ചിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (MRA) 25 വർഷം പിന്നിട്ടതിന്റെ രജത ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായി. നോർത്ത് ബ്രൂക് സിറ്റിയിലെ സെഞ്ചൂറിയൻ ബാങ്ക്വറ്റിൽ നടന്ന കുടുംബസംഗമം മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉദ്ഘാടനം ചെയ്തു.
എം.ആർ.എ. (MRA) കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടിയ പ്രൗഢഗംഭീരമായ ഈ പരിപാടിയിൽ മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായിരുന്നു. കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി മേയർ റോബിൻ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് വലിയ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയെന്ന് ഭാരവാഹികൾ പറഞ്ഞു. അമേരിക്കൻ സമൂഹ്യസേവനരംഗത്ത് മേയർ റോബിൻ ഇലക്കാട്ട് നടത്തിവരുന്ന നിസ്തുലസേവനങ്ങളെ ആദരിച്ചുകൊണ്ട് പ്രസിഡന്റ് സോണി പോൾ മേയറെ പൊന്നാട അണിയിച്ചു.
പൊതുസമ്മേളനത്തിൽ സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സോണി പോൾ അധ്യക്ഷപ്രസംഗം നടത്തി. സ്ഥാപക പ്രസിഡന്റ് ജോർജ് നെല്ലാമറ്റം ആശംസപ്രസംഗം നിർവഹിച്ചു. ജിതേഷ് ചുങ്കത്ത് നന്ദി പ്രകടനവും നടത്തി.
പരിപാടിയുടെ വിജയത്തിന് അടിത്തറയായ പ്രസിഡന്റ് സോണി പോളിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സംഘാടകർ നന്ദി രേഖപ്പെടുത്തി. സ്ഥാപക പ്രസിഡന്റ് ജോർജ്ജ് നെല്ലാമറ്റത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങൾ മുൻനിറുത്തി പൊന്നാട നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ് ജോണി ജേക്കബ്, ട്രഷറർ റിച്ചിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷത്തെ പ്രസിഡന്റുമാരെയും, 25 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും യോഗത്തിൽ ആദരിച്ചു.
പൊതുസമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. കൈരളി കാറ്ററിങ് ഒരുക്കിയ വിഭവസമൃദ്ധമായ ബാങ്ക്വറ്റ് ഡിന്നർ ആഘോഷങ്ങൾക്ക് രുചിക്കൂട്ടൊരുക്കി.
വിവിധ ആരോഗ്യമേഖലാ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.സിമി ജെസ്റ്റോ, മാർക്ക് (MARC) പ്രസിഡന്റ് ടോം ജോസ് ചെറുവള്ളി, ATPKO പ്രസിഡന്റ് മജു ഓട്ടപ്പള്ളി എന്നിവർ സംഗമത്തിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു. .
പ്രശസ്ത ഗായകരായ ബ്രിസ്റ്റോ സേവ്യറും അഞ്ജലിയും അവതരിപ്പിച്ച മനോഹരമായ സംഗീത വിരുന്ന് ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു. ജോസഫ് വിരുത്തികുളങ്ങര, റോമി നെടുഞ്ചിറ എന്നിവരായിരുന്നു പരിപാടിയുടെ എം.സിമാർ.
പ്രസിഡന്റ് സോണി പോൾ, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് , ട്രഷറർ റിച്ചിൻ തോമസ്, വൈസ് പ്രസിഡന്റ് ജോണി ജേക്കബ്, ജോയിന്റ് സെക്രട്ടറി റോമി നെടുഞ്ചിറ, പി ആർ ഒ ജിതേഷ് ചുങ്കത്ത്, എം.ആർ.എ. സ്ഥാപക പ്രസിഡന്റ് ജോർജ്ജ് നെല്ലാമറ്റം, മറ്റു മുൻ ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘാടക സമിതിയുടെ കൂട്ടായ പരിശ്രമമാണ് പരിപാടിയെ വിജയത്തിലേക്ക് നയിച്ചത്.
പരിപാടിക്ക് എല്ലാ സഹായങ്ങളും നൽകിയ സെഞ്ചൂറിയൻ ബാങ്ക്വറ്റിലെ ജിജി പി. സാമിനും മകൻ ഇവിൻ സാമിനും കൈരളി ഫുഡ് നൽകിയ വിഭവസമൃദ്ധമായ അത്താഴത്തിനും സംഘാടകർ നന്ദി അറിയിച്ചു. മോനു വർഗ്ഗീസ് (ഫോട്ടോഗ്രാഫർ), സജി പണയപ്പറമ്പിൽ (ഫോക്കസ് സ്റ്റുഡിയോസ്) എന്നിവർ ദൃശ്യപരമായ പിന്തുണ നൽകി.
കമ്മ്യൂണിറ്റിയിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അറിയിച്ച എം.ആർ.എ. ഭാരവാഹികൾ, ഈ സംഗമത്തിൽ പങ്കെടുത്ത് MRA യുടെ സിൽവർ ജൂബിലി ആഘോഷങ്ങളെ വൻ വിജയമാക്കിതീർത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും നന്ദി അറിയിച്ചു.
ഫോട്ടോ-മോനു വർഗ്ഗീസ്
.jpg)




















































