PRAVASI

ഓർമ്മയെന്നത് അത്ര നിസ്സാരമായ ഒന്നല്ല,ഭാഷയിലാണ് അതിന്റെ പാർപ്പ്

Blog Image

തൊണ്ണൂറുകളുടെ മധ്യ ത്തിലായിരുന്നു ആ കണ്ടുമുട്ടൽ.കൃത്യമായി അക്കത്തിൽ എഴുതിയാൽ 1995.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ പിന്നാമ്പുറത്തുള്ള, ലോ അക്കാദമി ലൈബ്രറിയുടെ സമീപത്തുള്ള ബഥനി ഹോസ്റ്റലിൽ വച്ചാണ്‌ പ്രിയ ജോസഫിനെ ഞാനാദ്യമായി കാണുന്നത്.

മദ്ധ്യ തിരുവിതാംകൂറിൽ നിന്ന് വീടു വിട്ട് ഒറ്റയ്ക്ക് പോയി കാര്യവട്ടത്തെ ക്യാമ്പസ്സിൽ എത്തിയ ത്രില്ലിലായിരുന്നു ഞാൻ.എന്റെ അപ്പന് പ്രായമായിക്കഴിഞ്ഞിരുന്നു. സഹോദരങ്ങൾ വിദേശത്തും.എന്തൊക്കെയോ മോഹങ്ങളിൽ മേഞ്ഞുനടന്നിരുന്ന കാലം.

എറണാകുളത്തെ തെരേസ്യൻ കാലഘട്ടത്തെ മഹാരാജാസിലെ ഗ്രേറ്റ്‌ അവെയ്ക്നിങ്ങ് കൊണ്ട് പോളിഷ് ചെയ്ത് CDS ലേക്ക് ആകർഷിക്കപ്പെട്ട പരുവത്തിലാണ് പ്രിയയെ ഞാൻ കണ്ടത്.അയഞ്ഞ ടി ഷർട്ട്. ഉച്ചിയിൽ കൂടാരമടിച്ച ചുരുൾമുടി. കൈ വീശി നടത്തം. കണ്ണിൽ പൂപ്പുഞ്ചിരി.

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. മെസ്സിൽ ചിക്കൻ കറി വിളമ്പുന്ന ദിവസം. അത്താഴ മണി അടിക്കുന്നതിനു മുൻപ് തന്നെ സ്റ്റെപ്പിറങ്ങി പരിസരങ്ങളിൽ കൂട്ടം കൂടി കുശിനിയിലെ സുഗന്ധകൂട്ടുകളെ ഉള്ളിലേക്ക് ആവാഹിക്കുന്ന നേരം. സമയമിതപൂർവസായാഹ്നം …. എന്നൊക്കെ പാടാൻ തോന്നിപ്പിക്കുന്ന നേരം.സിസ്റ്റർ ഡോരോത്തി ഒരു ഹെലികോപ്റ്റർ പോലെ ഞങ്ങൾക്ക് മേൽ പറന്നു നടന്നിരുന്ന കാലം.(റബ്ബർ മരങ്ങൾ ക്ക്‌ മേൽ തുരിശടിക്കാൻ മൂളി പറന്നു നടക്കുന്ന ഹെലികോപ്റ്ററുകൾ എന്റെ ബാല്യത്തിലെ കൗതുകകാഴ്ചയായിരുന്നു).

അക്കാലത്ത് സിസ്റ്റർ ഡോരോത്തി ഡ്രോൺ ആണ് പറത്തിയിരുന്നത് എന്നിപ്പോൾ തോന്നുന്നു.

ഞാനും പ്രിയയും പരിചയപ്പെട്ടു. തൊടുപുഴയും പാലായും സംസാരത്തിൽ പൊരുത്തപ്പെട്ടു.

എഴുത്തും വായനയുമൊന്നും അക്കാലത്ത് എന്റെ സംസാരത്തിൽ വന്നതേയില്ല.അങ്ങനെയൊന്ന് ഉണ്ടെന്നുള്ള വിചാരം പോലുമില്ല.
ക്യാമ്പസ്സിൽ ആയിരിക്കുമ്പോൾ മലയാളം ഡിപ്പാർട്മെന്റിലേക്ക് ആരാധനയോടെ നോക്കും.ബസ്സും കാത്ത് കലുങ്കിൽ ഇരിക്കുമ്പോൾ തുണി സഞ്ചിയും തൂക്കി കവി പ്രൊഫസർ ദേശമംഗലം അക്കെഷ്യ മരങ്ങൾക്കിടയിലൂടെ നടന്നു വരുന്നത് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്..

