PRAVASI

ഒരു പുളിശേരിക്കഥ!

Blog Image

പണ്ട് പണ്ട് ഞാൻ മോനെ ഗർഭിണി ആയിരുന്ന സമയത്ത് എന്റെ ഓഫീസിന് അടുത്തുള്ള ഒരു കടയിൽ ഉച്ചയൂണിനൊപ്പമാണ് ഈ കറി ഞാൻ ആദ്യം പരിചയപ്പെടുന്നത്-പൈനാപ്പിൾ പുളിശേരി. പാലക്കാടുകാരിയായ എനിക്ക് പരിചയമുള്ളത് നല്ല മാമ്പഴപ്പുളിശേരിയും രണ്ടു വശവും പിളർത്തി മോരിൽ ഇട്ടു വച്ച് ഉണക്കി എടുക്കുന്ന പച്ച മാങ്ങ( അട മാങ്ങ) കൊണ്ടുള്ള മോരുകറിയും പിന്നെ കുമ്പളങ്ങ, ചേന ഒക്കെ ഇട്ടു തേങ്ങ അരച്ച് വയ്ക്കുന്ന മോര് കൂട്ടാനും ആയിരുന്നു. പാലക്കാട്ടുകാർ മോരുകൂട്ടാൻ കൂട്ടി ദോശ വരെ കഴിക്കും. എനിക്ക് ആ കോംബോ ഇഷ്ടമല്ല. നല്ല പൊന്നിയരി ചോറിൽ ഒഴിച്ച് ഉണക്ക നങ്കി(മാന്തൾ) വറുത്തതും കൂർക്ക ഉപ്പേരിയും അരിക്കൊണ്ടാട്ടവും അപ്പോ ഉണ്ടാക്കി ഉപയോഗിക്കുന്ന സദ്യ മാങ്ങാ അച്ചാറും ചേർത്തി ഒരു പിടി പിടിക്കണം. എന്റെ സാറെ, പിന്നെ നന്നായി ഒന്നുറങ്ങണം, ഇവിടം സ്വർഗ്ഗമാണെന്ന് പറഞ്ഞു പോകും. അനുഭവം ഉള്ളവർ കമെന്റിൽ പറഞ്ഞോളൂ.
അങ്ങനെയുള്ള എനിക്ക് മുന്നിൽ അവതരിച്ച ഈ പുതിയ അവതാരത്തെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി. മാങ്ങയല്ല, കുമ്പളങ്ങയോ ചേനയോ അല്ല. ആദ്യം എന്താണ് ഇതിലെ പച്ചക്കറി(പഴം) എന്ന് തിരിഞ്ഞില്ല. പിന്നെ മണം വച്ച് കണ്ടെത്തി. ശെടാ ഇത് പൈനാപ്പിൾ അല്ലെ? വൈകാതെ അറിഞ്ഞു എറണാകുളം സ്പെഷ്യലാണീ കറിയെന്ന്. മധുരവും പുളിയും ചേർന്ന് ഏത് കറി കണ്ടാലും വീണുപോകുന്ന ഞാൻ ഇതിനെയും എന്റെ പ്രിയപ്പെട്ട കറികളുടെ ലിസ്റ്റിലേക്ക് കൂട്ടി. ഗർഭിണി പൈനാപ്പിൾ കഴിച്ചൂടാ എന്നാരും എന്നോട് പറഞ്ഞില്ല. പേടിക്കേണ്ട, പാചകം ചെയ്ത പൈനാപ്പിൾ കുഴപ്പക്കാരൻ അല്ല. അന്നത്തെ ഗർഭസ്ഥ ശിശു ടീനേജർ ആയിക്കഴിഞ്ഞു. ഓഫീസ്  കാന്റീനിൽ ഭക്ഷണം ബോധിക്കാത്ത അവസരങ്ങളിൽ എല്ലാം ഞാനും അനിലും കൂടി അവിടെ പോയി സുഖമായി ചോറുണ്ടു(ഞങ്ങൾ സഹപ്രവർത്തകരും ആയിരുന്നു, പിന്നെ ഗർഭിണിയായ ഭാര്യക്ക് മസാല ദോശ മാത്രമല്ല ചോറും പുളിശേരിയും കൊഞ്ചു വറുത്തതും ഒക്കെ കഴിക്കാൻ കൊതി തോന്നും) പിന്നീട് നാടും വീടും വിട്ടു മറുനാട്ടിൽ ആയി. എപ്പോഴോ ഞാനീ കറി മറന്നേ പോയി.
