PRAVASI

നീതിമാന്‍റെ വിഷാദയോഗം

Blog Image

ഒന്ന്
ജനുവരിയിലെ തണുത്തുറഞ്ഞ പ്രഭാതം. നിരത്തുകളില്‍ മാത്രമല്ല മരച്ചില്ലകളില്‍പ്പോലും മഞ്ഞിന്‍കണങ്ങള്‍ മിന്നിനില്ക്കുന്ന വഴികളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ പിന്‍സീറ്റില്‍ രോമക്കുപ്പായത്തിന്‍റെ പോക്കറ്റുകളിലേക്ക് കൈകള്‍ കടത്തി ഫിലോമിനാമ്മ ചാരിയിരുന്നു. മൂത്തമകന്‍ ജോമിയാണ് വണ്ടി ഓടിക്കുന്നത്. മരുമകള്‍ സോണിയ മുന്‍സീറ്റിലുണ്ട്. രണ്ടാമത്തെ മകന്‍ ടോമിയും ഭാര്യ സീമയും പിന്നിലെ കാറിലുണ്ട്. ഫിലിപ്പച്ചായന്‍ മരിച്ചിട്ട് ഒരു വര്‍ഷം. കാലം എത്ര വേഗം കടന്നുപോകുന്നു. ഫിലോമിന ഓര്‍ത്തു. ഡാളസിലെ സെന്‍റ് മാത്യൂസ് പള്ളിയില്‍ രാവിലെ കുര്‍ബ്ബാന കണ്ട് അഞ്ചുമൈല്‍ അകലെയുള്ള മേരിഹില്‍സിലെ സെമിത്തേരിയില്‍ അന്തിയുറങ്ങുന്ന ഫിലിപ്പച്ചായനെ കാണുവാനാണ് അവര്‍ പോകുന്നത്. മനോഹരമായ ശിലാഫലകത്തിനു മുന്‍പില്‍ അമ്മയും മക്കളും പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് മരിച്ച വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുവാനുള്ള പ്രാര്‍ത്ഥനയും ചൊല്ലി. ഫിലിപ്പ് പുളിക്കന്‍, ജനനം: 15-06-1939, മരണം: 20-01-2020. ഫിലിപ്പച്ചായന്‍റെ ചിത്രത്തിന് താഴെ ഇത്രയും എഴുതിയിട്ട് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ആപ്തവാക്യവും കൊത്തിവച്ചിരിക്കുന്നു. "ജീവിക്കുക; ജീവിക്കാന്‍ അനുവദിക്കുക." വിതുമ്പിക്കരഞ്ഞ ഫിലോമിനാമ്മയെ മക്കളും മരുമക്കളുംകൂടി കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ 54 വര്‍ഷത്തെ തന്‍റെ ദാമ്പത്യജീവിതത്തിന്‍റെ മധുരമനോജ്ഞ സ്മരണകള്‍ ഫിലോമിനാമ്മയുടെ മനസ്സില്‍ ഓരോന്നായി കടന്നുവന്നു. പ്രീഡിഗ്രി പഠനം കഴിഞ്ഞ് താന്‍ ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു നടക്കുന്ന സമയം. റാന്നിയിലെ കുഞ്ഞമ്മ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിന്‍റെ വിവാഹാലോചനയുമായി വീട്ടിലെത്തി. ചെറുക്കന്‍റെ വീട് കുമരകത്താണ്. ദില്ലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ദില്ലിയിലെത്തുന്ന മലയാളികള്‍ക്കെല്ലാം സഹായം നല്കുന്നവന്‍; സുന്ദരന്‍; സുമുഖന്‍. ഇങ്ങനെ ഫിലിപ്പച്ചായന്‍റെ ഗുണഗണങ്ങള്‍ കേട്ട കല്ലിശ്ശേരിക്കാരിയായ തനിക്ക് കല്യാണത്തിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ല. വിവാഹവും വിരുന്നു സല്‍ക്കാരങ്ങളും കഴിഞ്ഞ് താന്‍ ദില്ലിയിലേക്കുള്ള തീവണ്ടി കയറി.
