ഇന്ന് രാവിലെ ശ്രീ ജോസ് മുണ്ടശ്ശേരി വീട്ടിൽ വന്നിരുന്നു. അദ്ദേഹം ശ്രീ ജോസഫ് മുണ്ടശ്ശേരിയുടെ രണ്ടാമത്തെ പുത്രനാണ്. തൃശ്ശൂർക്കാരനാണെന്നു അഭിമാനിക്കുന്നുവെങ്കിലും കഴിഞ്ഞ അറുപത്തി രണ്ട് വർഷങ്ങളായി ന്യൂയോർക്കിലാണ് താമസം. എൺപത്തെട്ട് വയസ്സായെങ്കിലും അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് നിന്നും നടന്നാണ് വീട്ടിൽ വന്നത്.
പ്രാതൽ കഴിച്ചതിന് ശേഷം ഏ കെ ജി സെന്റർ കാണുന്നതിനോടൊപ്പം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷെയും എസ് ആർ പി യെയും സെന്ററിലുണ്ടായിരുന്ന എല്ലാ സഖാക്കളെയും കണ്ട് സംസാരിച്ച് കൈ കൊടുത്തിട്ടാണ് മടങ്ങിയത്.
മാഷോട് അദ്ദേഹം
കുറേ പഴയകാല കഥകൾ പറഞ്ഞു. തന്റെ അപ്പൻ ജോസഫ് മുണ്ടശ്ശേരിയും തകഴി ശിവശങ്കര പിള്ളയും കുട്ടിയായിരുന്ന താനും തൃശ്ശൂരിലെ ചേറ്റുപുഴ മനക്കൊടി വളവിലുള്ള അഗസ്ത്യ ഭവനിൽ എന്റെ അപ്പാപ്പനെ സന്ദർശിക്കാൻ പോകാറുള്ളതും, അവിടെ മൂന്നാമത്തെ നിലയിലേക്കുള്ള വാതിൽ അടച്ചിട്ടിരുന്നതും, അവിടേക്ക് പോകാൻ സമ്മതിക്കുമായിരുന്നില്ലെന്നും, അടച്ചിട്ട വാതിലുകൾക്കുള്ളിൽ സഖാവ് സി അച്യുതമേനോൻ ഒളിവിൽ താമസിക്കുകയായിരുന്നു എന്നും, അക്കാര്യം പിന്നീടാണ് തനിക്ക് മനസ്സിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.
വളരെ കാലം മുൻപ് ബേബിയെ പരിചയപ്പെട്ടതും ബേബിയുടെ ഭാര്യയായ ഞാൻ തൃശൂർക്കാരി ആണെന്നും പറഞ്ഞപ്പോൾ, തൃശ്ശൂരിൽ എവിടെ നിന്നാണെന്ന് ബേബിയോട് ചോദിച്ചുവത്രെ. ചേറ്റുപുഴ മനക്കൊടിയാണ് ബെറ്റിയുടെ അമ്മ വീടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്രെ, അപ്പന്റെ കൂടെ ചെറുപ്പത്തിൽ അദ്ദേഹം അവിടെ വളവിലുള്ള ഒരു വീട്ടിൽ പോകാറുണ്ടായിരുന്നു എന്നും അവിടെ രണ്ട് സുന്ദരിമാരുണ്ടായിരുന്നു എന്നും. അപ്പോൾ ബേബി പറഞ്ഞത്രേ അതിൽ ഒരു സുന്ദരിയുടെ മകളെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന്.
ഇന്ന് ഗോവിന്ദൻ മാഷോട് ജോസ് മുണ്ടശ്ശേരി പറയുന്നുണ്ടായിരുന്നു, ബേബി ആ വീട്ടിൽ നിന്നും കല്യാണം കഴിച്ചതിൽ തനിക്ക് ബേബിയോട് അസൂയ ഉണ്ട് എന്ന്.
ലോകം എത്ര ചെറുതാണ് അല്ലേ ? അല്ലെങ്കിൽ അപ്പാപ്പനും അമ്മാമയും എല്ലാവരിൽ നിന്നും ഒളിപ്പിച്ച് വെച്ചിരുന്ന എനിക്കറിയാൻ പാടില്ലാത്ത, ,പാർട്ടി രഹസ്യങ്ങൾ ജോസ് അങ്കിൾ വഴി എനിക്ക് അറിയാൻ സാധിച്ചല്ലോ.



