PRAVASI

കുന്നുപറമ്പില്‍ ആന്‍ഡ്രൂസിന് പയനിയര്‍ ക്ലബിന്‍റെ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്

Blog Image

എഴുത്തുകാരനും സാമൂഹിക സാംസ്കാരിക മതസംഘടനകളില്‍ വിവിധ ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കുന്നുപറമ്പില്‍ ആന്‍ഡ്രൂസ് കോട്ടയം കുറിച്ചി കുന്നുപറമ്പില്‍ കുടുംബാംഗമാണ്. 1946-ല്‍ ജനിക്കുകയും വിവാഹത്തിനുശേഷം കുടുംബസമേതം അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന ആദ്യകാല കുടിയേറ്റ അംഗവുമാണ്.
ചിങ്ങവനം സെന്‍റ് തോമസ് ഹൈസ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബോംബെ നേവല്‍ ഡോക്ക് യാര്‍ഡില്‍ നിന്നും നാല് വര്‍ഷത്തെ നേവല്‍ ആര്‍ക്കിടെക്ട് കോഴ്സ് പൂര്‍ത്തിയാക്കി ന്യൂഡല്‍ഹിയിലുള്ള ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനിങ്ങില്‍ അഞ്ചു വര്‍ഷം ജോലി ചെയ്തു. അമേരിക്കയില്‍ എത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1981-ല്‍ റെസ്പിറേറ്ററി തെറാപ്പിയില്‍ ബിരുദം നേടുകയും നസ്സാവു യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററില്‍ 27 വര്‍ഷക്കാലം തെറാപ്പിസ്റ്റ് ആയി സേവനം ചെയ്തു. അറിവ് ശരിയാണെങ്കില്‍ മലയാളികളില്‍ ആദ്യത്തെ റെസ്പിറേറ്ററി തെറാപ്പിസ്റ്റാണ്. ജോലിയില്‍ നിന്നും വിരമിച്ചശേഷം 2010-ല്‍ കുന്നുപറമ്പില്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുകയും അതിന്‍റെ ചെയര്‍മാനായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
പ്രാഥമിക ഉദ്യോഗത്തിനു പുറമെ സമയം കണ്ടെത്തി മലയാളി സമൂഹത്തിനു വേണ്ടി പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് 'കേരളൈറ്റ്സ് ഇന്‍ അമേരിക്ക' എന്ന കമ്യൂണിറ്റി റഫറന്‍സ് ബുക്ക് 1983-ലും അതിന്‍റെ പരിഷ്കരിച്ച പതിപ്പ് 2001-ലും പ്രസിദ്ധീകരിച്ചു. മനോരമ ഇയര്‍ബുക്ക് എന്നപോലെ വിജ്ഞാനത്തിന്‍റെ അപൂര്‍വ്വ ശേഖരമാണ് ഈ ഗ്രന്ഥം. കേരളത്തിന്‍റെ ഭൂമിശാസ്ത്രവും ചരിത്രവും സാമൂഹിക ജീവിതവും വിശദീകരിക്കുന്ന അദ്ധ്യായങ്ങള്‍ അമേരിക്കയില്‍ വളരുന്ന രണ്ടാം തലമുറയ്ക്ക് എന്തെന്ന് മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയിലാണ് വിശദീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റ ചരിത്രം, ആദ്യകാല കുടിയേറ്റങ്ങള്‍, ആയിരത്തിലധികം മലയാളികളുടെ ജീവചരിത്രക്കുറിപ്പുകള്‍, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മാധ്യമ സംഘടനകളുടെ വിവരങ്ങള്‍, ചരിത്ര അറിവുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം.
കൂടാതെ 2007-ല്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക നടത്തുന്ന ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച അവസരത്തില്‍ 'ടെക്സ്റ്റ് ബുക്ക് ടു ലേണ്‍ മലയാളം' എന്ന പാഠപുസ്തകവും പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ വളരുന്ന മലയാളി കുട്ടികള്‍ക്ക് മൂന്നു വര്‍ഷംകൊണ്ട് അത്യാവശ്യമായി മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയുന്ന രീതിയിലാണ് ഈ ഗ്രന്ഥം രൂപീകരിച്ചിരിക്കുന്നത്.
