PRAVASI

ഒരു കുടുംബത്തിൻ്റെ കഥയും, കദനവും!

Blog Image

കാറിൻ്റെ  ഹോൺ അന്തോണിച്ചൻ നീട്ടി അടിച്ച്, നീട്ടി വിളിച്ചു ലാലി നേരം പോയി, നീ വേഗം ഇറങ്ങിവാ.  ഇതെല്ലാം കേട്ട് അന്താളിച്ച് ലഞ്ച് ബാഗും കയ്യിലെടുത്ത്, കിട്ടിയ യൂണിഫോം വലിച്ചിട്ട് ലാലി പെട്ടെന്ന് കതക് വലിച്ചടച്ച് പടികൾ ചാടിയിറങ്ങി.  കാറിൻെ്് പാസഞ്ചർ സീറ്റിൽ കയറിയിരുന്നപ്പോൾ ഹൃദയം കിതച്ചു, ശ്വാസം നിന്നു പോകുമോ എന്ന് ഭയപ്പെട്ടു. ഒട്ടുമിക്ക ദിനങ്ങളിലും എഴുന്നേൽക്കുന്നത് രാവിലെ നാലുമണിക്ക്.  ഭർത്താവിന് പാലപ്പവും, നാടൻ കോഴിക്കറിയും, മക്കൾക്ക് സോസേജും, പാൻ കേക്കും ഒരു വിധത്തിൽ തട്ടിക്കൂട്ടി ഉണ്ടാക്കി.  ഉച്ചയ്ക്ക് ഭർത്താവിന് കഴിക്കേണ്ട ലഞ്ചും എടുത്തു മാറ്റിവെച്ചു കഴിഞ്ഞപ്പോൾ ജോലിക്കു പോകണ്ട സമയം അതിക്രമിച്ചു.   പിന്നെ വളരെ തിടുക്കത്തിൽ എങ്ങനെയൊക്കെയോ റെഡിയായി കൊണ്ടിരിക്കുമ്പോൾ ആണ് ഈ വിളി കേൾക്കുന്നത്, നേരം പോയി, വേഗം ഇറങ്ങി വാ.   ഭർത്താവ് അന്തോണിച്ചൻ ധൃതി കൂട്ടുന്നത് സമയത്ത് ഭാര്യ ജോലിക്ക് കയറിയില്ലെങ്കിൽ ഈയാഴ്ചത്തെ ഓവർടൈമും നഷ്ടപ്പെടും എന്നുള്ള ആധി അകത്തു കയറിയതു കൊണ്ടാണ്.  അത് മാത്രമല്ല ഭാര്യയെ ഹോസ്പിറ്റലിൽ ജോലിക്ക് വിട്ടിട്ട് വേണം ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് കളി കാണാൻ ഇരിക്കാൻ.  ഇനിയുള്ള രണ്ടു, മൂന്നു ദിവസങ്ങൾ നമ്മുടെ അന്തോണിച്ചൻ ടിവിയുടെ മുന്നിൽ തളം കെട്ടിക്കിടക്കും.  ഭർത്താവ് അതിവേഗം വണ്ടിയോടിക്കുന്നു, ഇടയ്ക്കിടയ്ക്ക് യാത്രക്കുരുക്കിനെ കുറിച്ചും മറ്റും പുലമ്പുന്നുണ്ടായിരുന്നു. ലാലി സീറ്റിൽ അമർന്നിരുന്നു, കണ്ണുകൾ ഇറുക്കി അടച്ചു, ശ്വാസം വേഗത്തിലായിരുന്നു.  ഇനിയുള്ള 30 മിനിറ്റ് ലാലിയുടെ വിശ്രമ സമയമാണ്. മനസ്സിൽ നൂറു നൂറു ചിന്തകൾ തുരുതുരാ ഓടിയെത്തി. 

