നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് മിനി കൂപ്പർ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി മദ്യലഹരിയിലും ബോധമില്ലാത്ത അവസ്ഥയിലും വണ്ടി ഓടിക്കാൻ പ്രേരണ നൽകി, അത് തടഞ്ഞില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടം വരുത്തിയ സുഹൈലുമായി ഉച്ച മുതൽ നിനവ് ഒരുമിച്ചുണ്ടായിരുന്നെന്നും ഇരുവരും ചേർന്നാണ് മദ്യപിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തിയും വിവരങ്ങളും കൃത്യമായി മനസ്സിലാക്കാൻ കാർ കമ്പനിയായ മിനി കൂപ്പറിന്റെ സർവീസ് സെന്ററിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ എത്തിച്ച് ഇ.ഡി.ആർ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. നിലവിൽ ഒന്നാം പ്രതിയായ സുഹൈൽ സജീവ് റിമാൻഡിലാണ്. പ്രതി രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന് തിട്ടപ്പെടുത്താൻ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മാത്രമല്ല, വെറും 19 വയസ്സുമാത്രമുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയ ബാർ ഉടമകളും കേസിൽ നിയമക്കുരുക്കിലേക്ക് പോകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ നെടുമ്പാശ്ശേരിയിലെ ഈ ദാരുണമായ വാഹനാപകടം നടന്നത്.