രണ്ട്
ദില്ലിയിലെ പഹഡ്ഗഞ്ചില്‍ ഒരു കിടപ്പുമുറിയും വിശാലമായ ഹാളും ചെറിയ അടുക്കളയുമുള്ള ഫ്ളാറ്റില്‍ പുതിയ പുളിക്കല്‍ കുടുംബം പ്രത്യാശയുടെ കതിരുകള്‍ ഉയര്‍ത്തി ജീവിതം ആരംഭിച്ചു. സരസനും സമര്‍ത്ഥനുമായിരുന്ന ഫിലിപ്പ് ജോലി കഴിഞ്ഞാലും മലയാള സമാജത്തിന്‍റെയും സമുദായ സംഘടനയുടെയുമൊക്കെ ആലോചനായോഗങ്ങളില്‍ പങ്കെടുത്ത് വൈകിയാണ് വീട്ടിലെത്തിയിരുന്നത്. ദില്ലിയിലെ മലയാളികളുടെ ഏതു സംരംഭത്തിലും ഫിലിപ്പ് അവിഭാജ്യഘടകമായിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന എം.പി.മാരെയും എം.എല്‍.എ.മാരെയും കാണാന്‍ ജന്തര്‍ മന്തര്‍ റോഡിലുള്ള കേരളാ ഹൗസിലെ നിത്യസന്ദര്‍ശകനായിരുന്നു ഫിലിപ്പ്. അവര്‍ക്കെല്ലാം സര്‍ക്കാര്‍ ആഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഫിലിപ്പ് സഹായിച്ചുകൊണ്ടിരുന്നു. നാട്ടില്‍നിന്ന് നേഴ്സിംഗ് പഠിക്കാന്‍ ദില്ലിയിലെത്തുന്നവര്‍ക്ക് തന്‍റെ വീട്ടില്‍ത്തന്നെ ഇടത്താവളമൊരുക്കി സഹായിക്കാന്‍ ഫിലിപ്പ് സന്മനസ്സു കാട്ടിയിരുന്നു. നാട്ടില്‍ നിന്നാരെങ്കിലും ഡല്‍ഹിക്ക് പോരുമ്പോള്‍ ഫിലിപ്പ് പുളിക്കനെ കണ്ടാല്‍ മതി എന്നൊരു സംസാരംതന്നെയുണ്ടായിരുന്നു. മലയാളികളുടെ ആഘോഷങ്ങളിലെല്ലാം നേതൃത്വം വഹിച്ച് ഫിലിപ്പ് പുളിക്കന്‍ ദില്ലിയിലെ സഹകാരി എന്ന പ്രശസ്തി നേടി. തങ്ങളുടെ ദാമ്പത്യവല്ലരിയില്‍ പിറന്നുവീണ ജോമിയും ടോമിയും എല്ലാം കണ്ടും കേട്ടും വളര്‍ന്നു. നാട്ടില്‍നിന്നെത്തുന്നവര്‍ക്കും ദില്ലിയിലെ മലയാളി സുഹൃത്തുക്കള്‍ക്കും അവര്‍ പ്രിയപ്പെട്ട മക്കളായി. ആര്‍.കെ. പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്കൂളില്‍ മക്കള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ ഫിലിപ്പ്, വി.ഐ.പികളുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തി.
