്പോള്‍ തന്നെ നല്‍കണം എന്നതായിരുന്നു ഈ മുദ്രാവാക്യം ഉയര്‍ത്തിയ ആശയം. പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ നേതൃത്വം  കൊടുത്ത കര്‍ഷക സമരങ്ങളിലൊക്കെ ഈ മുദ്രാവാക്യം ഉയര്‍ന്നു പൊങ്ങി. എന്നാല്‍ ഇന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ നെല്‍കര്‍ഷകരുടെ നില പരിതാപകരമാണ്. കടം വാങ്ങിയും ലോണെടുത്തും കേരളത്തിന്‍റെ നെല്ലറകളായ കുട്ടിനാട്ടിലെയും                                                                                                                                      പാലക്കാട്ടെയും കര്‍ഷകര്‍ കൊയ്തുണക്കിയ നെല്ല് സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങി വില തരുന്നതും കാത്തിരുപ്പാണ്. മഴ നനഞ്ഞും കിളിര്‍ത്ത നെല്ല് പാടത്തു തന്നെ കിടക്കുന്ന സ്ഥിതി സാധാരണമാണ്. നെല്ലെടുത്താലും സര്‍ക്കാര്‍ പ്രതിഫലം നല്‍കാതെ കര്‍ഷകരെ വിഷമത്തിലാക്കുന്നു. പലിശയ്ക്കെടുത്ത പണം തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഖജനാവില്‍ പണമില്ലെന്നാണ് കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി പറയുന്നത്. വരമ്പത്തു കൂലി എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയവര്‍ തന്നെ അത് നിഷേധിക്കുന്നു.
    അശരണരും രോഗികളുമായ വൃദ്ധജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ക്ഷേമ പെന്‍ഷന്‍ കൊടുക്കാനാവാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. ഇന്നുവരും നാളെവരും എന്നു കരുതി പെന്‍ഷന്‍കാര്‍ കാത്തിരിക്കുന്നു. ക്ഷാമബത്തകളുടെ നാലിലേറെ ഗഡുക്കള്‍ കൊടുക്കാതെ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നു. നേരത്തെ കൊടുത്ത ക്ഷാമബത്തകളുടെ കുടിശ്ശിക ചോദിക്കുമ്പോള്‍ ഖജനാവില്‍ പണമില്ലാ എന്നാണ് മറുപടി. എന്നാല്‍ പി.എസ്.സി. അംഗങ്ങള്‍ക്കും മന്ത്രിമാരടക്കം വേണ്ടപ്പെട്ടവര്‍ക്കും ഇതെല്ലാം വാരിക്കൊടുക്കുവാന്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമുണ്ടുതാനും.
    സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണ് രോഗികളും, സ്കൂള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥികളും മരിക്കുന്നത് കേരളത്തില്‍ സാധാരണ സംഭവങ്ങളായിരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ പൊതു നിരത്തുകള്‍ നന്നാക്കാനാവാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. പുതിയ വികസന പദ്ധതികളൊന്നും തന്നെ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയുന്നില്ല. ഖജനാവില്‍ പണമില്ലാ എന്നാണ് ധനമന്ത്രിയുടെ സ്ഥിരം മറുപടി. പെന്‍ഷന്‍കാരുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ കോടതി ഉത്തരവിടുമ്പോഴും കേരള സര്‍ക്കാര്‍ കടക്കെണിയിലാണെന്നാണ് സര്‍ക്കാരിനുവേണ്ടി വാദിക്കുന്ന വക്കീല്‍ പറയുന്നത്. ലക്ഷക്കണക്കിന് കോടികളുടെ കടബാധ്യതയിലാണ് ഇന്ന് കേരള സംസ്ഥാനം. വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതെ മദ്യത്തിന് വിലകൂട്ടി അനുദിന ചെലവുകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ദയനീയസ്ഥിതി. പുതിയ തലമുറയില്‍പ്പെട്ട മിടുക്കന്മാരെല്ലാം വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ഒരു സമൂഹത്തിന്‍റെ പരിഛേദമാണ് ഇന്ന് കേരളത്തിലുള്ളത്.
    അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ അടുത്ത കാലത്ത് നടത്തിയ പ്രസ്താവനയെ ഈ പശ്ചാത്തലത്തില്‍ വേണം നാം വിലയിരുത്തുവാന്‍. ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സിനിമ നിര്‍മ്മിക്കുവാന്‍ ഒന്നരക്കോടി രൂപാ വീതം നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. കേരളത്തിന്‍റെ മുന്‍ഗണനകള്‍ പരിശോധിച്ചറിഞ്ഞു വേണം ഇത്തരം പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കേണ്ടതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായം വേണ്ട തരത്തില്‍ പഠിക്കാതെയാണ് ചില സാമൂഹ്യ വിമര്‍ശകര്‍ അത് വിവാദമാക്കിയത്. കേരളത്തിലെ ചാനലുകളെല്ലാം അത് വിവാദത്തിന്‍റെ പരിവേഷത്തോടെ ആഘോഷിച്ചു. സൂപ്പര്‍ സ്റ്റാറുകളില്ലാതെയാണ് ജയരാജ്, പത്മരാജന്‍, ഭരതന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രശസ്ത സംവിധായകന്‍മാരൊക്കെ അവരുടെ മികച്ച സിനിമകള്‍ നിര്‍മ്മിച്ചത്. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ, സത്യജിത്റായിയെപ്പോലെ ലോക പ്രശസ്ത സംവിധായകന്മാരെല്ലാം പഠിപ്പിച്ച സിദ്ധാന്തം സിനിമ സംവിധായകന്‍റെ കലയാണ് എന്നുള്ളതാണ്. താരങ്ങള്‍ അവരുടെ ഉപകരണങ്ങള്‍ മാത്രം. വസ്തുതകളുടെ സത്യാവസ്ഥ പരിഗണിക്കാതെ ജാതിപറഞ്ഞ് വിവാദമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ചാനല്‍ മേധാവികള്‍ ചര്‍ച്ചകളുടെ ഗൗരവവും അന്തസത്തയും ഗുണപരമാക്കാന്‍ ശ്രദ്ധിക്കുന്നത് അഭികാമ്യമാണ്.

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.