അമേരിക്കയിൽ കാലുകുത്തിയിട്ട് വർഷം 30 കഴിഞ്ഞു.  ഒട്ടുമിക്ക നാളുകളിലും രണ്ടു ജോലി ചെയ്തിട്ടുണ്ട്  ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരു ഹോസ്പിറ്റലിലേക്ക്.  കുടുംബം പുലർത്തണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം ഇങ്ങനെ ഒത്തിരി സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു.  ഇപ്പോൾ ശരീരത്തിന് ക്ഷീണമുണ്ട്,  പണ്ടൊക്കെ വേണാട് എക്സ്പ്രസിൻെ്്, വേഗതയിൽ ഓടിയും, ചാടിയും ജോലി ചെയ്യുമായിരുന്നു.  ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. ഓർമ്മകൾ പുറകോട്ട് യാത്ര ആരംഭിച്ചു.  അമേരിക്കയിൽ     വന്നിറങ്ങിയ ആദ്യവർഷങ്ങളിൽ തിരക്കിട്ട്  ഒത്തിരി ജോലി ചെയ്തു.  സ്വന്തം കാര്യം നോക്കുവാൻ പോലും മറന്നു പോയി.  പ്രായം അല്പം കടന്നുപോയി, കുടുംബത്തെയും, അപ്പനെയും, അമ്മയെയും, സഹോദരങ്ങളെയും കര കയറ്റുവാൻ ചെയ്യാവുന്നതൊക്കെ ചെയ്തു.  പിന്നെ വിവാഹത്തിനായി നാട്ടിൽ കടന്നുപോയി.  അന്തോണിയുമായുള്ള ആലോചനയും, വിവാഹവും എല്ലാം വളരെ പെട്ടെന്നായിരുന്നു.  ഒന്നും അന്വേഷിച്ചില്ല.  ബോംബെയിൽ ജോലിയുണ്ടെന്നായിരുന്നു പറഞ്ഞത്.  എന്താണാവോ? ആർക്ക് അറിയാം?   നാലും, അഞ്ചും ദിവസങ്ങൾ ബോംബെയ്ക്കുള്ള ട്രെയിനിൽ കുത്തിയിരുന്ന് യാത്ര ചെയ്ത് ഒത്തിരി, ഒത്തിരി അനുഭവമുള്ള  അന്തോണിക്ക് നീണ്ട  ആദ്യത്തെ അമേരിക്കൻ വിമാനയാത്ര ഒരു ഹരമായിരുന്നു.  ട്രെയിനിൽ വച്ച് കാലിച്ചായയും, പഴംപൊരിച്ചതും കാശുകൊടുത്തു മേടിച്ചു കഴിച്ചിട്ടുണ്ട്.  അതോർത്തുകൊണ്ട് പ്ലെയിനിൽ ആഹാരത്തിന് കാശ് എടുത്തു നീട്ടിയപ്പോൾ എയർഹോസ്റ്റസുമാർ പറഞ്ഞു വേണ്ടെന്ന്. അതു കേട്ടപ്പോൾ അന്തോണിക്ക് ബഹു സന്തോഷം.  കാശുകൊടുക്കാതെ കഴിക്കാമല്ലോ.  കിട്ടിയതൊക്കെ പേരൊന്നും അറിയത്തില്ലെങ്കിലും മേടിച്ചു കഴിച്ചു.  ചിലത് ചൂണ്ടിക്കാണിച്ച് മേടിച്ചും കഴിച്ചു.  ഇങ്ങനെ ഒക്കെ വാരികഴിച്ചത്കൊണ്ട്  പ്ലെയിനിൻെ്് ബാത്റൂമിൽ  കൂടെക്കൂടെ കയറിയിറങ്ങി. പ്ലെയിനിൻെ്് ബാത്റൂമിൽ  കയറിയിറങ്ങുന്ന ത്യാഗം ഓർത്തപ്പോൾ  നമ്മുടെ ബഹുമാനപ്പെട്ട അന്തോണി പുലമ്പി, ഇതിലും  സുഖം ബോംബെയ്ക്ക് ട്രെയിനിൽ മൂന്നുദിവസം  കുത്തിയിരുന്നു പോകുന്നതാണ്.   