മൂന്ന്
ബോംബെയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന തന്‍റെ സഹോദരി സെലിനാമ്മ അമേരിക്കയില്‍ കുടിയേറിയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. തന്‍റെ സഹോദരങ്ങളെ എല്ലാം അമേരിക്കക്ക് കൊണ്ടുപോകുവാന്‍ ഉത്സാഹം കാട്ടിയ സെലിനാമ്മ അവരെയെല്ലാം സ്പോണ്‍സര്‍ ചെയ്ത് വിസാക്കുള്ള പേപ്പറുകള്‍ ഫയല്‍ ചെയ്തു. ഇതുപറഞ്ഞുകൊണ്ടുള്ള കത്തു കിട്ടിയപ്പോള്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടിയ തന്നെ ഫിലിപ്പിന്‍റെ ചോദ്യം നിരാശപ്പെടുത്തി. "നമുക്കിവിടെ എന്താ ഒരു കുറവ്? അമേരിക്കക്ക് പോകണ്ട കാര്യമുണ്ടോ? എനിക്കവിടെ വല്ല ജോലിയും കിട്ടുമെന്ന് എന്താ ഉറപ്പ്?" പക്ഷേ തന്‍റെ മനസ്സില്‍ പൂത്തുലയുന്ന അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് മുന്‍പില്‍ ഫിലിപ്പിന്‍റെ ചോദ്യത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ഗോള്‍ഡാഖാനയിലുള്ള സേക്രട്ട്ഹാര്‍ട്ട് പള്ളിയില്‍ കുര്‍ബാന കാണുമ്പോഴെല്ലാം തന്‍റെ ഏക നിയോഗം "അമേരിക്കക്ക് പോകാന്‍ സാധിക്കണേ" എന്നുള്ളതായിരുന്നു. 1980 ല്‍ ആ സ്വപ്നം പൂവണിഞ്ഞു. ദില്ലിയിലെ യു.എസ്. കോണ്‍സുലേറ്റില്‍നിന്നും നാലുപേര്‍ക്കും വിസ സ്റ്റാമ്പ് ചെയ്തുകിട്ടിയ ആ സുദിനം താനൊരിക്കലും മറക്കില്ല. 1980 ജനുവരി മാസം 12-ാം തീയതി പുളിക്കല്‍ കുടുംബം ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങി. ലോംഗ് ഐലന്‍റിലുള്ള സെലിനാമ്മ ചേച്ചിയുടെ വീട്ടില്‍ താമസമായിട്ട് മാസം രണ്ടായി. ഫിലിപ്പിനിതുവരെ ജോലി ആയില്ല. സെലിനാമ്മ ചേച്ചിയുടെ ഭര്‍ത്താവ് തോമാച്ചന്‍ ചേട്ടന്‍റെ ശുപാര്‍ശ പ്രകാരം ഡാളസില്‍ ഫിലിപ്പിന് ഒരു ജോലി ലഭിച്ചു. ഡാളസ് ഹൗസിംഗ് അതോറിറ്റി ആന്‍റ് ഹൗസിംഗ് അസിസ്റ്റന്‍റ് വിഭാഗത്തിലാണ് ജോലി കിട്ടിയത്. രണ്ടുമാസം ഫിലിപ്പ് അവിടെ ജോലി ചെയ്തതിനുശേഷം തങ്ങള്‍ കുടുംബസമേതം ഡാളസിലേക്ക് താമസം മാറ്റി.
നാല്
രണ്ടു കിടപ്പുമുറികളും ഹാളുമുള്ള ചെറിയ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ അമേരിക്കയിലെ പുളിക്കന്‍ കുടുംബം ജീവിതമാരംഭിച്ചു. ഫിലിപ്പ് പുളിക്കന്‍ അവിടെയും പ്രശസ്തനായി. ചിതറിക്കിടന്നിരുന്ന സമുദായാംഗങ്ങളെ സംഘടിപ്പിച്ച് പുതിയ ഒരു അസോസിയേഷന്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലും ഈ മാതൃകയില്‍ അസോസിയേഷനുകള്‍ നിലവില്‍ വന്നു. ഡാളസില്‍ മാത്രമല്ല, ന്യൂയോര്‍ക്കിലും ഷിക്കാഗോയിലുമൊക്കെ ഫിലിപ്പ് പുളിക്കന്‍ പ്രശസ്തനായി. മലയാളി അസോസിയേഷനുകളുടെ ആഘോഷങ്ങളിലും ഫിലിപ്പിന്‍റെ നേതൃത്വം അനിവാര്യമായി മാറി. ഇടയ്ക്ക് ബന്ധുക്കളുടെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കുള്ള യാത്രകള്‍. നാട്ടിലെത്തുമ്പോള്‍ ബന്ധുക്കളെ മാത്രമല്ല, പഴയ എം.