PRAVASI

ഇടതുപക്ഷ മുന്നേറ്റത്തിൽ ഞെട്ടി യുഡിഎഫും ബിജെപിയും; സർക്കാറിന് മുന്നറിയിപ്പായി തദ്ദേശവിധി

Blog Image

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വൻ പ്രഹരമാണ് യുഡിഎഫിനും ബിജെപിക്കും ഇപ്പോൾ ലഭിച്ചിരിക്കുന്നത്, ഈ സാഹചര്യത്തിൻ ഒരു പൊതുതിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിൻ്റെ അവസ്ഥ അതിദയനീയമാകും. ഒരു സംശയവും വേണ്ട, വൻ പ്രഹരമായിരിക്കും യുഡിഎഫിനും ബിജെപിക്കും ലഭിക്കുക.രാഷ്ട്രീയമായും സംഘടനാപരമായും കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടും ഇടതുപക്ഷത്തിന് മുന്നേറാൻ കഴിഞ്ഞു എങ്കിൽ, അത് അത്ര നിസാരമായി കാണാൻ കഴിയുകയില്ല. ഇത് കേവലം ഒരു പ്രാദേശിക തിരഞ്ഞെടുപ്പായും നമുക്ക് വിലയിരുത്താൻ കഴിയുകയില്ല. കാരണം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പായതിനാൽ, ഈ തിരഞ്ഞെടിപ്പിനെ ഗൗരവമായാണ് രാഷ്ട്രീയ പാർട്ടികൾ നോക്കി കണ്ടിരുന്നത്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രചരണത്തിന് ഇറങ്ങിയതും ഈ രാഷ്ട്രിയ പ്രാധാന്യം മുന്നിൽ കണ്ടു തന്നെയാണ്.

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റുകളിലാണ് ഇടതുപക്ഷം വിജയിച്ചിരിക്കുന്നത്. യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റുകൾ ഇടതുപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിഞ്ഞത് വിഡി സതീശൻ സർക്കാറിൻ്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. 22 സീറ്റിൽ നിന്നാണ് യുഡിഎഫ് 19ലേക്ക് കൂപ്പ് കുത്തി വീണിരിക്കുന്നത്. രാജീവ് ചന്ദ്രശേവർ പട നയിച്ച ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ല എന്നതും ഈ തിരഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു സൂചനയാണ്. അതായത് കാവി രാഷ്ട്രിയത്തിനോട് മുഖം തിരിക്കുന്ന പതിവ് ഇപ്പോഴും കേരളം തുടരുന്നു എന്നു വേണം കരുതാൻ. സംസ്ഥാന ഭരണത്തിൻ്റെ സകല സംവിധാനം ഒരുക്കിയിട്ടും 19 സീറ്റിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത് ഇതിൽ തന്നെ ഭൂരിപക്ഷം പലയിടത്തും വളരെ കുറവുമാണ്. ഒരു സീറ്റിൽ ട്വന്റി20യാണ് ജയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടത്തും ഇടതുപക്ഷമാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നാല് സീറ്റ്‌ ജയിച്ച യുഡിഎഫിന് ജില്ലയിൽ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോട്ടയത്തും യുഡിഎഫ് തകർന്നടിഞ്ഞു. മൂന്ന് സീറ്റിലേക്ക് ഉപതെര‍ഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ടിടത്തും ഇടതുപക്ഷമാണ് ജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ഇവിടെ ഇടതുപക്ഷം പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട്ടും ഇടതുപക്ഷം മികച്ച മുന്നേറ്റം നടത്തി. ഏഴിടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ അഞ്ചിടത്തും ഇടതുപക്ഷമാണ് ചെങ്കൊടി പാറിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ജയിക്കാനും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം പറയാനുള്ള മറ്റൊരു കാര്യം, കാസർകോട്ടെ സീറ്റും മലപ്പുറത്തെ രണ്ട് സീറ്റുകളും ഇടതുപക്ഷം നിലനിർത്തി എന്നതാണ്.

മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്താണ് ഇടതുപക്ഷം ഉജ്വല വിജയം നേടിയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽ നിന്നാണ് തിരിച്ചുപിടിച്ചിരിക്കുന്നത്. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിൽ ഇടതുപക്ഷ സ്ഥാനാർഥി മഞ്ജു സുജിത്താണ് ജയിച്ചിരിക്കുന്നത്‌. പാലക്കാട് ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിൽ നിന്നും ഇടതുപക്ഷ സ്ഥാനാർഥി വി പൊന്നുകുട്ടനും വിജയിച്ചു കയറിയിട്ടുണ്ട്. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ടി എം ശശിയുടെ ഒഴിവിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവിടെ സീറ്റ് ഇടതുപക്ഷം നിലനിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ നിലനിർത്താൻ കഴിഞ്ഞത് മാത്രമാണ് യുഡിഎഫിൻ്റെ പ്രധാന നേട്ടം.

മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിലും രണ്ടിലും ഇടതുപക്ഷമാണ് ജയിച്ചത്. കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ ഇടതുപക്ഷം നിലനിർത്തിയപ്പോൾ തൃശൂരിലെ ചിറ്റൂർ–തത്തമംഗലം നഗരസഭാ സീറ്റ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ സിറ്റിങ് സീറ്റിൽ ഇടതു സ്ഥാനാർഥി വി തുളസീധരനാണ് വിജയിച്ചത്. മട്ടന്നൂർ ഉരുവച്ചാലിൽ എ കെ സുരേഷ്‌കുമാറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൗൺസിലറായിരുന്ന കെ കെ അഭിമന്യുവിന്റെ വിയോഗത്തെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നത്. കോർപ്പറേഷൻ വാർഡുകളിൽ എറണാകുളത്തും , കോഴിക്കോടും യുഡിഎഫിന് നിലനിർത്താൻ കഴിഞ്ഞെങ്കിലും വലിയ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. ലീഗിൻ്റെ വീരശൂര പരാക്രമയിയായ സിറ്റിംഗ് എംഎൽഎ ഫാത്തിമ തഹ്‌ലിയ 2,273 വോട്ടിന് ജയിച്ച വാർഡിൽ യുഡിഎഫിൻ്റെ ലീഡ് കുത്തനെയാണ് ഇടിഞ്ഞിരിക്കുന്നത്. ഇവിടെ വെറും 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ സാധിച്ചിരിക്കുന്നത്. കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരെഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചതും 549 വോട്ടിൻ്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ്.

ഈ വിജയം മുൻ നിർത്തി മാത്രം, ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നാൽ, ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നൊക്കെ പറയുന്നത് അതിരു കടന്ന ആത്മവിശ്വാസമല്ലേ എന്ന് ആർക്കും തോന്നാം, എന്നാൽ റിയാലറ്റിയാണ് ഇവിടെ ഞങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയത്തിൽ ഒരിക്കലും ഒന്നും ഒന്നും രണ്ടെല്ല . ഇനി ഇപ്പോൾ നടക്കാനുള്ളത് ലോകസഭ തിരഞ്ഞെടുപ്പാണ്, അത് കഴിഞ്ഞേ നിയമസഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുകയൊള്ളൂ. അതായത്, 2029-ൽ ലോകസഭ തിരഞ്ഞെടുപ്പും, 2031 ൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. അതിന് ഇനി സമയം ഒരുപാടുണ്ട്. പക്ഷേ, നമ്മൾ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, “ഇടതുപക്ഷത്തിൻ്റെ കാലം കഴിഞ്ഞു, അവരുടെ കോട്ടകൾ തകർന്ന് തരിപ്പണമായി ഇനി ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല എന്നൊക്കെയുള്ള പ്രചരന്നത്തിൻ്റെ മുനയൊടിക്കാൻ, ഇപ്പോഴത്തെ ഈ വിജയം കൊണ്ട് എന്തായാലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും സാധിച്ചിട്ടുണ്ട്. ഈ വിജയം സി.പി എം തണികളെ റീചാർജ് ചെയ്യാനാണ് ഇടയാക്കുക.

കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ, കണ്ണൂരിൽ ഉൾപ്പെടെ പാർട്ടി കോട്ടകളിൽ തിരിച്ചടി നേരിട്ടതോടെ വലിയ നിരാശയിലാണ് സിപിഎം അണികൾ ഉണ്ടായിരുന്നത്. വിശാല സംസ്ഥാന കമ്മറ്റിയിൽ വച്ച് തെറ്റു തിരുത്തൽ നടപടിക്ക് തുടക്കം കുറിക്കുകയും പി ജയരാജനെ പോലെയുള്ള കറകളഞ്ഞ കമ്യൂണിസ്റ്റുകളെ സംസ്ഥാന സെക്രട്ടറിയേറ്റിൻ ഉൾപ്പെടുത്തുകയും ചെയ്തത് വലിയ ആവേശമാണ് സി.പി എം അണികളിൽ സൃഷ്‌ടിച്ചിരുന്നത്. ചെറുപ്പത്തിനും വനിതകൾക്കും പ്രാധാന്യം നൽകി സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിച്ചതും ഈ വിശാല സംസ്ഥാന കമ്മറ്റിയിൽ വച്ചു തന്നെയാണ്. അതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ, സി.പി.എമ്മും ഗൗരവമായി തന്നെയാണ് , തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നത്. അതിൻ്റെ റിസൾട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ വലിയ വിജയം.

മാസപ്പടി കേസ് മുതൽ, ഇഡി റെയ്ഡും പിണറായി വിജയനും കുടുംബത്തിനും എതിരായ സതീശൻ സർക്കാരിൻ്റെ സ്പെഷ്യൽ ടീം അന്വേഷണം വരെ യുഡിഎഫും ബിജെപിയും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണമാക്കിയിട്ടും അതൊന്നും തന്നെ വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലന്നതും എടുത്ത് പറയേണ്ട കാര്യമാണ്. യു ഡി എഫിന് വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റിയത് അബദ്ധമായി പോയി എന്ന തിരിച്ചറവിൽ ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെറ്റായാണ് യു ഡി എഫിന് കിട്ടിയ ഈ പ്രഹരത്തെ ഞാനെന്തായാലും വിധയിരുത്തുന്നത്. അതായത് സ്പോൺസേഡ് സർക്കാറിന് ലഭിച്ച തിരിച്ചടിയാണിത്. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സ്പോൺസേഡ് യാത്രകൾ, ഇതൊന്നും ജനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതല്ല. സതീശൻ സർക്കാറിൻ്റെ 100 ദിന ഭരണമാണ് ഈ ജനവിധിയിലൂടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. ഈ പോക്ക് പോയാൽ, ലോകസഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വലിയ തിരിച്ചടി യുഡിഎഫിന് ലഭിക്കും.

അതുപോലെ തന്നെ ഒരു എംപിയും , മൂന്ന് എംഎൽഎമാരുമുള്ള ബിജെപിയുടെ ഉള്ള സ്വാധീനം പോലും നഷ്‌ടപ്പെടാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ പരാജയമാണ് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നൽകുന്നത്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.