കൊടും തണുപ്പും, മഞ്ഞും വീണു കിടന്ന ഒരു സന്ധ്യയ്ക്കാണ് ഭർത്താവ് അന്തോണി  അമേരിക്കയിൽ ആഗതനാകുന്നത്.  തണുപ്പ് മാറട്ടെ ജോലിക്കു പോകാമെന്ന് പറഞ്ഞ് കുത്തിയിരുന്നു.  നാളുകൾ പലതും കടന്നുപോയി.  മഞ്ഞും, തണുപ്പും കുറഞ്ഞു. എന്നാൽ അന്തോണിയെ ഈ സമയത്ത് ഇതുവരെ ചികിത്സ കണ്ടു പിടിക്കാത്ത മടി എന്ന മന്തുരോഗം കടന്നു പിടിച്ചു.  കുടുംബം രക്ഷപ്പെടണം, നാട്ടിലുള്ള സഹോദരങ്ങളെ സഹായിക്കണം ഇതൊക്കെ തൻെ്് സ്വപ്ന മണ്ഡലത്തിൽ ഉണ്ടായിരുന്നു എന്നാൽ തലയ്ക്ക് തണുപ്പും, മടിയും പിടിച്ചത് കൊണ്ട് എല്ലാം മറന്നു.  പിന്നെ എങ്ങനെയൊക്കെയോ, ഭാര്യയുടെ പ്രാർത്ഥന കൊണ്ടും, നിർബന്ധം കൊണ്ടും, തട്ടിമുട്ടി ആറാം തവണ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി.  വിജയശ്രീലാളിതനായ അന്തോണി പിന്നീടങ്ങോട്ട് ഒത്തിരി ജോലികൾ ചെയ്തുവെങ്കിലും ഒരിടത്തും വിജയിക്കുവാൻ കഴിഞ്ഞില്ല.   ഒട്ടുമിക്ക സ്ഥലങ്ങളിലും ജോലിക്ക് ചെല്ലുന്നത് ഇന്ത്യൻ  സമയം അനുസരിച്ചാണ്.  ആയതുകൊണ്ട് അധികനാൾ പലയിടത്തും തുടരുവാൻ കഴിഞ്ഞില്ല.  ജോലിക്കു പോകുന്നതും, പള്ളിയിൽ പോകുന്നതും ഇന്ത്യൻ ടൈമിൽ ആണെങ്കിലും ഉച്ചയൂണും, മൂന്നുമണിക്കാപ്പിയും, വൈകിട്ടത്തെ അത്താഴവും കിറുകൃത്യം അമേരിക്കൻ ടൈമിൽ തന്നെ വേണമെന്നൊരു നിർബന്ധം അന്തോണിക്ക് ഉണ്ട്.  ഇത് ഭാര്യ ലാലി അറിഞ്ഞപ്പോൾ അല്പം ഞെട്ടിയെങ്കിലും മാറിക്കൊള്ളണമെന്നു കരുതി.  കാലങ്ങൾ അങ്ങനെ പലതും കടന്നുപോയി, ഇതിനിടയിൽ മൂന്നു മക്കളെ ദൈവം തന്നു.  അന്തോണി അമേരിക്കയിൽ കാലുകുത്തിയിട്ട് വർഷം 25 കഴിഞ്ഞു എങ്കിലും കാൽ കാശിൻെ്്  പണി കൃത്യമായി  എങ്ങും ചെയ്തിട്ടില്ല.  ഇവിടെ ഒന്നും ശരിയല്ല, അവിടെ എല്ലാം പ്രശ്നങ്ങളാണ് എന്നൊക്കെ പറഞ്ഞും, പുലമ്പിയും നാളുകൾ തള്ളിനീക്കി. ഒരിടത്തും സ്ഥിരമായി മൂന്നുമാസം പോലും ജോലി ചെയ്തിട്ടില്ല. ഭാര്യ ലാലിയുടെ ഹൃദയം തകരുതിയാണ്. 