പെട്ടെന്നൊരുനാൾ പ്രിയ സി ഡി എസിന്റെ ക്യാമ്പസ്‌ ഹോസ്റ്റലിൽ പ്രവേശനം കിട്ടി അപ്രത്യക്ഷയാകുന്നു. താമസിയാതെ ഞാനും സിസ്റ്റർ ഡോറോത്തിയുടെ അപ്രീതിക്ക് പാത്രമായി YWCA യിലേക്ക് സ്ഥലം മാറുന്നു. വലത്തോട്ട് പോയാൽ കോഫി ഹൌസ്. ഇടത്ത് സ്പെൻസർ ജംഗ്ഷൻ. സ്വാതന്ത്ര്യത്തിന്റെ കാറ്റ്. മിസ്സ്‌. ജോർജ് എന്ന വാർഡൻ കൊച്ചമ്മയുടെ പോസിറ്റീവ് ആൻഡ് എൻറിച്ചിങ് ഡെയിലി റൂട്ടിനെസ്.നല്ലൊരു കാലം.

അങ്ങനെയിരിക്കെ തീസിസിനായി ഡേറ്റ കളക്ഷന്നായി CDS ലേക്ക് പോകേണ്ടി വന്നു. സെക്രട്ടേറിയേറ്റ് ജംഗ്ഷനിൽ നിന്ന് CDS ന്റെ ബസിൽ പട്ടണം വിട്ട് ചെറിയ നാട്ടുവഴികളിലൂടെ കുന്നും ചെരിവും കയറി യിറങ്ങി യാത്ര ചെയ്തത് ഇന്നലെയെന്നവണ്ണം ഞാനിപ്പോൾ ഓർക്കുന്നു.

ആദ്യദിനം തന്നെ CDS ന്റെ ലോബ്ബിയിൽ വച്ച് പ്രിയയെ വീണ്ടും കണ്ടു. കുറെ പുസ്തകങ്ങളും ലൈബ്രറിക്കാർഡുമൊക്കെ തിരികെ കൊടുത്തു കൊണ്ട് പ്രിയ ഒരു മഹാ പ്രഖ്യാപനം നടത്തുന്നു. ഉടനെ എന്റെ കല്യാണമാണ്.തല്ക്കാലം പഠനം നിർത്തുന്നു.

സത്യത്തിൽ കല്യാണമെന്ന അതിശയബോംബ് എന്റെ ഹൃദയത്തിൽ പൂത്തിരിയായി മിന്നിപ്പൊലിഞ്ഞു.. തറയോടിട്ട ആ ചെമപ്പ് നിലത്ത് ആ നിമിഷത്തിൽ എത്ര മത്താപ്പൂ ഞാൻ കത്തിച്ചു. ഭാവനയുടെ കൊടച്ച ക്രം കറങ്ങിത്തിരിഞ്ഞു വന്ന് എന്റെ കാൽ വിരലിൽ തട്ടിയപ്പോൾ കേട്ടു പ്രിയയുടെ പതിഞ്ഞ ശബ്ദം.
“റോബിൻ ആർപ്പൂക്കരക്കാരനാണ്.അമേരിക്കയിലാണ്. IT യിലാണ്.ഞാനും അങ്ങോട്ട് പോകുന്നു.”ശേഷം മൈക്കിൾ എന്നൊരു സുഡാനി ഗവേഷകനെ എനിക്ക് പരിചയ പ്പെടുത്തിയിട്ട് പ്രിയ ആ സന്ദർഭത്തിൽ നിന്ന് പറന്നു പോകുന്നു.അല്ലെങ്കിൽ സ്കൂട്ട് ആകുന്നു.

