PRAVASI

ബെല്ലും ബ്രേക്കും ഗിയറും ഇല്ല! ഒന്ന് മാറി നിൽക്കണേ!

Blog Image

ആ കാലത്ത് ഇസ്രയേലിൽ രാജാവില്ലായിരുന്നു ഓരോരുത്തൻ തനിക്ക് ബോധിച്ചതുപോലെ നടന്നു (ന്യായാധി: 21 25).  ഇത് ഒരു മഹാ ദുരന്ത കാലഘട്ടത്തിൻ്റെ തലക്കെട്ട്.  തല ഉയർത്തി നോക്കുക ഇതൊക്കെ തന്നെയാണ് ഇന്നും സംഭവിക്കുന്നത്.  അധർമ്മം അനുസരണക്കേട് അഹങ്കാരം നിഗളം ഈ ചേരുവകളുടെ മട്ടും കൊഴുപ്പും ഹൃദയങ്ങളിൽ കട്ടപിടിച്ച് ഭാഷ വർഗ്ഗ വർണ്ണ വിത്യാസമില്ലാത്ത ഒരു സമൂഹം ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാതെ ഓടുകയാണ്.   ഭരണഘടനയും നിയമാവലികളും അലമാരകളിൽ പൂട്ടി വെച്ച് നിയമത്തെയും ഭരണത്തെയും കൊഞ്ഞനം കുത്തി വെല്ലുവിളിക്കുന്ന കലിയുഗ കാലഘട്ടം.  ഏതു മനുഷ്യനും ശ്രേഷ്ഠ അധികാരങ്ങൾക്ക് കീഴ്പ്പടട്ടെ ദൈവത്താൽ അല്ലാതെ ഒരു അധികാരവും ഇല്ലല്ലോ  (റോമർ 13: 1) എന്ന് കേൾക്കുന്നത് പലർക്കും പുച്ഛമാണ്.

തട്ടിപ്പറി, പിടിച്ചുപറി, കൈക്കൂലി, നിയമ ലംഘനം, പോലീസിനെ തല്ലുക, റോഡ് തടയൽ, മയക്കുമരുന്ന്, സ്ത്രീ പീഡനം മത ഭ്രാന്തന്മാരുടെ വിളയാട്ടം ഇങ്ങനെ നീളുന്ന പട്ടിക മൂന്നാംകിട രാജ്യങ്ങളുടെ തിലക കുറികളാണ്.  ഇവിടെ മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവും കുട്ടി നേതാക്കളും കുട്ടി അധികാരികളും കടിഞ്ഞാൺ ഇല്ലാത്ത കുതിരകൾപോലെ ബോധിച്ചത് പ്രവർത്തിക്കുന്നു.  മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും ഇവർ ചവറ്റുകൊട്ടയിൽ ചവിട്ടി താഴ്ത്തുന്നു.  ഇങ്ങനെയുള്ള രാജ്യങ്ങളിൽ ഔദ്യോഗിക പദവികൾ അലങ്കരിക്കുന്ന പല വിരുദന്മാരും ചമ്പൽ കൊള്ളക്കാർക്ക് തതുല്യർ.  ആർത്തിയും കൊതിയും തീരാത്ത നാശം വിതയ്ക്കുന്ന അമിട്ടുകൾ.  സാധുക്കളെ നീരാളി പോലെ കിമ്പളത്തിന് വേണ്ടി ചുറ്റി പിടിക്കുന്ന വിഷം നിറഞ്ഞ അണലികൾ.  ഖജനാവ് ഇവരുടെ കലവറയാണ്.  ഇങ്ങനെയുള്ളവർ പരിഷ്കൃത സമൂഹത്തിന് അറപ്പും വെറുപ്പും അത്രേ.  ഇവർ നിമിത്തം അനവധി കുടുംബങ്ങൾ കണ്ണുനീരിൻ്റെ കയത്തിൽ മുങ്ങികൊണ്ടിരിക്കുന്നു.

കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുകയും കുറ്റം ചെയ്യതവനെ കോടതിയിൽ പോലും ഹാജരാക്കാതെ തികച്ചും കാടത്വവും മൃഗീയവുമായി പൊതു നിരത്തിൽ വലിച്ചിഴച്ച് കെട്ടിയിട്ട് തല്ലിച്ചതയ്ക്കുന്നു.  ഇത്തരം കണ്ണിൽ ചോരയില്ലാത്ത മനുഷ്യരഹിതമായ പ്രവർത്തികൾ  മൂന്നാം കിട രാജ്യങ്ങിളിലല്ലാതെ മറ്റൊരിടത്തും നടക്കാറില്ല.  ഇതൊക്കെ കാണുമ്പോൾ നാം തലകുനിക്കണം.  നരബലിയും സതിയും തല വെട്ടലും ഒക്കെ നടന്ന പ്രാചീന കാലഘട്ടത്തിലേക്ക് നാം മടങ്ങിപ്പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

