ഞാൻ കാവൽമാലാഖമാരിൽ വിശ്വസിക്കുന്ന ആളാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആരോ പറഞ്ഞുവിട്ടതുപോലെ എവിടെനിന്നോ അവർ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ആ ഒരു കാര്യം കഴിയുമ്പോൾ അവർ പിൻവാങ്ങിയേക്കാം, അല്ലെങ്കിൽ ഒപ്പം ഓരം ചേർന്ന് നടന്നേക്കാം.
“ഷിക്കാഗോയിൽ നിന്ന് പ്രിയയുടെ മലയാളം വരികൾ മലയാളിയെ തേടിയെത്തുന്നതാണ് എന്റെ പ്രിയ സ്വപ്നം. ജ്വാലകൾ, അവ പുറത്ത് വരിക തന്നെ ചെയ്യും” എന്ന് പ്രിയ എ.എസ്., രണ്ടായിരത്തി പതിനെട്ടിൽ, ഫേസ്ബുക്കിൽ കുറിക്കുന്ന സമയത്ത്, ഞാൻ, എഴുതുക പോയിട്ട്, മലയാള പുസ്തകങ്ങൾ വായിക്കുന്നുപോലുമില്ലായിരുന്നു.
പ്രിയ ഇപ്പോൾ ഒന്നും എഴുതാറില്ലേ എന്ന് ചില പഴയ കൂട്ടുകാർ ചോദിയ്ക്കുമ്പോൾ ഗ്രോസറി ലിസ്റ്റ് കണക്കിൽപെടുത്താമെങ്കിൽ എഴുതാറുണ്ട് എന്ന് മറുപടി പറഞ്ഞിരുന്ന കാലം!
കോളേജുകാലത്ത് കിട്ടിയ ഗൃഹലക്ഷ്മി അവാർഡിന് പുല്ലുവില പോലും തന്നിരുന്നില്ല വീട്ടുകാര്. പഠനമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു.
രണ്ടുതവണ എനിയ്ക്ക് കിട്ടിയ ഗൃഹലക്ഷ്മി അവാർഡും എംടിയുടെ വിവരക്കേടായി ചിരിച്ചു തള്ളുന്ന ഒരു വീട്ടിൽ നിന്ന് വന്നതുകൊണ്ടായിരിയ്ക്കും ഒരുകാലത്ത് ഞാൻ എഴുതിയിരുന്നു എന്ന് പുറത്ത് പറയാൻപോലും മടിയായിരുന്നു.
അങ്ങനെ മലയാളം വായനയും എഴുത്തും വട്ടപൂജ്യമായിരുന്ന ജീവിതത്തിൽ ആദ്യമായിട്ട് വന്ന് വീണ കനലായിരുന്നു പ്രിയയുടെ ഈ വരികൾ .
ഉള്ളിലെവിടെയോ ജീവനില്ലാതെ കിടന്ന ഏതൊക്കെയോ അവസ്ഥകളിലേയ്ക്ക് ശ്വാസം ഊതുന്നത് പോലെയായിരുന്നു അത്.
2018 ഇൽ ഞാൻ ആദ്യം എഴുതിയത് വായിച്ച് അഭിപ്രായം പറഞ്ഞതും തിരുത്തി തന്നതും, അതെടുത്ത് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിലെ എഡിറ്റർ സഞ്ജയ് മോഹന് കൊടുത്തതും പ്രിയയാണ്. പ്രിയ വായിച്ച് ഓക്കേ എന്ന് പറഞ്ഞാൽ മാത്രമേ പ്രസിദ്ധീകരണത്തിന് അയക്കാൻ അക്കാലങ്ങളിൽ എനിക്ക് ധൈര്യമുണ്ടായിരുന്നുള്ളൂ.
അന്ന് തുടങ്ങിയ എഴുത്ത് ഇന്ന് ആദ്യ പുസ്തകത്തിലെത്തി നിൽക്കുമ്പോൾ സ്നേഹത്തോടെ, നന്ദിയോടെ ആലോചിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം പ്രിയ എ.എസിന് തന്നെയാണ്. എന്റെ എഴുത്ത് വഴിയിൽ നിയോഗം പോലെ ദൈവം നിർത്തിയ കാവൽമാലാഖ!
