ഈ യാത്രയിൽ തന്നോടോപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതിയെന്ന് നടൻ മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ഈ ബഹുമതി എനിക്ക് മാത്രമല്ല, ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. എന്റെ കുടുംബത്തിനും, പ്രേക്ഷകർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും. നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്'- മോഹൻലാൽ ഫേസ്ബുക്കിൽ എഴുതി.സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ള നിരവധി പ്രമുഖരാണ് പുരസ്കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റുകൾ പങ്കുവച്ചത്. മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹൻലാൽ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് എക്സിൽ കുറിച്ചത്.സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ കിരീടത്തിന് ലാൽ ശരിക്കും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.