ഇതര രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥി ലേബലിലും നുഴഞ്ഞും അല്ലാതെയും ഒത്തിരി ആളുകൾ അമ്മേരിക്കയുടെ മണ്ണിൽ കയറിക്കൂടിയിട്ടുണ്ട്.  അവർ അവരുടെ രാജ്യത്ത് നടത്തിയിരുന്ന അതേ കലാപരിപാടികൾ ഇവിടെയും പുറത്തെടുക്കുന്നു. മിനസ്സോട്ടയിൽ സോമാലിയൻ വംശജർക്കിടയിൽ നടക്കുന്ന വൻ അഴിമതിയുടെയും, തട്ടിപ്പുകളുടെയും വാർത്ത ജപ്പാനിലെ ഭൂ ചലനത്തെകാൾ വലിയ ചലനം  അമ്മേരിക്കയിൽ തൊടുത്തുവിട്ടു.  ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം അമ്മേരിക്കൻ ഖജനാവിൽ നിന്ന് ശതകോടി കണക്കേ അടിച്ചുമാറ്റി പറന്ന് നടന്ന് സുഖിക്കുന്ന പകൽ മാന്യൻമാരും അവരുടെ ശിങ്കിടികളും അമ്മേരിക്ക വിരുദ്ധരാണ്.  യഥാർത്ഥത്തിൽ ഇവർ ആരാണ് ?  കപ്പൽ മുക്കുന്ന കടൽ ക്കൊള്ളക്കാർ.  കോവിഡ് എന്ന ചൈനീസ് വൈറസ്  ആഞ്ഞടിച്ചപ്പോൾ ലോകം നിശ്ചലമായി.  കുടുംബങ്ങൾ അനാഥമായി മരണം നൃത്തം ചവിട്ടി.  ഇന്നും പലരും ആ വേദനയിൽ ദിനങ്ങൾ തള്ളിനീക്കുമ്പോൾ  കോവിഡ് കാലം പല ദുർ മോഹികൾക്കും മഹാലക്ഷ്മി ആയി മാറി.  കടലാസ് ബിസിനസുകൾ  തലപൊക്കി നികുതിപ്പണം പോക്കറ്റിൽ കുത്തി നിറച്ചു.  അങ്ങനെ കോവിഡ് കോടിപതികൾ ധനികന്മാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.   

ഈ രാജ്യത്തിൻറെ സംസ്കാരവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാതെ 
അമ്മേരിക്കയ്ക്ക് അയിത്തവും വിലക്കും കൽപ്പിക്കുന്നവർ എന്തുകൊണ്ട് മടങ്ങി പോകുന്നില്ല?  കമ്മ്യൂണിസവും സോഷ്യലിസവും നല്ലതെന്ന് തോന്നുന്നുവെങ്കിൽ റഷ്യയും ചൈനയും നിങ്ങളെ മാടിവിളിക്കുന്നു.  നിങ്ങളുടെ ഇരുട്ടിൻ്റെ പ്രവർത്തികളും  അന്ധമായ അനാചാരങ്ങളും ഇവിടെ അടിച്ചേൽപ്പിക്കുവാൻ തുനിയുന്നെങ്കിൽ തെറ്റി.   ഈ മഹൽ രാജ്യം  ലോകത്തിൻ്റെ വിളക്കും മതസ്വാതന്ത്ര്യത്തിൻ്റെയും മൗലികാവകാശങ്ങളുടെയും കലവറയും ആണ്.  ക്രിസ്തീയ മൂല്യങ്ങളെയും സംസ്കാരത്തെയും കാറ്റിൽ പറത്തിയിട്ട് അസ്സന്മാർഗികതയും വൈകൃതമായ ലൈഗിക പ്രവർത്തികളും വിദ്യാഭ്യാസ മേഖലകളിലും സാമൂഹിക തലങ്ങളിലും കുത്തി  നിറയ്ക്കുവാൻ പലരുടെയും കരങ്ങൾ ചലിക്കുകയാണ്.  ബെല്ലും ബ്രേക്കും ഇല്ലാതെ കുതിച്ച് പായുന്ന നിങ്ങൾ മറക്കരുത് ഈ പാച്ചിൽ നാശത്തിലേക്കുള്ള കുതിപ്പത്രേ.   സാമാന്യബോധവും വിവരവും ഉള്ളവർ ഇവരുടെ കൂട്ടത്തിൽ കൂടരുത് ഓടി മാറുക.  


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.