PRAVASI

മഹാഓണത്തിനുപുറമെ ഗ്ളോബൽ ഫെസ്റ്റും റിമി ടോമി ഷോയുമായി ലെവിറ്റേറ്റ്

Blog Image

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ കലാ-സാംസ്കാരിക താളുകളിൽ ചരിത്രമെഴുതിയ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് പുതുവർഷത്തിൽ പുതുചരിത്രമെഴുതാനുള്ള ഒരുക്കത്തിൽ. ഈ നാടിന്റെ കലാ സാംസ്കാരിക സമ്പന്നതയിലേക്ക് കൂട്ടിച്ചേർത്തുവയ്ക്കാവുന്നതുൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇത്തവണത്തെ മഹാഓണം ഓഗസ്റ്റ് 15ന് സങ്കോഫ സ്ക്വയറിൽതന്നെ നടക്കും. ഇതിനു പുറമെ ജൂൺ 21ന് ഗ്ളോബൽ ഫെസ്റ്റും ഒക്ടോബറിൽ റിമി ടോമി ലൈവ് ഷോയും സംഘടിപ്പിക്കുമെന്നും മുഖ്യസംഘാടകൻ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് സിഇഒ: ജെറിൻ രാജ് അറിയിച്ചു. 

കാനഡകൂടി സംയുക്ത ആതിഥേയരായ ലോകകപ്പ് ഫുട്ബോൾ സമയത്താണ് ഗ്ളോബൽ ഫെസ്റ്റ് ഒരുക്കുന്നത്. സങ്കോഫ സ്ക്വയറിൽതന്നെയാണ് ഗ്ളോബൽഫെസ്റ്റും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫുട്ബോൾപ്രേമികൾ നഗരത്തിൽ എത്തുന്ന സമയത്ത് കാനഡയുടെ ഭാഗമായ സാംസ്കാരികവൈവിധ്യത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാപരിപാടികളോടെയും  രുചിവൈഭവങ്ങളോടെയും കുടുംബമായി ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് ഗ്ളോബൽ ഫെസ്റ്റിന്റെ ലക്ഷ്യം. ഫാഷൻ ഷോയും വിവിധ മൽസരപരിപാടികളുമെല്ലാമുണ്ടാകും. കലാകാരന്മാർക്കും യുവാക്കൾക്കുമെല്ലാമായി ആഘോഷത്തിന്റെ വ്യത്യസ്തതലമാണ് ഗ്ളോബൽ ഫെസ്റ്റിൽ കാത്തിരിക്കുന്നത്. 

മഹാഓണം ഇക്കുറി വിപുലമായാണ് ആഘോഷിക്കുക. സ്വാതന്ത്ര്യദിനാഘോഷത്തിന്റെകൂടി നിറച്ചാർത്തുപകരുന്നതാകും ഓഗ്സ്റ്റ് 15ന് സങ്കോഫ സ്ക്വയറിലെ മഹാഓണം. നഗരത്തെ കസവണിയിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലും നടന്ന മഹാഓണം പരിപാടി വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷമായി മാറിയിരുന്നു. ആൾക്കൂട്ടം മാത്രമല്ല, ചെണ്ട മേളത്തിന്റെയും മണിക്കൂറുകളോളം ഇടതടവില്ലാതെ നടത്തിയ കലാപരിപാടികളുടെയുമെല്ലാം കാര്യത്തിലും വേറിട്ടു നിൽക്കുന്നതായിരുന്നു മഹാഓണം. ഇക്കുറിയും കാനഡയുടെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള കലാസംഘങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

അമേരിക്കയിൽനിന്നുള്ള പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമത്തിലുമാണ് സംഘാടകർ. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള സംഘങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാനാകും. കേരളക്കരയിൽനിന്നു കൊണ്ടുവന്ന ‘മഹാകൊമ്പൻ’ ആയിരുന്നു കഴിഞ്ഞതവണത്തെ പ്രധാന ആകർഷണം. കലാപരിപാടികൾക്കായി ലഭിച്ച അപേക്ഷകളിൽനിന്ന് മികച്ച സംഘങ്ങളെ തിരഞ്ഞെടുത്തത് സംവിധായകൻ കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുൻവർഷങ്ങളിലേതിനെക്കാൾ മികച്ച അനുഭവമൊരുക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
 
ജെറിൻ രാജിനു പുറമെ നികിത സാബു (പ്രോഗ്രാം), ഫറാസ് മുഹമ്മദ് (ആർട്സ് ആൻഡ് ഡിസൈൻ), അലീന തോമസ് (സ്റ്റേജ് പെർഫോമൻസ് ), ആൻസി ഏബ്രഹാം (ആർട്ടിസ്റ്റ്സ്), വിനോദ്  ജോൺ (മീഡിയ & പബ്ലിക്‌ റിലേഷൻസ്), വെൽമ ഡോൺസൺ (ഓപ്പറേഷൻസ്) എന്നിവർ കോർഡിനേറ്റർമാരായുള്ള സംഘമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. നൂറോളം വളന്റിയർമാരും അണിയറയിൽ സജീവമാണ്. 

കലാവേദികളെ ഇളക്കിമറിക്കുന്ന ഗായിക റിമി ടോമിയുടെ സ്റ്റേജ് ഷോയാണ് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ഈ വർഷം നടത്തുന്ന മറ്റൊരു പ്രധാന പരിപാടി. ടൊറന്റോയ്ക്കു പുറമെ, കാനഡയിലെ പ്രമുഖ നഗരങ്ങളിലും  റിമി ടോമി ഷോ നടത്തുന്നതിന് അവസരമുണ്ടാകും. താൽപര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും ലെവിറ്റേറ്റുമായി ബന്ധപ്പെടാം. 

മഹാഓണത്തിനും ഗ്ളോബൽ ഫെസ്റ്റിനും വളന്റിയർമാരാകാൻ താൽപര്യമുള്ളവർക്കും സംഘാടകരുമായി ബന്ധപ്പെടാം. വിവിധ സ്പോൺസർഷിപ്പിനും അവസരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 647-781-3743, www.levitateinc.ca
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.