ഒരു പാട്ട് പാടുമ്പോൾ അതിന്റെ ഈണം മാത്രമല്ല, അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തെയും ഒരു സംഗീതപാരമ്പര്യത്തെയും കൂടി പുനർജനിപ്പിക്കാനാകുമെന്ന് തെളിയിച്ചുകൊണ്ടാണ് നവനീത് ഉണ്ണികൃഷ്ണൻ മലയാള സംഗീതലോകത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. 2024–25ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച ഗായകനുള്ള പുരസ്കാരം നവനീത് ഉണ്ണികൃഷ്ണന് ലഭിച്ചതോടെ, ബാല്യത്തിൽ തന്നെ സംഗീതത്തെ ഹൃദയത്തിലേറ്റിയ ഈ യുവഗായകന്റെ യാത്രയ്ക്ക് പുതിയൊരു അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഹൃദയപൂർവം എന്ന ചിത്രത്തിലെ ‘വിട പറയാം’ എന്ന ഗാനത്തിനാണ് നവനീതിന് മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തിനും ഏറെ പ്രത്യേകതയുണ്ടായിരുന്നു. മലയാളഗാനരംഗത്തെ പ്രിയപ്പെട്ട ഗായിക ബി. അരുന്ധതിയുടെ കൈകളിൽ നിന്നാണ് നവനീത് ഈ പുരസ്കാരം സ്വീകരിച്ചത്. പുരസ്കാരം സ്വീകരിച്ച ശേഷം അരുന്ധതിക്കായി അവരുടെ തന്നെ ഒരു ഗാനം അതേ വേദിയിൽ നവനീത് പാടിയപ്പോൾ, ഒരു തലമുറയുടെ സംഗീതശബ്ദത്തിൽ നിന്ന് മറ്റൊരു തലമുറയുടെ ശബ്ദത്തിലേക്ക് ഈണങ്ങൾ കൈമാറപ്പെടുന്ന അപൂർവമായൊരു നിമിഷത്തിനാണ് ആ വേദി സാക്ഷിയായത്. ഒരു പുരസ്കാരത്തിന്റെ തിളക്കത്തിനപ്പുറം, സംഗീതത്തെ സ്നേഹിച്ചും പഠിച്ചും വളർന്ന ഒരു യുവാവിന്റെ വർഷങ്ങളായുള്ള പരിശ്രമത്തിന് ലഭിച്ച അംഗീകാരമായിരുന്നു അത്.
നവനീതിന്റെ സംഗീതയാത്രയെക്കുറിച്ച് പറയുമ്പോൾ, ആ യാത്രയുടെ തുടക്കം ഏതെങ്കിലും വലിയ വേദിയിൽ നിന്നല്ലെന്ന് ഓർക്കണം. കുഞ്ഞരി പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് വീട്ടുമുറ്റത്തും കളിപ്പാട്ടങ്ങൾക്കിടയിലും ഓടിച്ചാടി നടന്നിരുന്ന ഒരു കൊച്ചുമിടുക്കന്റെ നാവിൽ നിന്നാണ് ആ യാത്ര തുടങ്ങുന്നത്. കണ്ണൂർ സ്വദേശിയും അമേരിക്കൻ മലയാളിയുമായ നവനീത് ഉണ്ണികൃഷ്ണൻ, എൻജിനീയറായ ഉണ്ണികൃഷ്ണന്റെയും ശിശുരോഗ വിദഗ്ധയായ ഡോ. പ്രിയയുടെയും മകനാണ്. ജോലിത്തിരക്കുകൾക്കുശേഷം വീട്ടിലെത്തുന്ന മാതാപിതാക്കൾ മലയാളത്തിലെ അനശ്വര ഗാനങ്ങൾ കേൾക്കുന്നത് പതിവായിരുന്നു. ആ ഗാനങ്ങൾ കേൾക്കുന്നതിനൊപ്പം കുഞ്ഞു നവനീതും വളരെയധികം ശ്രദ്ധയോടെ അവയെ ഉൾക്കൊള്ളുന്നുണ്ടെന്ന് ആദ്യം അവർ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ കേട്ട പാട്ടുകളുടെ വരികൾ കളിച്ചുകൊണ്ടിരിക്കെ പാടിത്തുടങ്ങിയപ്പോൾ ആ കൊച്ചു മനസ്സിൽ സംഗീതം എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മൂന്നാം വയസ്സിൽ തന്നെ കേൾക്കുന്ന പാട്ടുകളുടെ വരികൾ മനപ്പാഠമാക്കി പാടിത്തുടങ്ങിയ നവനീതിന്റെ കഴിവ് പിന്നീട് എല്ലാവരെയും അത്ഭുതപ്പെടുത്തി. രണ്ട് വയസ്സിൽ നവനീത് പാടിയ പാട്ടിന്റെ വീഡിയോ പോലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു കുട്ടിയുടെ ബാല്യത്തിലെ ഒരു കൗതുകമായി അതിനെ മറന്നുകളയാതെ, മകന്റെ കഴിവിനെ ഗൗരവമായി കാണുകയും അതിന് വേണ്ട പരിശീലനം നൽകുകയും ചെയ്ത മാതാപിതാക്കളുടെ തീരുമാനമാണ് പിന്നീട് നവനീതിന്റെ സംഗീതജീവിതത്തിന് ശക്തമായ അടിത്തറയായത്.