  ഇപ്പോൾ പിന്നെ ആരെങ്കിലും അന്തോണിയുടെ  ജോലി എന്തെന്ന് ചോദിച്ചാൽ  ഭാര്യ നേഴ്സ്  ആണ്, വണ്ടി ഒന്നേ വീട്ടിലുള്ളൂ,  അവളെ കൊണ്ട് ജോലിക്ക് വിടണം, കൊണ്ടുവരണം പിള്ളേരുടെ കാര്യങ്ങൾക്ക് ഓടണം.  ഇങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റുകൾ പറഞ്ഞ് നേരം കളയും.  പാവം ലാലി ഒത്തിരി പ്രതീക്ഷയോടെ  കുടുംബജീവിതത്തിനു കാലെടുത്തുവെച്ചു. അധികം താമസിക്കാതെ കല്ലുകടിക്കുന്ന അനുഭവം തിരിച്ചറിഞ്ഞു. വീട് പുലർത്തുവാൻ രാവും, പകലും എല്ലാം മറന്ന് ജോലി ചെയ്തു. ഇടയ്ക്കൊക്കെ ജീവിതത്തിൻെ്്,   നിസ്സഹായതയും, വേദനയും ഓർത്ത് ആരും കാണാതെ വിതുമ്പി കരയാറുണ്ട്.  ഭർത്താവ് ഭവനത്തിൽ ഇപ്പോൾ  ജോലിയൊന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു കൂടുതൽ സമയവും ടിവി കണ്ടും, ഫോണിൽ തോണ്ടിയും സമയങ്ങൾ തള്ളി നീക്കി.  ഇടയ്ക്കിടയ്ക്ക് ക്ലബ്ബുകളിൽ കയറിയിറങ്ങി അല്പം സ്മോൾ അടിക്കുന്നതും ഒരു ഹരമാക്കി മാറ്റി.  ഇടയ്ക്കൊക്കെ ലാലി പരിഭവത്തോടെ  ആരോടെങ്കിലും ഒക്കെ പള്ളിയിലും, ജോലിയിലും പറയും ഞങ്ങളുടെ അച്ചായൻ വീട്ടിൽ തണുത്തതു കഴിക്കൂല, എന്നും പുതിയത് ഉണ്ടാക്കണം.  മൈക്രോവേവിൽ വച്ച് ചൂടാക്കി കൂടാ, രാവിലെ കിടക്കയിൽ കാപ്പി വേണം, തുണി കഴുകി തേച്ചു കൊടുക്കണം. വൈകിട്ട് ഞാൻ വന്നതിനുശേഷം ആണ് അത്താഴം ഒരുക്കുന്നതും, കഴിക്കുന്നതും.!  വല്ലപ്പോഴും ഒരിക്കൽ പള്ളിയിൽ പോകും, മനസ്സോടെ അല്ല എൻെ്് നിർബന്ധം കൊണ്ടും, പിന്നെ പഴയ കൂട്ടുകാരെയൊക്കെ കാണാമല്ലോ എന്നൂം കരുതി പോകുന്നതാണ്.  എത്രകാലം ഇങ്ങനെ കഴിയുമോ?  ആർക്കറിയാം?. ഇതിനിടയ്ക്ക് മുടങ്ങാതെ നാട്ടിലും പോകും, വിമാനത്തിൽ കയറുന്നതും, വിമാനത്തിലെ ശാപ്പാട് കഴിക്കുന്നതും  ഞങ്ങളുടെ അച്ഛാന് ഇഷ്ടമാണ്.  ഹോ എന്തൊരു ജീവിതം?

കൂടുണ്ടെങ്കിലും, കടങ്ങൾ വർദ്ധിച്ചു, മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു.  മക്കൾ ചോദിക്കുന്നു നമ്മൾ എന്താ എന്നും ഇങ്ങനെ കിടക്കുന്നത് ?  അവരോട് ഉത്തരം പറയുവാൻ ഒന്നുമില്ലാതെ ഞാൻ ഇടയ്ക്കൊക്കെ അവർ കാണാതെ തേങ്ങിയിട്ടുണ്ട്.  ഭാവിയെ കുറിച്ചുള്ള ചിന്തകൾ പലവട്ടം അലട്ടിയപ്പോഴും ഈശോയോടുള്ള പ്രാർത്ഥന മുടക്കിയില്ല. പ്രാർത്ഥനയുടെ ബലവും, ഭക്തിയും ആണ് ലാലിയെ ഇതുവരെ പിടിച്ചുനിർത്തിയത്.  അമേരിക്ക എന്ന സ്വപ്നഭൂമിയിൽ കാൽ നൂറ്റാണ്ടിനു മുമ്പ് ലാലി പറന്നിറങ്ങിയപ്പോൾ ബന്ധുക്കളില്ല, മിത്രങ്ങളില്ല.  തികച്ചും അപരിചിതമായ രാജ്യം.  കൊടും തണുപ്പിൽ അന്ന് ധരിക്കുവാൻ നല്ല വസ്ത്രങ്ങൾ പോലും ഇല്ലായിരുന്നു.  പല സമയങ്ങളിലും സ്വന്തമായി വാഹനമില്ലതിരുന്നതു കൊണ്ട് മഞ്ഞിൽ നടന്നും, പൊതു വാഹനത്തിൽ കയറിയും, ജോലി, രാത്രിയോ, പകലോ നോക്കാതെ കൃത്യമായി ചെയ്തു.  