കോട്ടയം: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയൊരുക്കിയാണ് സംസ്കാരം നടത്തിയത്. സതീഷ് പല്ലാട്ട് ചിതയ്ക്ക് തീകൊളുത്തി. വീട്ടുകാരും ആനപ്രേമികളും നാട്ടുകാരും നിറകണ്ണുകളോടെ ബ്രഹ്മദത്തന് യാത്രാമൊഴിയേകി.
ഞായറാഴ്ച രാത്രി 6.30ഓടെയാണ് ബ്രഹ്മദത്തന് മിന്നലേറ്റത്. നീർക്കെട്ടിനുള്ള ചികിത്സയ്ക്കും കുളിപ്പിക്കലിനും ശേഷം മരങ്ങൾക്കിടയിലുള്ള താൽക്കാലിക ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. അവിടെവച്ചാണ് മസ്തകഭാഗത്ത് മിന്നലേറ്റത്. മുൻകാലുകൾ നിലത്തേക്ക് മടക്കി കുമ്പിട്ട നിലയിലായിരുന്നു ആന. മിന്നലേറ്റതിനെ തുടർന്ന് ചന്ദനനിറമുണ്ടായിരുന്ന മുഖം ആകെ കരുവാളിച്ചുപോയി. മദപ്പാടിൽനിന്ന് അഴിച്ചിട്ട് പത്ത് ദിവസം മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. അതിനുശേഷം ബ്രഹ്മദത്തനെ പുറത്തേക്ക് കൊണ്ടുപോയിരുന്നില്ല. ഉച്ചയ്ക്ക് മൂന്നോടെ കുളിപ്പിച്ച് ഷെഡിൽ നിർത്തിയ ശേഷം പാപ്പാന്മാർ താമസസ്ഥലത്തേക്ക് പോയിരുന്നു. ആറരയോടെയാണ് ദുരന്തമുണ്ടായത്.
ALSO READ:ആർഎംഡി കണക്കിൽ പിഴച്ചാൽ ബിൽ കൂടുമോ? മീറ്റർ റീഡർമാരുടെ സമരം നീളുന്നത് ഉപഭോക്താക്കളെയും ബാധിച്ചേക്കും
കഴിഞ്ഞ ഉത്സവ സീസണിലും ബ്രഹ്മദത്തൻ സജീവമായിരുന്നു. കുടുംബത്തിലെ നാല് സഹോദരങ്ങൾ വഴിയെത്തുന്ന ഉത്സവങ്ങൾക്കാണ് സാധാരണയായി ആനയെ വിട്ടിരുന്നതെന്നും ഇടനിലക്കാരുണ്ടായിരുന്നില്ലെന്നും ഉടമയുടെ കുടുംബം പറയുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലായിരുന്നു ബ്രഹ്മദത്തൻ അവസാനം പോയത്. ജൂൺ ആദ്യവാരം മുതൽ നീരിന്റെ ലക്ഷണം കണ്ടതിനെ തുടർന്ന് ആനയെ ആനത്തറയിൽ കൊണ്ടുകെട്ടുകയായിരുന്നു. സാധാരണയായി വീട്ടുവളപ്പിലാണ് കെട്ടിയിരുന്നത്. എന്നാൽ നീരിന്റെ സമയത്ത് വാഹനങ്ങളുടെ ശബ്ദം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ആനത്തറയിലേക്ക് മാറ്റിയിരുന്നത്.
ബ്രഹ്മദത്തന് കുടുംബവുമായി അടുത്ത ബന്ധമായിരുന്നുവെന്നും പ്രത്യേകിച്ച് അമ്മയോട് വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ഉടമയുടെ കുടുംബം പറയുന്നു. എവിടെ പോയാലും തിരിച്ചെത്തിയാലും അമ്മയുടെ അടുത്തെത്തി നിൽക്കുന്നത് പതിവായിരുന്നു. ബ്രഹ്മദത്തനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. കുടുംബം നൽകുന്ന സ്നേഹത്തിനപ്പുറം ആനപ്രേമികളും നാട്ടുകാരും അവന് സ്നേഹം നൽകിയിരുന്നുവെന്ന് ഉടമയുടെ കുടുംബം പറയുന്നു. “ബ്രഹ്മദത്തൻ ഒരിക്കൽപോലും ഒരാളെയും ആക്രമിച്ചിട്ടില്ല. ഒരു കേസിലും പ്രതിയായിട്ടില്ല. ഞങ്ങളെയും പ്രതിയാക്കിയിട്ടില്ല” എന്ന അഭിമാനത്തോടെയുള്ള വാക്കുകളോടെയാണ് കുടുംബം പ്രിയപ്പെട്ട ഗജവീരന് യാത്രയയപ്പ് നൽകിയത്.