അമേരിയ്ക്കൻ ജീവിതത്തിനിടെ മലയാളം മിസ്സ് ചെയ്യാനുള്ള സമയമില്ലായിരുന്നു എന്നുള്ളതായിരുന്നു സത്യം. ഇതിനിടയിൽ നൊസ്റ്റാൾജിയ, ഗൃഹാതുരത്വം എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അതെന്നതാ എന്ന് തിരിച്ചു ചോദിയ്ക്കുന്നതു പോലെ തിരക്കായിരുന്നു. "ദ അമേരിയ്ക്കൻ ഡ്രീം" ഏറെക്കുറെ യാഥാർഥ്യമായികഴിഞ്ഞപ്പോഴാണ് എത്ര തൂത്താലും തുടച്ചാലും പോകാത്ത ആ പഴയ ഇഷ്ടത്തിലേയ്ക്ക് വീണ്ടും നോക്കിയത്.
കുടഞ്ഞെറിയാൻ നോക്കിയിട്ടും പോകാതെകിടക്കുന്ന ഇഷ്ടം!
ചാരത്തിനുള്ളിൽ എരിയുന്ന കനൽ പോലെയോ! അതോ ശംഖിനുള്ളിൽ മുഴങ്ങുന്ന കടൽ പോലെയോ!
ജുംബാ ലാഹിരിയുടെ 'ദ തേർഡ് ആൻഡ് ഫൈനൽ കോൺറ്റിനെന്റ്’ എന്ന ചെറുകഥയിൽ പറഞ്ഞിരിയ്ക്കുന്നതുപോലെ,
"എന്റെ നേട്ടങ്ങളെല്ലാം തികച്ചും സാധാരണമായിരിയ്ക്കാം. ജീവിതഭദ്രത തേടി വീടും നാടും വിട്ട് ദൂരങ്ങളിലേയ്ക്ക് പോയ ആദ്യത്തെ വ്യക്‌തിയൊന്നുമല്ല ഞാൻ. അവസാനത്തേതുമായിരിയ്ക്കില്ല എന്നെനിയ്ക്കുറപ്പുണ്ട്. പക്ഷെ എന്നിട്ടും ചിലനേരങ്ങളിൽ ഞാൻ സഞ്ചരിച്ച ഓരോ മൈലും,ഞാൻ കഴിച്ച ഒരോ ഭക്ഷണവും,ഞാൻ പരിചയപ്പെട്ട ഓരോ മനുഷ്യനും,ഞാൻ ഉറങ്ങിയ ഓരോ മുറിയും, എന്നെ ഭയങ്കരമായി അമ്പരപ്പിക്കാറുണ്ട്. എത്ര സാധാരണമാണ് അതെല്ലാം എന്ന് തോന്നിയാലും, ചില നേരങ്ങളിൽ
എന്റെ സങ്കൽപങ്ങൾക്കും അതീതമാണത്"
എന്തായാലും, എന്റെ തികച്ചും സാധാരണ ജീവിതത്തിൽ ചവിട്ടിനിന്ന് 2020 മുതൽ ഞാൻ എഴുതിയ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
ബോണസ്സുകളാണ് ഇതെല്ലാം എന്ന് നല്ല ബോദ്ധ്യമുള്ളത് കൊണ്ട് തന്നെ വല്ല്യ സന്തോഷത്തോടെയും അഭിമാനത്തോടെയും, മനസ്സ് നിറയുന്ന നന്ദിയോടെയുമാണ് ഞാൻ എന്റെ കഥാസമാഹാരത്തിന്റെ കവർ പേജ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
നാളെമുതൽ മാതൃഭൂമിയുടെ എല്ലാ ബുക്സ്റ്റോറുകളിലും ഓൺലൈനിലും പുസ്തകം ലഭിക്കുന്നതായിരിക്കും.
പുസ്തകം വാങ്ങിയും വായിച്ചും, സ്നേഹിച്ചും, വിമർശിച്ചും കൂടെയുണ്ടാകുമല്ലോ
പ്രിയ ജോസഫ് ,ചിക്കാഗോ