ഇതിനു പുറമെ തന്‍റെ കുടുംബമായ വെളിയനാട് പുത്തന്‍പുരയ്ക്കല്‍ ഫാമിലിയുടെ ജീനിയോളജി റഫറന്‍സ് ബുക്ക് (വംശാവലി) 2021-ല്‍ പ്രസിദ്ധീകരിച്ചു. 1730 മുതല്‍ 2021 വരെയുള്ള എട്ട് ജനറേഷന്‍റെ പേരുവിവരങ്ങള്‍ (ലഭിക്കാവുന്നിടത്തോളം) ഈ റഫറന്‍സ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുടുംബത്തിന്‍റെ ഫാമിലി ട്രീ വരയ്ക്കുവാനും സാധിച്ചിട്ടുണ്ട്.
ഫൊക്കാനയുടെ ആദ്യകാല സംഘാടകന്‍ എന്നതിനു പുറമെ ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കാനഡ കണ്‍വന്‍ഷന്‍ കോ-ചെയര്‍, നാഷണല്‍ കമ്മിറ്റി മെംബര്‍, വിവിധ കമ്മിറ്റികളുടെ കോ-ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍, എഫ്ഐഎ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ഓഡിറ്റര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍, സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സ്പെല്ലിങ് ബീ ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്‍റെ അഡ്വൈസറി ബോര്‍ഡ് മെംബര്‍, ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഗുഡ്വില്‍ അംബാസഡര്‍ എന്നീ പദവികളില്‍ പ്രര്വര്‍ത്തിക്കുന്നു.
ഇതിനുപരിയായി നോര്‍ത്ത് അമേരിക്കന്‍ ക്നാനായ യാക്കോബായ കമ്മ്യൂണിറ്റിയുടെ ആദ്യസംഘാടകന്‍, ഓഡിറ്റര്‍, പബ്ലിക്കേഷന്‍ കമ്മിറ്റി മെംബര്‍, സുവനീര്‍ എഡിറ്റര്‍, എന്‍എകെസി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറായും സെന്‍റ് ജോസഫ് ലോങ് ഐലന്‍ഡ് ചര്‍ച്ചിന്‍റെ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുന്നുപറമ്പില്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ പല നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സ്പെല്ലിങ് ബീ കോമ്പറ്റീഷന്‍ നടത്തുകയുണ്ടായി. കൂടാതെ ഹെല്‍ത്ത് സെമിനാര്‍, ഭവനരഹിതര്‍, ആപത്തുകളില്‍ മരണം സംഭവിക്കുന്ന കുടുംബങ്ങള്‍, വിദ്യാഭ്യാസത്തിന് ആവശ്യമായ ധനസഹായങ്ങള്‍ എന്നീ നല്ല കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
അമേരിക്കയിലെ കഴിഞ്ഞ 49 വര്‍ഷത്തെ ജീവിതകാലയളവില്‍ മലയാളി സമൂഹത്തിനു നല്കിയ നല്ല പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി പല പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. അതില്‍ പ്രത്യേകിച്ച് പറയേണ്ടത് വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ 'ഭാഷാമിത്ര' പുരസ്കാരം, കെസിഎഎന്‍എയുടെ 'പ്രസിഡണ്ട് സര്‍വീസ് അവാര്‍ഡ്', മലയാളം സ്കൂളിന്‍റെ 'പ്രിന്‍സിപ്പല്‍ സര്‍വീസ് അവാര്‍ഡ്', ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്‍റെ 'എക്സലന്‍സ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്' എന്നിവയാകുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.