എല്‍.എ.മാരെയും എം.പി.മാരെയുമൊക്കെ തേടിപ്പിടിച്ച് സ്നേഹബന്ധങ്ങള്‍ പുതുക്കാന്‍ ഫിലിപ്പ് മറന്നില്ല. ഓരോ കേരള സന്ദര്‍ശനവും സംഭവബഹുലമായ ഓര്‍മ്മകളായി മാറി. മക്കളുടെ പഠനം കഴിഞ്ഞ് അവര്‍ ജോലിക്കാരായപ്പോള്‍ ഫിലിപ്പ് പുളിക്കന്‍റെ മക്കള്‍ക്ക് ധാരാളം വിവാഹാലോചനകള്‍ വന്നു. തങ്ങളുടെ ആഗ്രഹമനുസരിച്ചുതന്നെ അമേരിക്കയില്‍ പഠിച്ചുവളര്‍ന്ന നാട്ടിലെ പ്രശസ്ത തറവാടുകളില്‍പ്പെട്ട സോണിയായും സീമയും പുളിക്കന്‍ കുടുംബത്തിലെ അംഗങ്ങളായി. റിട്ടയര്‍ ചെയ്ത ഫിലിപ്പിന് ലഭിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റിതന്നെ ജീവിക്കാന്‍ ധാരാളമായിരുന്നു. ബാങ്കിലെ സമ്പാദ്യം വേറെയും. നാട്ടില്‍ പിതൃസ്വത്തായി കിട്ടിയ സ്ഥലം വിറ്റുകിട്ടിയ പണംകൊണ്ട് ഫിലിപ്പ് നഗരപ്രാന്തത്തില്‍ ഒരു പ്ലോട്ട് വാങ്ങി. ആറ്റുതീരത്തുള്ള ആ സ്ഥലത്ത് ഒരു വീടുവെച്ച് അമേരിക്കയിലെ തണുപ്പുകാലത്ത് ഇവിടെവന്ന് താമസിക്കണമെന്ന് ഫിലിപ്പിന് വലിയ ആഗ്രഹമായിരുന്നു. ആര്‍ക്കിടെക്ട് ശങ്കറിന്‍റെ രൂപകല്പനയില്‍ ആറ്റുതീരത്ത് മനോഹരമായ ഒരു സ്വപ്നഭവനം പണിതീര്‍ത്തു. ആഘോഷമായ ഗൃഹപ്രവേശം. ബന്ധുക്കളും മിത്രങ്ങളും പൊതുപ്രവര്‍ത്തകരും ആ ഗൃഹപ്രവേശത്തില്‍ പങ്കാളികളായി. രണ്ടുമാസത്തെ താമസത്തിനുശേഷം വീട് അടച്ചുപൂട്ടി വീണ്ടും അമേരിക്കയിലേക്ക് മടക്കയാത്ര.
അഞ്ച്
2019 നവംബര്‍ 15. പതിവുപോലെ ഫിലിപ്പച്ചായനും താനും കൊച്ചിയിലേക്ക് പറന്നു. തങ്ങളുടെ സ്വപ്നവീട്ടില്‍ ഇനി മൂന്നുമാസത്തെ ജീവിതം. വാര്‍ധക്യസഹജമായ രോഗപീഡകള്‍ രണ്ടുപേരെയും അലട്ടുന്നുണ്ട്. ജീവിതശൈലീരോഗങ്ങള്‍ക്ക് പുറമേ കലശലായ മുട്ടുവേദനയും പുറംവേദനയും തന്‍റെ വലിയ പ്രയാസങ്ങളായിരുന്നു. ഒരാഴ്ചകഴിഞ്ഞ് ആയുര്‍വേദ ചികിത്സക്കായി അടുത്തുള്ള ധന്വന്തരി ചികിത്സാലയത്തില്‍ താന്‍ അഡ്മിറ്റായി. ഏഴുദിവസത്തേക്ക് ഫിലിപ്പച്ചായന്‍ ഒറ്റയ്ക്കാണ്. അടിച്ചുവാരാന്‍ വന്നിരുന്ന ഓമന ഫിലിപ്പച്ചായനുള്ള ഭക്ഷണവും പാചകം ചെയ്യാന്‍ തയ്യാറായത് തനിക്ക് ആശ്വാസമായി. ബന്ധുക്കളെ സന്ദര്‍ശിച്ചും സായാഹ്നങ്ങളില്‍ സുഹൃത്തുക്കളുമായി സല്ലപിച്ചും ഫിലിപ്പ് നാട്ടിലെ ജീവിതം ആസ്വദിച്ചുകൊണ്ടിരുന്നു.
