PRAVASI

ജീവപര്യന്തം ശിക്ഷ, പക്ഷേ ജയിലിൽ കഴിഞ്ഞത് ഒരു വർഷവും 11 ദിവസവും മാത്രം

Blog Image

പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ. കണ്ണൂരിലെ പാലത്തായിയിൽ നാലാം ക്ലാസിൽ പഠിച്ചിരുന്ന 10 വയസ്സും ആറുമാസവും പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ.കെ. പത്മരാജന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. 2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ വിദ്യാലയത്തിലെ ശുചിമുറിയിൽവെച്ച് പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. എന്നാൽ ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ പത്മരാജൻ ഒരു വർഷവും 11 ദിവസവും മാത്രമാണ് ജയിലിൽ കഴിഞ്ഞതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതിയുടെ വിധിയിൽ തെറ്റുകളോ അപാകതകളോ ചൂണ്ടിക്കാണിക്കാതെയാണ് ഹൈക്കോടതി ശിക്ഷ സസ്‌പെൻഡ് ചെയ്തതെന്നും ഇത് നിയമവിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു.

സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖിയാണ് സംസ്ഥാന സർക്കാരിനുവേണ്ടി അപ്പീൽ ഫയൽ ചെയ്തത്. വിചാരണക്കോടതിയുടെ വിധിയിൽ നിയമപരമായ തെറ്റോ നിലനിൽക്കാനാവാത്ത വീഴ്ചയോ കണ്ടെത്തുന്ന അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ശിക്ഷ സസ്‌പെൻഡ് ചെയ്യാവൂ എന്ന സുപ്രീംകോടതിയുടെ മുൻവിധികളും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ അപ്പീൽ തീർപ്പാകുന്നതിന് മുമ്പുള്ള ഇടക്കാല ഘട്ടത്തിൽ വിചാരണക്കോടതി പരിഗണിച്ച തെളിവുകൾ ഹൈക്കോടതി വിശദമായി പുനഃപരിശോധിച്ചത് അനാവശ്യവും നിയമവിരുദ്ധവുമാണെന്നും ഇരയായ കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ, വൈദ്യപരിശോധനാ റിപ്പോർട്ട്, വിവിധ അന്വേഷണ ഏജൻസികളുടെ പങ്ക് എന്നിവ ഈ ഘട്ടത്തിൽ വിലയിരുത്തിയത് സുപ്രീംകോടതിയുടെ മുൻവിധികൾക്ക് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ പറയുന്നു.

വിദ്യാർഥിക്ക് സംരക്ഷണവും തണലും നൽകേണ്ട അധ്യാപകൻ തന്നെ വിദ്യാലയത്തിലെ ശുചിമുറിയിൽവെച്ച് കൈകൾ കൂട്ടിക്കെട്ടിയും വായ മൂടിക്കെട്ടിയും അതിക്രമം നടത്തിയെന്ന കേസിലാണ് ഈ നിയമപോരാട്ടം തുടരുന്നത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ സസ്‌പെൻഡ് ചെയ്യുമ്പോൾ അതീവ ജാഗ്രത വേണമെന്ന മുൻവിധികളും ഹൈക്കോടതി ഉത്തരവിലൂടെ ലംഘിക്കപ്പെട്ടുവെന്നാണ് കേരളത്തിന്റെ പ്രധാന വാദം. ഇനി ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതിയുടെ നിലപാടാണ് കേസിലെ അടുത്ത നിർണായക ഘട്ടം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.