നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ ജൂലൈ 3 മുതല്‍ 6 വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കണ്‍വെന്‍ഷ (ശിവോഹം 2025 ) നു അരങ്ങുണരുമ്പോള്‍ അത് ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തന്‍ നാളുകളിലേക്കുള്ള ചുവടു വയ്പുകള്‍ ആയി തീരുന്നു. സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവും കലാ പരവുമായ ചോദനകളെ തൊട്ടുണര്‍ത്തുന്ന അസംഖ്യം വിഭവങ്ങള്‍ കോര്‍ത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങള്‍ക്ക് ശിവോഹം കണ്‍വെന്‍ഷന്‍ സാക്ഷ്യം വഹിക്കും.
പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കണ്‍വെന്‍ഷനില്‍ ,ശിവഗിരി മഠത്തില്‍ നിന്നും സ്വാമി വീരേശ്വരാനന്ദ , ബ്രഹ്‌മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട് ,മോഹന്‍ജി,.മണ്ണടി ഹരി എന്നിവര്‍ കണ്‍വെന്‍ഷനില്‍ എത്തുന്ന കുടുംബ അംഗങ്ങള്‍ക്ക് ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകള്‍ ഒരുക്കും.
മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായന്‍ ശ്രീ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ കലാമണ്ഡലം രചിതാ രവി(മോക്ഷ,മോഹിനിയാട്ടം സെഷന്‍) , ശ്രീമതി രഞ്ജനി സൈഗാള്‍ (വീരാംഗന:വനിതാ ഫോറം സെഷന്‍ ) വിവിധ നഗരങ്ങളില്‍ നിന്നും നാടക അവതരണം, ഫാഷന്‍ ഷോ, കള്‍ച്ചറല്‍ കോംപറ്റീഷന്‍, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു.
വ്യക്തവും സുദൃഡവുമായ കാഴ്ചപ്പാടോടു കൂടി സമാരംഭിച്ച സംഘടന കുറഞ്ഞ കാലം കൊണ്ട് തന്നെ അമേരിക്കയുടെ പ്രവാസി സംഘടനാ രംഗത്ത് ഉറച്ച സാന്നിധ്യം ആയി കഴിഞ്ഞുവെന്നും ഈ കണ്‍വെന്‍ഷന്‍ അതിന്റെ ദൃഷ്ടാന്തം ആയി മാറും എന്ന് പ്രസിഡന്റ് ശ്യാം ശങ്കര്‍ അറിയിച്ചു. വനിതകള്‍ക്കും യുവ ജനങ്ങള്‍ക്കും മന്ത്ര നല്‍കുന്ന പ്രാധാന്യം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജം പകരും എന്നും അദ്ദേഹം അറിയിച്ചു.


