കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷനോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് രാവിലെ 9:30 മുതൽ 4 മണി വരെ കൺവൻഷൻ നഗറിന് കൗതുകമായി ഇന്ത്യയിലെ പ്രശസ്തരായ ആറ് കാർട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചർ.കേരളാ കാർട്ടൂൺ അക്കാദമി അംഗങ്ങളാണ് ഫൊക്കാന കൺവൻഷനിൽ എത്തിയ പ്രതിനിധികളുടെ കാരിക്കേച്ചർ ചിത്രങ്ങൾ വരച്ചു നൽകിയത്. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണൻ , മധൂസ് , വിനു . എസ്, ഗിരീഷ് , ജയരാജ് , രതീഷ് രവി എന്നിവരാണ് ഫൊക്കാന കൺവൻഷനിൽ ലൈവ് കാരിക്കേച്ചറുമായി എത്തിയത്. ഫൊക്കാന കൺവെൻഷനിൽ എത്തുന്നവരുടെ ചിത്രങ്ങൾ കാരിക്കേച്ചറുകൾ ആയി രൂപാന്തരപ്പെട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് ചിരി വിടർന്നു. ഫൊക്കാനയുടെ കൺവൻഷനിൽ ആദ്യമായാണ് ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായും സ്വന്തന്ത്ര കാർട്ടൂട്ടിസ്റ്റുകളുമായ ഈ കാർട്ടൂണിസ്റ്റുകളിൽ പലരും അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളവരാണ്









