രജനികാന്ത് ആരാധകർ ഏറെ കാത്തിരുന്ന ‘ജയിലർ 2’ന്റെ ആക്ഷൻ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിൽ വമ്പൻ താരനിരയും മാസ്സ് രംഗങ്ങളുമാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്. നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ആദ്യ ഭാഗത്തിലെ വിനായകന്റെ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തേടിയുള്ള മുത്തുവേൽ പാണ്ഡ്യന്റെ യാത്രയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടാണ് പ്രധാന പ്രതിനായക വേഷത്തിലെത്തുന്നത്. വർമന്റെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ തിയേറ്ററുകളെ ആവേശത്തിലാക്കിയ മോഹൻലാലിന്റെ ‘മാത്യു’യും രണ്ടാം ഭാഗത്തിൽ കിടിലൻ കാമിയോ വേഷത്തിൽ തിരിച്ചെത്തുന്നുണ്ട്.
ബോളിവുഡ് താരം വിദ്യാ ബാലൻ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിലുണ്ട്. മോഹൻലാലിനും സുരാജിനും പുറമെ ഹക്കിം ഷാ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗത, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഇതോടെ മലയാളി പ്രേക്ഷകർക്കിടയിലും ചിത്രത്തിന്റെ താരനിര വലിയ ശ്രദ്ധ നേടുകയാണ്.
അനിരുദ്ധ് രവിചന്ദറിന്റെ മാസ്സ് പശ്ചാത്തല സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണവും ട്രെയിലറിന്റെ ആക്ഷൻ ഭാവത്തിന് കൂടുതൽ ശക്തി നൽകുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. കേരളത്തിലെയും കർണാടകത്തിലെയും വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി. 2023ൽ പുറത്തിറങ്ങിയ ആദ്യ ‘ജയിലർ’ ആഗോളതലത്തിൽ 600 കോടിയിലധികം രൂപ സ്വന്തമാക്കി ചരിത്രവിജയം നേടിയിരുന്നു. പുതിയ ട്രെയിലർ എത്തിയതോടെ ആ വിജയത്തിന്റെ തുടർച്ചയായി ‘ജയിലർ 2’ എത്രത്തോളം മുന്നേറും എന്ന ആകാംക്ഷയിലാണ് ആരാധകർ.

