PRAVASI

ക്രൂശിതന്‍റെ കുമ്പസാരം

Blog Image

പുകമഞ്ഞ് നിറഞ്ഞുനില്ക്കുന്ന അവ്യക്തമായ അബോധ മണ്ഡലത്തില്‍നിന്നും ബോധമനസ്സിന്‍റെ ചെറിയ ശബ്ദങ്ങളിലേക്കും കാഴ്ചകളിലേക്കും ഓര്‍മ്മകളിലേക്കും പൊന്നച്ചന്‍ സാവധാനം കണ്ണുകള്‍ തുറന്നു. മുഖത്ത് ഓക്സിജന്‍ മാസ്കിന്‍റെ സ്പര്‍ശം അയാള്‍ക്ക് തോന്നിത്തുടങ്ങി. ഇടതുകൈയ്യില്‍ കുത്തിയിട്ടിരിക്കുന്ന ഗ്ലൂക്കോസ് ധമിനിയുടെ കാനുല നേരിയ നൊമ്പരമുണ്ടാക്കുന്നു. നെഞ്ചത്ത് ഒട്ടിച്ചുവച്ചിരിക്കുന്ന പലതരം ട്യൂബുകള്‍ തന്‍റെ കിടപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. "ആ! സാറു കണ്ണു തുറന്നല്ലോ!" ഫ്രോക്ക് ധരിച്ച വെള്ളരിപ്രാവിനെപ്പോലെ നില്ക്കുന്ന സുന്ദരിയായ നേഴ്സിന്‍റെ ചോദ്യം പൊന്നച്ചനെ സുബോധത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. സന്തോഷഭരിതയായ സിസ്റ്റര്‍ "ഞാന്‍ മിസ്സിസ്സിനെ വിവരമറിയിക്കാം" എന്നു പറഞ്ഞുകൊണ്ട് പുറത്തേക്കോടി. ഭാര്യ വിജയമ്മയുമായിട്ടാണ് അവര്‍ കടന്നുവന്നത്. ബെഡ്ഡിനോട് ചേര്‍ന്നുനിന്നുകൊണ്ട് വിജയമ്മ പൊന്നച്ചന്‍റെ കരം കവര്‍ന്നു.
"ഞാന്‍ ഇത് എവിടെയാണ്?" അയാള്‍ സംഭ്രമത്തോടെ ചോദിച്ചു.
"നിങ്ങളിപ്പോള്‍ മീരാറോഡിലെ സെന്‍റ് ആന്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. ബോധംകെട്ടു വീണപ്പോള്‍ ഇവിടെ കൊണ്ടുവന്നതല്ലേ. ഞാനൊന്നും എടുക്കാതെയാണ് പോന്നത്. ഏതായാലും ബോധം തെളിഞ്ഞല്ലോ. ഞാന്‍ വീട്ടില്‍പ്പോയി ഡ്രസ് മാറി അത്യാവശ്യം സാധനങ്ങളുമായി മടങ്ങിവരാം." പൊന്നച്ചന്‍ തലകുലുക്കി.
"സിസ്റ്ററേ, അനുജനും പെങ്ങളും പുറത്തുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവരെ വിളിച്ചാല്‍ മതി." ഐ.സി.യുവില്‍ നിന്നും വിജയമ്മ പുറത്തേക്കിറങ്ങി.
ഇന്നു രാവിലെ ഉണ്ടായ സംഭവങ്ങള്‍ പൊന്നച്ചന്‍ ഓര്‍ത്തു തുടങ്ങി. ദീര്‍ഘകാലത്തെ ഇടവേളക്കുശേഷം അനുജന്‍ തങ്കച്ചനും പെങ്ങള്‍ തങ്കമ്മയും തന്നെ കാണാന്‍ വന്നതാണ്. "അവര്‍ ഇവിടെ കയറണ്ട" എന്ന് ആക്രോശിച്ചുകൊണ്ട് വിജയമ്മ കതകിന്‍റെ ലോക്കില്‍ അകത്തുനിന്ന് പിടിച്ചുകൊണ്ടു നിന്നപ്പോള്‍ താന്‍ കതക് ബലമായി തുറക്കാന്‍ ശ്രമിച്ചത് മാത്രം ഓര്‍മ്മയുണ്ട്.