പിന്നെ വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ വീട് വച്ചപ്പോൾ സ്നേഹനിധിയും സർവോപരി പരസഹായിയുമായ അയൽക്കാരി ചേച്ചി വേണ്ടി വന്നു ഓർമ തിരിച്ചു കിട്ടാൻ. പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഞാൻ തന്നെ ചേച്ചിയെ ഓർമിപ്പിക്കും, “പൈനാപ്പിൾ പുളിശേരി വയ്ക്കുന്നില്ലേ ചേച്ചി?” എന്ന്. അപ്പോൾ നിങ്ങൾ ചോദിക്കും സ്വന്തമായി വച്ച് കഴിച്ചൂടെ എന്ന്? ചോദ്യം നല്ലതാണ്, പക്ഷെ ഒരു കുഴപ്പമുണ്ട് വർമ്മ സാറെ, ഒരു പൈനാപ്പിൾ മുഴുവൻ വാങ്ങിയാൽ കറി വച്ചു ബാക്കി ഞാൻ എന്ത് ചെയ്യും? എനിക്ക് അത് ഫ്രൂട്ട് ആയി കഴിക്കാൻ ഇഷ്ടമല്ല. പിള്ളേർക്കും അത്ര താല്പര്യം ഇല്ല. പിന്നെ പൈനാപ്പിൾ വാങ്ങി കൊടുത്താൽ ചേച്ചി നല്ല സുന്ദരമായി കറി വച്ച് എനിക്കുള്ള പോർഷൻ തരും. എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് തരുന്നത് ചേച്ചിക്കൊരു സന്തോഷവുമാണ്. എന്തിനാ ഞാൻ ആയിട്ട് അവരുടെ സന്തോഷം കെടുത്തുന്നത്?
ഇതൊക്കെ എന്തിനാ കൊച്ചെ ഇപ്പോൾ പറയുന്നത് എന്നല്ലേ? എന്നാൽ കേട്ടോളൂ. ജീവിതത്തിൽ ആദ്യമായി ഞാനും പൈനാപ്പിൾ പുളിശേരി ഉണ്ടാക്കി. ഇൻസ്റ്റാഗ്രാമിൽ കണ്ടതാണ് ക്യാൻഡ് പൈനാപ്പിൾ വച്ചൊരു ഷോർട് കട്ട്. ആകെ 4 റൌണ്ട് പീസ് ഉള്ളൂ ഒരു ചെറിയ ക്യാനിൽ. എനിക്ക് കറി വയ്ക്കാൻ അത് മതി. ലൈറ്റ് സിറപ്പ് ഉള്ളത് വാങ്ങണം. അധികം മധുരം വേണ്ട. എന്നിട്ട് സിറപ്പ് കളഞ്ഞു പൈനാപ്പിൾ ചെറുതായി അരിഞ്ഞെടുക്കുക. പച്ചമുളകും മഞ്ഞൾ,മുളക് പൊടികളും ഉപ്പും കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. തേങ്ങയും ജീരകവും അരച്ച് ചേർത്ത് തിളപ്പിക്കുക. കട്ടി മോര് ചേർത്ത് തീ ഓഫ് ചെയ്യുക. പിന്നെ മറ്റേ ആചാരം അങ്ങട് പാലിക്കുക. വെളിച്ചെണ്ണയിൽ കടുക്, ഉണക്കമുളക്, കറിവേപ്പില, കളറിന് അല്പം മുളക് പൊടി ചേർത്ത് ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് മൂന്ന് തവണ ചൊല്ലി ഡിങ്കന് സമർപ്പിക്കുക. അതായത് കടുക് താളിച്ച് അടച്ചു വയ്ക്കാൻ!
ഇനി ഉച്ചയ്ക്ക് നല്ല മട്ട അരി ചോറിൽ ഒഴിച്ച് പപ്പടവും പാവയ്ക്ക വറുത്തതും നാരങ്ങാ അച്ചാറും ചേർത്ത് ഒരു പിടി പിടിക്കുക. ശരിക്കും സ്വർഗം എന്നാൽ രുചിയുള്ള ഭക്ഷണം ആണെന്ന് തോന്നുന്നു. ഇങ്ങനെയുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ സൃഷ്ടിക്കുക, ജീവിക്കുക. സന്തോഷം ഇങ്ങനെ എഴുതി ഇടുക. അപ്പോൾ വായിക്കുന്നവർക്കും സന്തോഷം ആകില്ലേ? നിങ്ങൾക്ക് സന്തോഷം ആയില്ലേ? എങ്കിൽ നിങ്ങളുടെ ഇത്തരം കംഫർട്ട് ഫുഡ് കഥകൾ കമെന്റ് ചെയ്യൂ.


പവിത്ര ഉണ്ണി
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.