അധിനിവേശത്തിന്റെയും പോരാട്ടത്തിന്റെയും കൊടുംയാതനകളുടെയും വാർത്തകളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പലസ്തീനിൽ നിന്നും പുറംലോകം അറിയാറുള്ളത്. ഇപ്പോഴിതാ, നദീൻ അയൂബ് എന്ന പലസ്തീൻ യുവതിയാണ് വാർത്തകളിൽ നിറയുന്നത്. വിശ്വസുന്ദരി മത്സരത്തിൽ മാറ്റുരയ്ക്കാൻ പോകുകയാണ് ഈ പലസ്തീൻ യുവതി. വിശ്വസുന്ദരി മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പലസ്തീൻ സുന്ദരി പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ദുബായിൽ താമസിക്കുന്ന നദീൻ 2022ലാണ് പലസ്തീനിലെ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയത്. പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്വപ്നങ്ങളുടെയും സ്വരമായി തായ്‌ലൻഡിലെ മത്സരവേദിയിൽ താനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നദീൻ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ‘ലോകം മുഴുവനും എന്റെ ജന്മനാട്ടിലേക്കു നോക്കുകയാണ്. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ വലിയ ഉത്തരവാദിത്തങ്ങളാണ് ഞാനേറ്റെടുക്കുന്നത്’ – നദീൻ പറയുന്നു.
നവംബർ 21ന് തായ്‌ലൻഡിലാണ് ഇക്കുറി വിശ്വസുന്ദരി മത്സരം. 74-ാമത് വിശ്വസുന്ദരി മത്സരത്തിനാണ് തായ്ലൻഡ് വേദിയാകുന്നത്. തായ്‌ലൻഡിലെ പാക് ക്രെറ്റ് ആണ് മത്സരവേദി.