അന്ന് ഫിലിപ്പിനെ സന്ദര്‍ശിക്കാന്‍ പതിവില്ലാതെ രണ്ടുപേരെത്തി. ഫിലോമിനയുടെ അകന്ന ബന്ധത്തിലുള്ള കരോട്ടുപറമ്പില്‍ ജോണിക്കുട്ടിയും ഭാര്യ ഡോളിയും. പലപല ബിസിനസുകള്‍ നടത്തി പൊട്ടിത്തകര്‍ത്ത് ഉടായിപ്പുകളുമായി ജീവിക്കുന്ന ജോണിക്കുട്ടി ഒരു അഞ്ചുലക്ഷം രൂപയെങ്കിലും കടം വാങ്ങുവാനുള്ള ഉദ്ദേശ്യത്തോടെയാണ് വന്നിരിക്കുന്നത്. തനിക്ക് ചോദിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇണക്കംപോലെ അത് ചോദിക്കണമെന്നും ജോണിക്കുട്ടി ഡോളിയെ ചുമതലപ്പെടുത്തിയിരുന്നു. നുണ പറയുന്ന കലയില്‍ മിടുക്കനായിരുന്ന ജോണിക്കുട്ടിയുടെ ഉടായിപ്പുകളില്‍ പലതും സാധുവായ ഡോളിക്ക് മനസ്സിലായിരുന്നില്ല. വീട്ടിലെത്തിയ ജോണിക്കുട്ടിയേയും ഡോളിയെയും ഫിലിപ്പ് സന്തോഷത്തോടെ സ്വാഗതം ചെയ്തു. ഹെന്നസിയുടെ കുപ്പിയെടുത്ത് മേശപ്പുറത്ത് വച്ചിട്ട് "ഓമനേ, രണ്ടു ഗ്ലാസ്സും ഒരു കുപ്പി വെള്ളവും ഇങ്ങെടുത്തേ; അല്പം ബീഫും ഫ്രൈ ചെയ്തോ." കുപ്പി കണ്ടപ്പോള്‍ ജോണിക്കുട്ടിക്ക് സന്തോഷമായി. കുപ്പിയും വെള്ളവുമായെത്തിയ ഓമന ഡോളിയെ കണ്ടപ്പോള്‍ ആശ്വാസത്തോടെ പറഞ്ഞു: "ആന്‍റി ഇവിടെയില്ലല്ലോ. കഴിക്കാനുള്ള ഭക്ഷണം മോള്‍ക്ക് ചൂടാക്കിയെടുത്ത് കൊടുക്കാമോ? എനിക്കല്പം നേരത്തെ പോകണമായിരുന്നു." സരസനായ ഫിലിപ്പാണ് മറുപടി പറഞ്ഞത്: "ഓമനേ നീ ഓടിപ്പൊയ്ക്കോടീ! ഞങ്ങളതെല്ലാം കൈകാര്യം ചെയ്തുകൊള്ളാം." രണ്ട് പെഗ്ഗ് കഴിച്ചുകഴിഞ്ഞപ്പോള്‍ ജോണിക്കുട്ടി ചോദിച്ചു "അങ്കിളേ ആന്‍റി ഏതാശുപത്രിയിലാ കിടക്കുന്നത്?" ഫിലിപ്പ് ആശുപത്രിയുടെ പേരു പറഞ്ഞപ്പോള്‍ ജോണി പറഞ്ഞു "അതിവിടെ അടുത്താണല്ലോ ഞാനൊന്നുപോയി കണ്ടിട്ടുവരാം. ഡോളി ഇവിടെ നില്ക്കട്ടെ." ജോണിക്കുട്ടിയുടെ അഭിപ്രായത്തിന്‍റെ പൊരുളു മനസ്സിലാക്കിയ ഡോളി ഒന്നും മിണ്ടിയില്ല. ജോണിക്കുട്ടി ബൈക്കില്‍ കയറി അപ്രത്യക്ഷനായി.
അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡോളി തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും ഫിലിപ്പിനോട് ആവലാതി പറഞ്ഞുകൊണ്ടിരുന്നു. ഫിലിപ്പിന്‍റെ മുഖത്ത് കരുണയും ആര്‍ദ്രതയും മിന്നിമറിഞ്ഞപ്പോള്‍ ഡോളി ആ ചോദ്യമെറിഞ്ഞു. "അങ്കിളേ ഞങ്ങള്‍ക്കൊരു അഞ്ചുലക്ഷം രൂപ കടം തരാമോ? അടുത്ത വരവിന് തിരികെത്തരാം." ഫിലിപ്പ് അല്പം ആലോചിച്ചിട്ട് വിഷമത്തോടെ മറുപടി പറഞ്ഞു "ഡോളീ, ഞങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ സെക്യൂരിറ്റികൊണ്ടൊക്കെ കഴിയുകയാണ്. ഇത്രയും തുകയയൊന്നും കൈയ്യിലില്ല." ഡോളി നിരാശയായി മിണ്ടാതിരുന്നപ്പോള്‍ ഫിലിപ്പ് പറഞ്ഞു "ഞാനൊരു പതിനായിരം രൂപ തരാം. അതില്‍ കൂടുതല്‍ എന്‍റെ കൈയ്യിലില്ല." കുറേനേരം മിണ്ടാതിരുന്നിട്ട് ഡോളി പറഞ്ഞു: "വേണ്ടങ്കിളേ, അതുകൊണ്ടൊന്നും ആകത്തില്ല." അവരെ സഹായിക്കാനാവാത്തതിലുള്ള വിഷമംകൊണ്ട് ഭക്ഷണം നിര്‍ത്തി ഫിലിപ്പ് എഴുന്നേറ്റ് കൈകഴുകിക്കൊണ്ടിരുന്നപ്പോള്‍ പുറത്ത് ബൈക്ക് വന്നുനില്ക്കുന്ന ശബ്ദം. കതകു തുറന്നു കൊടുക്കുന്നതിനിടയില്‍ ഡോളി ജോണിക്കുട്ടിയുടെ ചെവിയില്‍ എന്തോ പറഞ്ഞു. "ജോണിക്കുട്ടീ, നീയും പോയി വല്ലതും കഴിക്കെടാ. ഞങ്ങള്‍ കഴിച്ചുകഴിഞ്ഞു." 
"വേണ്ടങ്കിളേ ഞാന്‍ കഴിച്ചതാ. ഞങ്ങളിറങ്ങട്ടെ."
കൂടുതല്‍ വര്‍ത്തമാനത്തിനൊന്നും നില്ക്കാതെ ജോണിക്കുട്ടിയും ഡോളിയും ബൈക്കില്‍ കയറി യാത്രയായപ്പോള്‍ ഒന്നും മനസ്സിലാകാതെ ഫിലിപ്പ് പകച്ചുനിന്നു.
പോകുന്ന പോക്കില്‍ ജോണിക്കുട്ടി വണ്ടി നിര്‍ത്തി ബൈക്കിനകത്തുനിന്നും ഒരു പേപ്പര്‍ എടുത്ത് എന്തൊക്കെയോ എഴുതുന്നത് ഡോളി നോക്കിനിന്നു. "നീ ഇതിലൊരൊപ്പിട്ടേ." ജോണിക്കുട്ടി പറഞ്ഞു.
"എന്തിനാ ഒപ്പിടുന്നത്. കാര്യം പറ." ഡോളി ചോദിച്ചു.
"ഒപ്പിടടീ...കാര്യമൊക്കെ പിന്നെപ്പറയാം." അയാള്‍ അലറി. പേടിച്ചുപോയ ഡോളി അറിയാതെ ഒപ്പിട്ടുപോയി. കടലാസ് തട്ടിപ്പറിച്ച് മടക്കി പോക്കറ്റിലിട്ട് ബൈക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ പറയുന്നത് ഡോളി കേട്ടു. "പത്തുലക്ഷം രൂപ കിട്ടാതെ ഞാന്‍ ഇത് സെറ്റില്‍ ചെയ്യത്തില്ല. അയാളെ ഞാന്‍ കാണിച്ചു കൊടുക്കാം." വീഴാതെ അയാളെ അള്ളിപ്പിടിച്ചിരുന്ന ഡോളിക്ക് ഒന്നും മനസ്സിലായില്ല. കുറേദൂരം കഴിഞ്ഞപ്പോള്‍ റോഡരുകില്‍ കണ്ട പോലീസ് സ്റ്റേഷനു മുന്നില്‍ അയാള്‍ വണ്ടി നിര്‍ത്തി. "നീ ഇവിടെ നിന്നോ. ഞാനിതൊന്നു കൊടുത്തിട്ടു വരാം." അയാള്‍ പോലീസ് സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറി. കുറേ കഴിഞ്ഞപ്പോള്‍ മടങ്ങിവന്ന ജോണിക്കുട്ടി ഒന്നും സംഭവിക്കാത്തതുപോലെ ബൈക്കില്‍ കയറി മുന്നോട്ടുപോയി. വിഷമത്തോടെ ഡോളി അയാളെ മുറുകെപ്പിടിച്ചിരിപ്പായി.
