PRAVASI

വൈകീട്ട് കിട്ടേണ്ട സർക്കാർ ഉത്തരവിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരരുത്! ഭരണപരിഷ്കരണത്തിന് പുതിയ ലക്ഷ്യവുമായി ഡോ. എം.കെ. മുനീർ

Blog Image

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ പല തട്ടുകളിലായി ഫയലുകൾ കുടുങ്ങി, വൈകീട്ട് ലഭിക്കേണ്ട ഉത്തരവിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. ഭരണപരിഷ്കരണ കമ്മീഷനെ ജനങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനം ഒരു അലങ്കാര പദവിയായി ഒതുങ്ങാതെ, റിപ്പോർട്ടുകളിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള സംവിധാനമായി മാറണമെന്നും മുനീർ പറഞ്ഞു.

കേരളത്തിലെ അഞ്ചാമത്തെ ഭരണപരിഷ്കരണ കമ്മീഷനാണിത്. 1957ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യ കമ്മീഷൻ രൂപീകരിച്ചത്. കേരളം രൂപീകൃതമായതിനുശേഷം പുതിയ ജനാധിപത്യ ഭരണസംവിധാനത്തെ എങ്ങനെ പരിഷ്കരിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ നീക്കം. ജോസഫ് മുണ്ടശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖർ അംഗങ്ങളായിരുന്നു. പിന്നീട് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കമ്മീഷനും ഇ.കെ. നായനാർ ചെയർമാനായ കമ്മീഷനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള നാലാമത്തെ കമ്മീഷനും പ്രവർത്തിച്ചു.

പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ മുൻ ഭരണപരിഷ്കരണ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ വായിക്കാനാണ് താൻ ആദ്യം തീരുമാനിച്ചതെന്ന് മുനീർ പറഞ്ഞു. പൊതുവായന തൽക്കാലം മാറ്റിവെച്ച് ഈ റിപ്പോർട്ടുകൾ പഠിക്കുന്നതായിരിക്കും അടുത്തകാലത്തെ പ്രധാന ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് 14 റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നെങ്കിലും അവ നടപ്പാക്കാതെ മാറ്റിവെച്ചത് കമ്മീഷന്റെ പ്രവർത്തനം വെറും ഔപചാരികമാണെന്ന ധാരണയ്ക്ക് കാരണമായെന്നും മുനീർ ചൂണ്ടിക്കാട്ടി. ഈ പദവി പ്രാവർത്തികമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ റിപ്പോർട്ടുകളിൽ നടപ്പാക്കാതെ കിടക്കുന്ന നിരവധി നിർദേശങ്ങളുണ്ടാകാമെന്നും ഇ.കെ. നായനാർ ഏകദേശം അഞ്ചോളം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും മുനീർ ഓർമിപ്പിച്ചു. ഇ.എം.എസിന്റെ രണ്ടു വാല്യങ്ങളിലുള്ള റിപ്പോർട്ടുകൾക്കു പുറമേ ദേശീയതലത്തിലെ ഭരണപരിഷ്കരണ കമ്മീഷനായ വീരപ്പ മൊയിലിയുടെ റിപ്പോർട്ടും മൊറാർജി ദേശായിയുടെ റിപ്പോർട്ടും ഉൾപ്പെടെ നിരവധി രേഖകൾ ഈ മേഖലയിൽ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, അവയിൽ നിർദേശിച്ച മാറ്റങ്ങളുടെ ഗുണം താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ഇപ്പോഴും വേണ്ടത്ര അനുഭവിക്കാനാകാത്തതാണ് ഏറ്റവും ദൗർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പഠിക്കുന്നതിൽ ഒതുങ്ങാതെ അവയിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിലൂടെ ഭരണസംവിധാനത്തിലെ കാലതാമസം കുറയ്ക്കാനും ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുമോ എന്നതാകും പുതിയ കമ്മീഷന്റെ പ്രധാന വെല്ലുവിളി.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.