നാലാം വയസ്സിൽ ശാസ്ത്രീയ സംഗീതപഠനത്തിന് തുടക്കമിട്ട നവനീത്, സംഗീതത്തിന്റെ വിവിധ ശാഖകളിലൂടെ ക്രമേണ സഞ്ചരിക്കുകയായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ. കെ. സി. ശർമയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ച അദ്ദേഹം കർണാടക സംഗീതത്തിൽ ട്രിവാൻഡ്രം കൃഷ്ണകുമാറിന്റെ കീഴിലും പരിശീലനം നേടി. പത്താം ക്ലാസ് മുതൽ പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴിലും സംഗീതപഠനം തുടരുന്നു. കേട്ട പാട്ടുകൾ അതേപടി പാടുന്നതിൽ മാത്രം തൃപ്തിപ്പെടാതെ, ഓരോ ഗാനത്തിന്റെയും സംഗീതഘടനയെക്കുറിച്ച് അറിയാനുള്ള കൗതുകം നവനീതിൽ വളർന്നത് ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ ശ്രോതാക്കൾക്ക് ഒരു ഗായകനെ മാത്രമല്ല, സംഗീതത്തെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയെയും കാണാൻ സാധിച്ചു. പാട്ടിന്റെ വരികൾക്കപ്പുറം അതിന്റെ രാഗം, താളം, ലയം, സംഗീതസംവിധായകന്റെ സമീപനം തുടങ്ങിയ കാര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവനീതിന്റെ ശൈലി അദ്ദേഹത്തെ മറ്റു യുവഗായകരിൽ നിന്ന് വ്യത്യസ്തനാക്കി.
ഒരു ഗാനം പാടുന്നതിന് മുമ്പും ശേഷവും അതിനെക്കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് സമൂഹമാധ്യമങ്ങളിൽ നവനീതിന് പ്രത്യേകമായൊരു ഇടം നേടിക്കൊടുത്തത്. ‘ചക്രവർത്തിനി നിനക്ക് ഞാൻ എന്റെ’ എന്ന ഗാനം പാടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഗുരുവിൽ നിന്ന് അതിന്റെ സംഗീതപരമായ വിശദാംശങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു. ആ വിശദീകരണങ്ങൾ നവനീതിന്റെ ചിന്താഗതിയിൽ വലിയൊരു മാറ്റം സൃഷ്ടിച്ചു. അതിനുശേഷം ഒരു പാട്ടിന്റെ വരികൾ മാത്രം പഠിക്കുന്നതിന് പകരം, അതിന്റെ പിന്നിലുള്ള സംഗീതത്തെയും പഠിക്കാൻ തുടങ്ങി. ദേവരാജൻ മാസ്റ്ററുടെയും ദക്ഷിണാമൂർത്തി സ്വാമികളുടെയും ഉൾപ്പെടെ മലയാളത്തിലെ അനശ്വര ഗാനങ്ങൾ പാടുകയും അവയിലെ രാഗ-താള-ലയ സവിശേഷതകൾ ശ്രോതാക്കൾക്ക് വിശദീകരിക്കുകയും ചെയ്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. പഴയ മലയാളഗാനങ്ങളെ വെറുമൊരു ഓർമ്മയായി അവതരിപ്പിക്കാതെ, അവയുടെ സംഗീതശാസ്ത്രപരമായ സൗന്ദര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു നവനീത്. അതോടെ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ മാത്രമല്ല, അദ്ദേഹം ഓരോ ഗാനത്തെക്കുറിച്ചും പറയുന്നത് കേൾക്കാനും ആളുകൾ കാത്തിരിക്കുകയായിരുന്നു. പാട്ടും വിശകലനവും ഒരുമിച്ചെത്തുന്ന ഈ അവതരണശൈലി തന്നെയാണ് നവനീതിന്റെ സോഷ്യൽ മീഡിയ സാന്നിധ്യത്തെ വേറിട്ടതാക്കിയത്.