"അത്രയ്ക്കായോ" എന്നലറിക്കൊണ്ട് വിജയമ്മ തന്നെ ചവിട്ടിയപ്പോള്‍ പിറകോട്ട് മറിഞ്ഞ താന്‍ എവിടെയോ തലയടിച്ചാണ് വീണത്. ആ വീഴ്ചയാവാം തന്‍റെ ഈ അവസ്ഥക്ക് കാരണം.
ബോംബെ നഗരത്തിന്‍റെ വടക്കുഭാഗത്തെ ഒരു പ്രാന്തപ്രദേശമായ മീരാറോഡില്‍ താമസമാക്കിയിട്ട് മുപ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായിരുന്ന തങ്ങള്‍ക്ക് ജീവിത സായാഹ്നത്തില്‍ മീരാ റോഡാണ് ഒരു താവളമൊരുക്കിയത്. റെയില്‍വേപ്പാളങ്ങളോട് ചേര്‍ന്നു നില്ക്കുന്ന ക്ലാസിക് അപ്പാര്‍ട്ട്മെന്‍റ്സിന്‍റെ പന്ത്രണ്ടാം നിലയിലുള്ള ഈ ഫ്ളാറ്റില്‍നിന്നും തങ്ങള്‍ അധികമൊന്നും പുറത്തിറങ്ങാറില്ല. മീരാ റോഡിലെ സെന്‍റ് ജോസഫ് കത്തോലിക്കാ പള്ളിയിലെ ഇടവകക്കാരാണ് തങ്ങളെങ്കിലും പള്ളിയില്‍ പോക്ക് വളരെ കുറവാണ്. ശ്രീ അയ്യപ്പാ ക്ഷേത്രത്തില്‍ വിജയമ്മ മിക്കവാറും പോകാറുണ്ട്. ഫ്ളാറ്റിലെ ബാല്‍ക്കണിയിലിരുന്നുകൊണ്ട് താഴത്തുകൂടിപ്പോകുന്ന ട്രെയിനിലെ യാത്രക്കാരെ നോക്കിയിരുപ്പാണ് പ്രധാന വിനോദം. ജോലിക്കാരായ യാത്രക്കാര്‍ ചിലപ്പോള്‍ കൈവീശിക്കാണിക്കുന്നത് കാണാനൊരു രസമാണ്. ബാല്‍ക്കണിയിലെ ചാരുകസേരയിലിരുന്നുകൊണ്ട് പത്രമാസികകള്‍ വായിക്കുകയും ഫോണില്‍ നോക്കി പിറുപിറുക്കുകയുമാണ് പ്രധാന പണി. ഫെയ്സ്ബുക്കില്‍ രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും പരിഹസിച്ച് കമന്‍റിടുന്നത് പൊന്നച്ചന്‍റെ ഒരു ഹോബിയാണ്. കേരള സര്‍ക്കാരിനെ പരിഹസിക്കുന്നത് പൊന്നച്ചന്‍റെ ഒരാദര്‍ശമാണ്. പെന്‍ഷന്‍ മുടങ്ങാതെ തരുന്നതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്‍റിനെ മിതമായി മാത്രമേ ചീത്ത വിളിക്കാറുള്ളു. നെഗറ്റീവ് കമന്‍റ്സ് ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെക്കുറിച്ച് മക്കള്‍ പരാതി പറഞ്ഞെങ്കിലും കുറ്റം പറയുന്നതും വിമര്‍ശിക്കുന്നതും പൊന്നച്ചന് ഒരു ശീലമായിപ്പോയി.
