കോട്ടയം: അണക്കര ഓരത്തേല്‍ ബെന്നി ഫൗണ്ടേഷനും കോട്ടയം വര ആര്‍ട് ഗാലറിയും ചേര്‍ന്ന്, കേരളത്തിലെ വിവിധ സാംസ്കാരിക മേഖലകളിലെ ഗുരുസ്ഥാനീയര്‍ക്ക് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഗുരുരത്ന' അവാര്‍ഡ് പ്രശസ്ത ശില്പിയും ചിത്രകാരനും കവിയുമായ കാനായി കുഞ്ഞിരാമന് സമര്‍പ്പിക്കും. അരനൂറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന്‍റെ കലാസപര്യയെ മാനിച്ചാണ് അവാര്‍ഡ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. നവംബര്‍ മാസത്തില്‍, കാഞ്ഞങ്ങാട്ടുള്ള കാനായിയുടെ വസതിയിലെത്തി പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ രക്ഷാധികാരികളായ തേക്കിന്‍കാട് ജോസഫ്, പോള്‍ മണലില്‍, മാത്യൂസ് ഓരത്തേല്‍ എന്നിവര്‍ അറിയിച്ചു.