പന്ത്രണ്ടാം വയസ്സിൽ അരിസോണയിലെ ഒരു ക്ഷേത്രത്തിലായിരുന്നു നവനീതിന്റെ ആദ്യ കച്ചേരി. ഒരു കൊച്ചുകുട്ടിയുടെ ശബ്ദം പതുക്കെ വലിയ വേദികളിലേക്ക് വളർന്നുകൊണ്ടിരുന്നു. പിന്നീട് 2022ലെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കൺവെൻഷൻ പോലുള്ള വലിയ വേദികളിലും നവനീതിന് അവസരം ലഭിച്ചു. അമേരിക്കൻ മണ്ണിൽ സംഗീതപരിപാടികളുമായി സജീവമായിരുന്നെങ്കിലും തന്റെ ജന്മനാടിനോടും മലയാളഗാനങ്ങളോടുമുള്ള ബന്ധം അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. അച്ഛന്റെ സ്വദേശമായ വേങ്ങരയ്ക്കടുത്തുള്ള പഴയങ്ങാടിയിൽ നടത്തിയ ആദ്യ പൊതുപരിപാടി ഇന്നും നവനീത് അഭിമാനത്തോടെ ഓർക്കുന്നു. പിന്നീട് കണ്ണൂർ നഗരത്തിലും സംഗീതപരിപാടികൾ അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രിയഗായകൻ പി. ജയചന്ദ്രനൊപ്പം തൃശ്ശൂരിൽ ഗാനമേളയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. അമേരിക്കയിൽ വളർന്ന ഒരു മലയാളി യുവാവിന്റെ ശബ്ദം കേരളത്തിലെ സംഗീതാസ്വാദകരുടെ മുന്നിലും അതേ സ്നേഹത്തോടെ സ്വീകരിക്കപ്പെട്ടത് നവനീതിന്റെ സംഗീതയാത്രയിലെ മറ്റൊരു പ്രധാന അധ്യായമായി.
സംഗീതത്തോടൊപ്പം വിദ്യാഭ്യാസത്തിലും നവനീത് തന്റെ കഴിവ് തെളിയിച്ചു. ഹയർസെക്കൻഡറി പഠനത്തിനുശേഷം ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡാറ്റാ സയൻസിൽ ബിരുദം നേടിയ അദ്ദേഹം സംഗീതത്തിനൊപ്പം തന്റെ പ്രൊഫഷണൽ കരിയറും മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഒരു വശത്ത് ശാസ്ത്രീയ സംഗീതത്തിന്റെ കൃത്യതയും മറുവശത്ത് ഡാറ്റാ സയൻസിന്റെ വിശകലനലോകവും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ ജീവിതരീതി തന്നെ നവനീതിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. സംഗീതം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ലെന്നും, അതിനെ ഗൗരവത്തോടെ പഠിച്ചും പരിശീലിച്ചും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു. കഴിവുണ്ടായിട്ടും അതിനെ വളർത്തിയെടുക്കാതെ അലസമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പുതുതലമുറയ്ക്ക് മുന്നിൽ നവനീത് നൽകുന്ന സന്ദേശവും അതുതന്നെയാണ്—പ്രതിഭ ഒരു തുടക്കമാത്രമാണ്, അതിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് നിരന്തരമായ പരിശീലനവും പഠനവും ആത്മസമർപ്പണവുമാണ്.
