PRAVASI

ലാനാ റീജണൽ കൺവെൻഷൻ 2026 സെപ്റ്റംബർ 25 - 27

Blog Image

ന്യൂയോർക്ക് :- ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിൽ ആണ് സമ്മേളനം നടക്കുന്നത്. 

അമേരിക്കയിലും ക്യാനഡയിലുമുള്ള മലയാള സാഹിത്യ സ്നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്‌മയിൽ, കേരളത്തിലെ പ്രശസ്‌ത എഴുത്തുകാരായ പോൾ സക്കറിയയും, വി. ജെ. ജെയിംസും പെങ്കെടുക്കുന്നു. 

ഈയിടെ അന്തരിച്ച, ലാനയുടെ  ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്‌ത സാഹിത്യകാരനുമായ  ശ്രീ. ജോർജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി 'ജോർജ് മണ്ണിക്കരോട്ട് നഗർ' എന്ന്  സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നു. 

സെപ്തംബർ 25 നു  വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ഈ സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്നേഹികളുടെ സാന്നിദ്ധ്യത്താൽ  സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികൾ വെളിപ്പെടുത്തിയും , പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചർച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാർക്കും പുതിയകാഴ്ച്ചപ്പാടുകൾ നൽകുന്നവയാണ്. അതോടൊപ്പം സ്വയംവിമർശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്. 

ആശയങ്ങളുടെ, ചിന്തകളുടെ, ആവിഷ്‌ക്കാരങ്ങളുടെ ഒക്കെയും ഒരു സ്‌പർശം നമുക്കീ വേദിയിൽ അനുഭവപ്പെടും. സമകാലീക മലയാള എഴുത്തുകാരിൽ മുൻനിരയിലുള്ള, പ്രഗത്‌ഭരായ സക്കറിയയെയും, വി. ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാർക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങൾ, അവരുടെ ചിന്താധാരയും എഴുത്തുവഴികളും  ഇവിടുള്ള എഴുത്തുകാർക്ക് ഒരു മുതൽക്കൂട്ടായിരിക്കും.   

എഴുത്തിന്റെ ബൗദ്ധിക വഴികളിൽ കൈപിടിക്കാൻ, പ്രോത്സാഹിപ്പിക്കാൻ, തിരുത്താൻ, സർവ്വോപരി അപരനെ മനസ്സിലാക്കി സ്നേഹിതനായി കരുതാൻ  കഴിയുന്നൊരിടം. അക്ഷരങ്ങളെ സ്നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്നേഹികളെയും  ഈനല്ല നിമിഷങ്ങളിലേക്ക് ലാനാ പ്രസിഡന്റ് സാമുവൽ യോഹന്നാനും, സെക്രട്ടറി നിർമ്മല ജോസഫും മറ്റു ലാനാ ഭാരവാഹികളും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

അതിനായുള്ള രജിസ്ട്രേഷനും ഹോട്ടൽ ബുക്കിംഗും ആരംഭിച്ചു. വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) ലഭിക്കും.

വാർത്ത തയ്യാറാക്കിയത്:

ലാനാ എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി

നിർമല ജോസഫ്  (സെക്രട്ടറി) +1 347 204 0062 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.