ചിക്കാഗോ: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 4-ാം തീയതി വെള്ളിയാഴ്ച ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിലെ മലയാളി കൂട്ടായ്മ വര്‍ണശബളമായി. കഴിഞ്ഞ 9 വര്‍ഷക്കാലമായി ഗ്ലെന്‍വ്യൂ മലയാളീസ് ഓഫ് ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ മലയാളിസമൂഹം സാംസ്കാരികത്തനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. ഗ്ലെന്‍വ്യൂ മേയര്‍ മൈക്കിള്‍ ബി. ജെന്നി പരേഡ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പരേഡില്‍ അണിനിരന്നു.
ചെണ്ടമേളം, മുത്തുക്കുടകള്‍, വര്‍ണ്ണശബളമായ വേഷവിധാനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട മലയാളി ഫ്ളോട്ട് ജനശ്രദ്ധ പിടിച്ചുപറ്റി. ജോണത്തന്‍ കൊച്ചുവീട്ടിലിന്‍റെ നേതൃത്വത്തില്‍ കൊച്ചുവീട്ടില്‍ ബീറ്റ്സിന്‍റെ ചെണ്ടമേളം ഘോഷയാത്രയുടെ അരങ്ങുണര്‍ത്തി. അവതാരകന്‍റെ റോള്‍ സി.ജെ. ഭംഗിയായി നിര്‍വഹിച്ചു.
ഗ്ലെന്‍വ്യൂ മലയാളീസ് ഓഫ് ഇന്‍ഡ്യയുടെ ഭാരവാഹികളായ കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍ (പ്രസിഡണ്ട്), ഷാനി അബ്രഹാം (സെക്രട്ടറി), ജോണി വടക്കുംചേരി (ട്രഷറര്‍), ജിനോ ജോണ്‍ മഠത്തില്‍ (പരേഡ് കണ്‍വീനര്‍), ചാക്കോച്ചന്‍ കടവില്‍ (പരേഡ് കോ-ഓര്‍ഡിനേറ്റര്‍), ജോസഫ് തെക്കേക്കര എന്നിവരും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് നെല്ലാമറ്റം, കുര്യന്‍ ഇമ്മാനുവല്‍, ജിതേഷ് ചുങ്കത്ത്, ജോണ്‍ പാട്ടപ്പതി തുടങ്ങിയവരും പരേഡിന്‍റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
പരേഡിനുശേഷം ജോര്‍ജ് ആന്‍ഡ് ജിജി നെല്ലാമറ്റത്തിന്‍റെ വസതിയില്‍ സ്നേഹവിരുന്നും സമാപന സമ്മേളനവും നടത്തപ്പെട്ടു. കൈരളി ഫുഡ്സിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ രുചികരമായ ഭക്ഷണവിഭവങ്ങളും തട്ടുകടയും ആസ്വാദ്യകരമായിരുന്നു. പ്രസിഡണ്ട് കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍ ഭാരവാഹികളേയും അതിഥികളേയും സദസ്സിനു പരിചയപ്പെടുത്തി. ഇല്ലിനോയിയിലെ എട്ടാമത് കോണ്‍ഗ്രഷ്യണല്‍ ഡിസ്ട്രിക്ടില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മലയാളിയും യുവാവുമായ റയന്‍ വെട്ടിക്കാട്, ഇന്‍ഡോ-അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ ബോര്‍ഡ് മെംബര്‍ ലിറ്റ്സി കുരിശുങ്കല്‍, കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പരേഡ് കണ്‍വീനര്‍ ജിനോ മഠത്തില്‍, അഡ്വൈസറി ബോര്‍ഡ് അംഗം ജോര്‍ജ് നെല്ലാമറ്റം, സിനു പാലക്കത്തടം, പ്രിന്‍സ് ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷാനി അബ്രഹാം കൃതജ്ഞത പറഞ്ഞു. അനില്‍ ചിറ്റലക്കാട്ട് (കെ.ഡബ്ല്യു. റിയല്‍ എസ്റ്റേറ്റ്) ഗ്രാന്‍ഡ് സ്പോണ്‍സര്‍ ആയിരുന്നു.
വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് പ്രിന്‍സ് മാഞ്ഞൂരാന്‍, അനില്‍ മറ്റത്തിക്കുന്നേല്‍, ഡൊമിനിക് ചൊള്ളമ്പേല്‍, മോനു വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഫോട്ടോ :മോനു വർഗീസ്
.jpg)