ഇപ്പോൾ ‘വിട പറയാം’ എന്ന ഗാനത്തിലൂടെ ലഭിച്ച പുരസ്കാരം ആ യാത്രയ്ക്ക് കൂടുതൽ തിളക്കം നൽകിയിരിക്കുകയാണ്. ഹൃദയപൂർവം എന്ന ചിത്രത്തിലെ ആ ഗാനത്തിന് ലഭിച്ച മികച്ച ഗായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നവനീതിന്റെ സിനിമാസംഗീതയാത്രയിലെ നിർണായകമായ ഒരു ചുവടുവയ്പ്പാണ്. പ്രത്യേകിച്ച് ബി. അരുന്ധതിയുടെ കൈകളിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും പിന്നീട് അവർക്കായി അവരുടെ തന്നെ ഒരു ഗാനം പാടുകയും ചെയ്ത നിമിഷം നവനീതിന്റെ സംഗീതജീവിതത്തിലെ മനോഹരമായ ഓർമ്മയായി എന്നും നിലനിൽക്കും. ഒരു കാലത്ത് മലയാളികളുടെ വീടുകളിൽ നിറഞ്ഞുനിന്ന ശബ്ദത്തിന് മുന്നിൽ നിന്നുകൊണ്ട്, ആ പാരമ്പര്യത്തെ പുതിയ തലമുറയിലേക്ക് കൊണ്ടുപോകുന്ന യുവഗായകൻ ആദരവ് അർപ്പിച്ച നിമിഷം കൂടിയായിരുന്നു അത്. സംഗീതത്തിന് തലമുറകളുടെ അതിരുകളില്ലെന്നും ഒരു നല്ല പാട്ടിന് കാലത്തെ മറികടന്ന് പുതിയ ശബ്ദങ്ങളിൽ വീണ്ടും ജനിക്കാനാകുമെന്നും ആ വേദി നമ്മെ ഓർമിപ്പിച്ചു.
അമേരിക്കൻ മണ്ണിൽ വളർന്നെങ്കിലും മലയാളത്തിന്റെ സംഗീതപാരമ്പര്യം ഹൃദയത്തിൽ സൂക്ഷിക്കുന്ന നവനീത് ഉണ്ണികൃഷ്ണൻ അതുകൊണ്ടുതന്നെ ഒരു ഗായകൻ എന്നതിലുപരി മലയാളഗാനങ്ങളെയും പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറുകയാണ്. സംസാരത്തിൽ അമേരിക്കൻ ജീവിതത്തിന്റെ സ്വാഭാവികതയുണ്ടെങ്കിലും മലയാളത്തിലെ ഒരു അനശ്വരഗാനം പാടിത്തുടങ്ങുമ്പോൾ ആ ശബ്ദത്തിൽ മലയാളനാടിന്റെ ഗന്ധവും പഴയകാല ഗാനങ്ങളുടെ ഗൃഹാതുരതയും നിറയുന്നു. ദേവരാജൻ മാസ്റ്ററുടെയും ദക്ഷിണാമൂർത്തി സ്വാമികളുടെയും ഈണങ്ങളിൽ നിന്ന് ഇന്നത്തെ സിനിമാഗാനങ്ങളിലേക്ക് സഞ്ചരിക്കുന്ന നവനീതിന്റെ സംഗീതലോകം ഒരു കാലഘട്ടത്തെ മറ്റൊരു കാലഘട്ടവുമായി ബന്ധിപ്പിക്കുന്നതാണ്. മൂന്നാം വയസ്സിൽ കേട്ട പാട്ടുകളുടെ വരികൾ മനപ്പാഠമാക്കി പാടിയിരുന്ന ആ കുഞ്ഞ്, ഇന്ന് ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ മുന്നിൽ നിൽക്കുന്നു; ഒരിക്കൽ മാതാപിതാക്കളുടെ കാതുകളിൽ മാത്രം മുഴങ്ങിയിരുന്ന ആ കുഞ്ഞുശബ്ദം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ കാതുകളിലെത്തുന്നു. ഒരു പുരസ്കാരം ആ യാത്രയ്ക്ക് അംഗീകാരം നൽകിയിരിക്കാം; പക്ഷേ നവനീതിന്റെ യഥാർത്ഥ നേട്ടം, മലയാളത്തിലെ അനശ്വര ഗാനങ്ങളെ സ്നേഹത്തോടെ ചേർത്തുപിടിച്ച് അവയെ പുതിയ തലമുറയുടെ ഹൃദയത്തിലേക്ക് വീണ്ടും എത്തിക്കുന്നു എന്നതിലാണ്. രാഗങ്ങളെ കളിത്തോഴന്മാരാക്കി ബാല്യത്തിൽ തുടങ്ങിയ ആ യാത്ര ഇന്ന് പുരസ്കാരത്തിന്റെ നിറവിലെത്തിയിരിക്കുന്നു. മുന്നിൽ ഇനിയും ഒരുപാട് ഈണങ്ങളും വേദികളും കാത്തിരിക്കുന്നു.
ലേഖകനും നവനീതും