ഭക്ഷണം കഴിഞ്ഞ് ഒരു സിഗരറ്റും പുകച്ച് സിറ്റൗട്ടില്‍ കുറേനേരം ഇരുന്നതിനുശേഷം കതകടച്ച് ഫിലിപ്പ് അകത്തേക്ക് കയറി. ഫിലോമിനയെ വിളിച്ച് അയാള്‍ സംസാരിക്കാന്‍ തുടങ്ങി. നടന്ന സംഭവങ്ങളെല്ലാം കേട്ട് ഫിലോമിന പറഞ്ഞു "സാരമില്ല, ഫിലിപ്പച്ചായന്‍ ഉറങ്ങിക്കോ. ഞാന്‍ വന്നതിനുശേഷം ഡോളിയെ വിളിച്ച് സംസാരിക്കാം." ആളുകളെ സഹായിച്ച് മാത്രം ശീലമുള്ള ഫിലിപ്പ് പുളിക്കന്‍ ഉറങ്ങാന്‍ കിടന്നെങ്കിലും ഡോളിയുടെ ചോദ്യം അയാളുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. "മിസ്റ്റര്‍ ഫിലിപ്പല്ലേ? പോലീസ് സ്റ്റേഷനില്‍ നിന്നാ. നാളെ പത്തുമണിക്ക് സ്റ്റേഷനില്‍ വരണം." ഞെട്ടിത്തരിച്ച് ഫിലിപ്പ ചോദിച്ചു. "എന്താ സാറേ കാര്യം? കേസ് വല്ലതുമാണോ?"
"കാര്യം അല്പം സീരിയസാ. ഒരു പീഡന പരാതി കിട്ടിയിട്ടുണ്ട്. പത്തുമണിക്ക് തന്നെ സ്റ്റേഷനില്‍ വരണം. ഞങ്ങളെ അങ്ങോട്ട് വരുത്തരുത്." മറ്റൊന്നും ചോദിക്കുന്നതിനു മുമ്പു തന്നെ പോലീസുകാരന്‍ ഫോണ്‍ കട്ട് ചെയ്തു. കട്ടിലില്‍ തളര്‍ന്നിരുന്ന ഫിലിപ്പിന്‍റെ മനസ്സില്‍ കഥയുടെ ചുരുളുകള്‍ അഴിയുകയായി. താന്‍ കടം കൊടുക്കാത്തതിലുള്ള പ്രതികാരംതന്നെ. ഉടായിപ്പുകാരനായ ജോണിക്കുട്ടിയുടെ വ്യാജപരാതി. അവന്‍റെ കുതന്ത്രം തന്നെ. ഫിലിപ്പ് പുളിക്കന്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്തു ചെയ്യണം? അയാള്‍ ആലോചിച്ചു.