ഇതിൽ നിന്നൊക്കെ എന്നൊരു മോചനം കിട്ടുമെന്ന് അന്ന് ചിന്തിച്ച് വിതുമ്പിയ സമയങ്ങൾ അനവധിയുണ്ട്.  നാട്ടിൽ അമ്മയ്ക്കും, അപ്പനും കാര്യമായി ഒന്നും കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല.  വിവാഹം കഴിഞ്ഞ നാൾ മുതൽ എല്ലാം നിയന്ത്രിക്കുന്നത് ഭർത്താവാണ്.  ശമ്പളം കിട്ടുന്നത് എത്ര ഉണ്ടെന്നു പോലും അറിയില്ല.  ജോലിക്കിടയിൽ ഒരു കാപ്പി കുടിക്കാൻ കയ്യിൽ കാശില്ലാതെ  പരിഭവപ്പെട്ടിട്ടുണ്ട്.  ഒരു ഡോളർ  വേണമെങ്കിൽ ചോദിച്ചു മേടിക്കണം. അപ്പോഴൊക്കെ നീളമുള്ള ചോദ്യങ്ങൾ അനവധിയാണ്. നിനക്കെന്തിനാ ഇത്രയും പൈസ?  ഇതൊക്കെ കേട്ട് മനസ്സ് മടുത്തിട്ടുണ്ട്.  എന്തൊരു അവസ്ഥ?   ഹൃദയത്തിൻെ്് താൽപര്യമായിരുന്നു  അപ്പനെയും, അമ്മയെയും  അമേരിക്കയിൽ ഒരു പ്രാവശ്യമെങ്കിലും കൊണ്ടുവരണമെന്ന്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അത് നിറവേറ്റുവാൻ സാധിച്ചില്ല.  അവർ ലോകത്തോട് യാത്ര പറഞ്ഞു. അവർ ഞങ്ങൾ മക്കൾക്ക് വേണ്ടി കഷ്ടപ്പെട്ടതും, പട്ടിണി കിടന്നതും ഓർമ്മയിൽ ഇടയ്ക്കിടയ്ക്ക് ഓടിയെത്തും.  അപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്.  അവരുടെ അന്ത്യ ശുശ്രൂഷകളിൽ ഒന്നു  സംബന്ധിക്കുവാൻ ഞാൻ പെട്ട പാട് ആർക്കും അറിയില്ല.  പോകണ്ട അത് ടിവിയിൽ കൂടി കണ്ടാൽ മതി പലവട്ടം ഭർത്താവ് പറഞ്ഞു.  എങ്കിലും  ഒരു വിധത്തിൽ എൻെ്് അമ്മയുടെ അന്ത്യ ശുശ്രൂഷകൾക്ക് പോകുവാൻ സാധിച്ചു.  അതെനിക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല.  അപ്പൻെ്്തിന് പോകുവാൻ  സാധിക്കാതെ വന്ന ദുഃഖവും, വേദനയും ഞാനെന്നും ഹൃദയത്തിൽ വഹിച്ചു കൊണ്ടാണ് നടക്കുന്നത്.  എല്ലാം കടിച്ചമർത്തിക്കൊണ്ട് ലാലി ചോദിച്ചു ദൈവം കൈവിട്ടുവോ?   പെട്ടെന്ന് ആരോ തന്നോട് ഹൃദ്യമായി സംസാരിക്കുന്നത് പോലെ തോന്നി!  ഇല്ല,  ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഞാൻ നിന്നോട് കൂടെയുണ്ട്.  അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല, പെരുവെള്ളം, നിന്നെ മുക്കി കളയുകയില്ല,  കഷ്ടങ്ങളിൽ ഞാൻ ഏറ്റവും അടുത്ത  തുണയത്ര.  ആ ശബ്ദം ലാലിയെ പെട്ടെന്ന് ധൈര്യപ്പെടുത്തി കണ്ണു തുറക്കാൻ ശ്രമിക്കുമ്പോൾ  ഭർത്താവ്  ഉറക്കെ പറയുന്നത് കേട്ടു, നിനക്കെന്തു പറ്റി ഉറങ്ങിപ്പോയോ? പെട്ടെന്ന് പോയി ക്ലോക്ക് ചെയ്യ്.  കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിന്റെ കവാടത്തിങ്കൽ വണ്ടി എത്തിക്കഴിഞ്ഞു.  പെട്ടെന്ന് എല്ലാം വലിച്ചെടുത്ത് ഒരു 
 ദീർഘശ്വാസത്തോടെ ഹോസ്പിറ്റലിലേക്ക് വേദനിക്കുന്ന മനസ്സുമായി നടന്നു കയറി! 

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.