ഒരു മാസത്തോളം മൈക്കിളിന്റെ ലൈബ്രറിക്കാർഡ് എന്റെ കൈയിലിരുന്നു. ലാറി ബേക്കർ വാസ്തുവിദ്യയുടെ സവിശേഷഗുണങ്ങൾ കണ്ടറിഞ്ഞ് പിരിയൻ പടവുകൾ ചുറ്റിക്കറങ്ങി പുസ്തകം തിരഞ്ഞും നോട്ടു കുറിച്ചും സമയം നിങ്ങവേ പലയിടങ്ങളിലും മൈ ക്കിളും പ്രത്യക്ഷപ്പെട്ടു. വേഗം തീർന്നു പോയ ആ നല്ല നാളുകൾ ബുദ്ധി കൊണ്ട് അധ്വാനിച്ച നാളുകളാണ്. അതൊന്നും നീണ്ടു നിന്നില്ല.ആർദ്രതയുള്ളതൊക്കെ അവശേഷിക്കുന്നു എന്ന് ലോകത്തോട് പറയാനാണ് ഇന്നെനിക്കിഷ്ടം. ഊഷ്മളമായ സൗഹൃദത്തിന് ഒരു ആലിംഗനത്തിലൂടെ യാത്ര പറയാൻ മുന്നോട്ടാഞ്ഞ മൈക്കിളിനെ വെറും ഹാൻഡ് ഷേക്കിൽ ഒതുക്കി വിട നൽകിയ ക്രൂരയാണ് ഞാൻ.

ഓർമ്മകളിങ്ങനെ പെയ്തിറങ്ങുന്നത് ഒരാളെപ്പറ്റിയുള്ള വിചാരങ്ങളെ ഭ്രമണം ചെയ്താണ്. പ്രിയ ജോസഫ് എന്ന കഥാകാരി.ഒരിക്കൽ നാട് വിട്ട് ദൂരേക്ക് പോയി, വേഗതയുള്ള മറ്റൊരു സജീവ ധാരയുടെ ഭാഗമായി. സംഭവബഹുലമായ നാളുകൾ! അവിടിരുന്ന് വെട്ടിയും തിരുത്തിയും ഭാഷയെ മിനുക്കാൻ വിദഗ്ദയായ ഈ കൂട്ടുകാരി, അവൾ കണ്ടത്തിയ സങ്കേതത്തിൽ നിന്ന് ആത്മാവിനെ കണ്ടെടുത്ത് വാക്കുകളിൽ കുത്തിക്കെട്ടുകയാണ്. തനിക്ക് തൊടാവുന്ന അകലത്തിലുള്ളതും നോട്ടം ഉറപ്പിക്കാവുന്നതുമായ ഭൂമികയിൽ ആത്മവിശ്വാസത്തോടെ അവൾ വിളവിറക്കിയിരിക്കുകയാണ്. അവളുടെ കഥകൾ ഏഴും എഴുപതും കവിഞ്ഞ് മൾട്ടി ഫോൾഡ് ആകട്ടെ.ഇനിയുമിനിയും പുരസ്‌കാരങ്ങൾ വന്നെത്തട്ടെ.

പല കാലങ്ങളിൽ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കഥകൾ മാണീം ഇന്ദിരാഗാന്ധിo എന്ന സമാഹാരത്തിൽ ഒരുമിക്കുമ്പോൾ കഥകളെപ്പറ്റിയൊന്നും ഇവിടെ ഞാൻ എഴുതുന്നതിലും എന്നെ ആകെമൊത്തം ഉണർത്തുന്നത് ആ പഴയ കാല ഓർമ്മകളുടെ കണ്ടെടുക്കലാണ്.

ഒരാൾ മറ്റൊരാളെ ഓർക്കാനാവുന്ന വിധം ഭാഷയ്ക്കുവേണ്ടി അത്രമേൽ ജാഗ്രതയോടെ തന്നെത്തന്നെ താനറിയാതെ കരുതി വയ്ക്കുന്നതു പോലും ഉത്കൃഷ്ടമായ സാഹിതീ നിർവഹണമാണ്.ഓർമ്മയെന്നത് അത്ര നിസ്സാരമായ ഒന്നല്ല. ഭാഷയിലാണ് അതിന്റെ പാർപ്പ്.

പ്രിയ ജോസഫ് 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.