കൊച്ചി: നിരന്തരം അപമാനിക്കുകയും അപവാദപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പങ്കുവെച്ച അപകീർത്തികരമായ എല്ലാ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും നടി ആവശ്യപ്പെട്ടു.
ഹർജിയിൽ സനൽ കുമാർ ശശിധരന് പുറമെ യൂട്യൂബർ ഷാജൻ സ്‌കറിയയോടും മെറ്റയോടും മറുപടി നൽകാൻ ഹർജിയിൽ പറയുന്നുണ്ട്. ഈ മാസം 30-ന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും മുൻസിഫ് കോടതി നോട്ടീസ് അയച്ചു. ഒപ്പം, അപകീർത്തികരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് ഇരുവർക്കും കോടതി അടിയന്തര വിലക്കേർപ്പെടുത്തുകയും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നുണ്ട്.

