ഇന്ന് ,ഒരുപാടൊരുപാട് ക്യാമറകളുടെയും കണ്ണു തുറന്നു നിന്ന മൊബൈലുകളുടെയും നടുവിൽ നിന്ന് എന്നെ പേരെടുത്ത് വിളിച്ച് നാവിലേക്ക് കേക്കിൻ്റെ മധുരം നുള്ളിത്തന്ന മനുഷ്യൻ എനിക്ക് ആരാണ് ? ആരല്ല എന്ന് ചോദിക്കുന്നതാകും ഉത്തരം പറയാൻ എളുപ്പം. പിറവത്തെയും കൊച്ചിയിലെയും കൊട്ടകകളിൽ കണ്ടു തുടങ്ങിയ ഒരാൾ. ഫോട്ടോഗ്രഫി പഠിച്ചപ്പോൾ ഒരു തവണയെങ്കിലും പകർത്താൻ കൊതിച്ച മുഖം. പക്ഷേ കാലം കരുതി വച്ചത് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ്_ വിസ്മയം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പകർത്തിയ ക്യാമറ നവോദയ അപ്പച്ചൻ സമ്മാനിക്കുന്ന നിമിഷത്തിന് ഞാൻ സാക്ഷിയായി. മാതൃഭൂമിയുടെ യാത്ര മാഗസിനുവേണ്ടി ഒരുമിച്ച് യാത്ര പോയി. കൊച്ചി കായലിൽ ഓളപ്പരപ്പിന് മേലെ എനിക്കായി ഗിറ്റാർ മീട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച കുട്ടിക്കൊപ്പം മുദ്രകൾ വിടർത്തുന്നത് നോക്കി ക്ലിക്ക് ചെയ്യാൻ മറന്നു ഞാൻ നിന്നു. പർവതത്തിൽ നിന്ന് നദി ഉത്ഭവിക്കുന്ന പോലെ ഡബ്ബിങ് തീയറ്ററിൽ ആ നാവിൽ നിന്ന് സംസ്കൃതം ധാരയായി ഒഴുകുന്നത് കണ്ട് അദ്ഭുതപ്പെട്ടു. അത്രയും നേരം കളി പറഞ്ഞു നിന്ന ശേഷം ഭ്രമരത്തിലെ വേഷത്തിലേക്ക് അനായാസം മൂളിപ്പറന്ന് ചെല്ലുന്നത് കണ്ട് കൈകൂപ്പി നിന്നു പോയി. ഇങ്ങനെ ഏതു തിരക്കിനിടയിലും ഒരു വിളി കേട്ട്, എൻ്റെ ക്യാമറയ്ക്കായി എത്ര ഭാവങ്ങൾ, ചലനങ്ങൾ, നിമിഷങ്ങൾ... അത്തരമൊരു നിമിഷം മാത്രമേ ഇന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ പ്രിയപ്പെട്ട ലാലേട്ടാ, നിങ്ങൾ എനിക്ക് എക്കാലത്തേക്കുമുള്ള ഓർമ സമ്മാനിച്ചു. വാക്കുകൾക്കതീതമാണ് ഈ അനുഭവം. നന്ദി എന്ന വാക്കിൽ അതിൻ്റെ തിളക്കം കെടുത്തുന്നില്ല. നിറഞ്ഞ ഹൃദയത്തോടെയും കണ്ണുകളോടെയും കൈകൂപ്പുന്നു. ഞാനും എൻ്റെ ക്യാമറയും എക്കാലവും മറക്കില്ല ഈ ദിനം..



