PRAVASI

മാണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘തേന്മാവിൻ കൊമ്പത്ത്’ തിയേറ്ററുകളിൽ

Blog Image

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷകമനസ്സില്‍ നിലനില്‍ക്കാറുണ്ടെന്നും അവ എക്കാലത്തും ആസ്വദിക്കപ്പെടാറുണ്ടെന്നും പ്രിയദർശൻ കുറിച്ചു. അങ്ങനെയൊരു ചിത്രമാണ് മോഹൻലാലുമായി ചേർന്ന് ചെയ്ത ‘തേൻമാവിൻ കൊമ്പത്ത്’. രണ്ട് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിലാണ് ചിത്രം എത്തുന്നത്. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന് ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ് പ്രായം. നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകുമെങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണെന്ന് ഓർമ്മിപ്പിച്ച പ്രിയദർശൻ, കൂട്ടുകാരോടൊപ്പം ഈ സിനിമ കണ്ട് ബിഗ് സ്‌ക്രീനിൽ ആ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ അഭ്യർത്ഥിച്ചു. ഉത്സവപ്രതീതിയോടെ ഈ ചിത്രം പ്രേക്ഷകർ വീണ്ടും ആഘോഷിക്കുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 8-നാണ് ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

1994-ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8-ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചത്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്‌‌സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ-റിലീസിനായി ചിത്രം 4K-യിൽ റീ മാസ്റ്റർ ചെയ്തത് ‘മാറ്റിനി നൗ’വും ‘ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും’ ചേർന്നാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.