ഫിലിപ്പ് അമേരിക്കയിലുള്ള മൂത്തമകന്‍ ജോമിയെ വിളിച്ചു. "ഇങ്ങോട്ടൊന്നും ചോദിക്കണ്ട. ഞാന്‍ പറയുന്നത് കേട്ടാല്‍ മതി. നാളെ വെളുപ്പിന് തന്നെയുള്ള ഏതെങ്കിലും ഫ്ളൈറ്റില്‍ ഞങ്ങള്‍ക്കുള്ള രണ്ട് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് എനിക്ക് മെയിലു ചെയ്യണം. വേഗം വേണം." അയാള്‍ ഉടന്‍തന്നെ ഫിലോമിനയെയും വിളിച്ചു. "ഒരത്യാവശ്യ കാര്യമുള്ളതിനാല്‍ നാളെ വെളുപ്പിനുതന്നെ നമ്മള്‍ ഡാളസിന് മടങ്ങുകയാണ്. നീ കൗണ്ടറില്‍ വിളിച്ച് ബില്ല് സെറ്റില്‍ ചെയ്യാന്‍ പറയണം. ഞാന്‍ വരുമ്പോള്‍ പണമടച്ചുകൊള്ളാം." അയാള്‍ കിട്ടിയ സാധനങ്ങളെല്ലാം വാരിവലിച്ച് പെട്ടി അടുക്കാന്‍ തുടങ്ങി. പാക്കിംഗ് തീര്‍ന്നുകഴിഞ്ഞപ്പോള്‍ ഫിലിപ്പ് ഫോണില്‍ നോക്കി ഇരുപ്പായി. പതിവായി വരുന്ന ടാക്സിക്കാരനെ വിളിച്ച് ഉടന്‍ വരുവാന്‍ ഏര്‍പ്പാട് ചെയ്തു. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ മെയില്‍ ബോക്സില്‍ എമിറേറ്റ്സിന്‍റെ ടിക്കറ്റ് വന്നിരിക്കുന്നു. വെളുപ്പിന് മൂന്നു മണിക്കുള്ള ടിക്കറ്റ് കണ്‍ഫേമ്ഡാണ്. അയാള്‍ വീടുപൂട്ടി കാറില്‍ക്കയറി ആശുപത്രിയില്‍ച്ചെന്ന് ഭാര്യയെയും കൂട്ടി എയര്‍പോര്‍ട്ടിലേക്ക് കുതിച്ചു.
സെമിത്തേരിയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഫിലോമിനാമ്മയുടെ മനസ്സില്‍ ഈ സംഭവ പരമ്പരകളുടെ ദുഃഖസ്മരണകള്‍ ഇരമ്പിക്കയറി വന്നു. അമേരിക്കയില്‍ തിരികെ എത്തിയ ഫിലിപ്പ് പുളിക്കന്‍ പിന്നെ നിശബ്ദനായിരുന്നു. പ്രഷറും ഷുഗറും ക്രമാതീതമായി വര്‍ധിച്ചതിനേത്തുടര്‍ന്ന് അയാള്‍ പലപ്രാവശ്യം ആശുപത്രിയിലായി. വിഷാദരോഗത്തിനുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. പ്രതികാരം ചെയ്യണമെന്ന് മക്കള്‍ വാശി പിടിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. "ഇതു പുറത്തറിഞ്ഞാല്‍ നമുക്കാണ് ക്ഷീണം. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെ പറയുമോ എന്ന് ജനം ചോദിക്കും. അതാണ് ലോക രീതി. സത്യം നമുക്കല്ലേ അറിയൂ." പിതാവിന്‍റെ ഉപദേശത്തിന് ഭാര്യയും മക്കളും വഴങ്ങി. എങ്കിലും ആ കുടുംബം അപമാനഭാരത്താല്‍ ക്ലേശിതരായിരുന്നു. 2020ലെ ന്യൂ ഇയര്‍ ആഘോഷത്തിന് ശേഷം ഫിലിപ്പ് പുളിക്കന്‍ വീണ്ടും ആശുപത്രിയിലായി. പെട്ടെന്നുണ്ടായ ഹൃദ്രോഗബാധയെ തുടര്‍ന്ന് അയാള്‍ ആശുപത്രിയില്‍വച്ചുതന്നെ മരണമടഞ്ഞു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ബന്ധുക്കളും മിത്രങ്ങളും നടത്തിയ അനുസ്മരണ പ്രസംഗങ്ങള്‍ ഫിലിപ്പ് പുളിക്കന്‍റെ മഹത്വവും വലിപ്പവും വിശദമാക്കുന്നതായിരുന്നു. എങ്കിലും നീതിമാനും നല്ലവനുമായ ഫിലിപ്പച്ചായന് അന്ത്യകാലത്ത് ഇത്രയും ക്ലേശങ്ങളും ദുഃഖദുരിതങ്ങളും ഉണ്ടായല്ലോ എന്നോര്‍ത്തപ്പോള്‍ ഫിലോമിനാമ്മയുടെ മനസ്സ് വീണ്ടും അശാന്തമായി.

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.