1975-ല്‍ താന്‍ നാടുവിട്ടതാണ്. പല പല സ്ഥലങ്ങളില്‍ ജോലി ചെയ്ത് അവസാനം ഈ മീരാറോഡിലെ തടവുകാരായി. മക്കള്‍ സൂസിയും സിസിയും എഞ്ചിനീയറിംഗ് പഠനം നടത്തിയത് ബോംബെയില്‍ തന്നെയാണ്. ഐ.ടി. പ്രഫഷനലുകളായ അവര്‍ വിവാഹിതരായി ഹൈദരാബാദിലും ഡല്‍ഹിയിലുമായി കഴിയുന്നു. താന്‍ ജോലികിട്ടി ആദ്യം പോരുന്നത് പൂനെയിലെ ആപ്പീസിലേക്കാണ്. തന്‍റെ അടുത്ത സീറ്റില്‍ പുതുതായി പോസ്റ്റിംഗ് കിട്ടിവന്ന മലയാളി യുവതിയാണ്, പി.പി. വിജയമ്മ. ഭാഷയും ജോലിയും ഒന്നും വശമില്ലാതിരുന്ന വിജയമ്മയെ പരിശീലിപ്പിക്കാനുള്ള ചുമതല തനിക്കാണ് കിട്ടിയത്. പരിശീലനത്തിന്‍റെ ഘട്ടം കഴിഞ്ഞപ്പോഴേക്കും മാവേലിക്കരക്കാരി വിജയമ്മ തന്‍റെ ആരാധികയും കാമുകിയുമായി മാറി. മിക്കപ്പോഴും സംശയങ്ങളുമായി തന്‍റെ മേശമേല്‍ കൈകള്‍ കുത്തി കുനിഞ്ഞു നില്ക്കുന്ന വിജയമ്മയുടെ സാന്നിധ്യം തനിക്ക് ഒത്തിരി അനുഭൂതികള്‍ നല്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക സുറിയാനി കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് വിജയമ്മ എന്ന നായര്‍ യുവതിയുടെ സാന്നിധ്യവും ഗന്ധവും നെറ്റിയിലെ ചന്ദനക്കുറിയും ഒരു ഹരമായി. ഒരു വര്‍ഷത്തോളം പ്രണയിച്ച്, കത്തുകള്‍ കൈമാറി, ഒന്നിച്ച് സിനിമ കണ്ട്, കാപ്പികുടിച്ച് വീട്ടുകാരുടെ അനുവാദത്തിനുവേണ്ടി അവര്‍ കാത്തിരുന്നു. ഒടുവില്‍, മാതാപിതാക്കളും സഹോദരങ്ങളും ആരുമില്ലാതെ പൂനെയിലെ സെന്‍റ് ആന്‍റണീസ് കത്തോലിക്കാ പള്ളിയില്‍ വെച്ച് തങ്ങള്‍ വിവാഹിതരായി. ഓഫീസിലെ സുഹൃത്തുക്കളാണ് ചടങ്ങുകള്‍ നടത്തുവാന്‍ സഹായിച്ചത്. മലയാളിയായ ഫാദര്‍ തോമസ് മൈലാടൂര്‍ വിജയമ്മയെ മാമ്മോദീസാ മുക്കി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ത്രേസ്യാമ്മ എന്ന പള്ളിപ്പേര് സ്വീകരിച്ചെങ്കിലും വിജയമ്മ വിജയമ്മയായിത്തന്നെ ജീവിച്ചു. ഓര്‍മ്മകളുടെ ഓളങ്ങള്‍ പൊന്നച്ചനെ ചുറ്റിയടിച്ചെങ്കിലും വീണ്ടും അബോധത്തിന്‍റെ മൂടല്‍മഞ്ഞുകളിലേക്ക് അയാള്‍ ഇല്ലാതായി.

രണ്ട്
ബോധാബോധങ്ങളുടെ മഞ്ഞുപാളികളില്‍ പൊന്നച്ചന്‍റെ മനസ്സില്‍ നാളികേരത്തിന്‍റെ നാട്ടിലുള്ള തന്‍റെ നാടും വീടും കൃഷിയിടങ്ങളും മിന്നിമറഞ്ഞു. തികഞ്ഞ കര്‍ഷകനായ അപ്പന്‍. അപ്പനെ അനുസരിക്കാന്‍ മാത്രം അറിയാവുന്ന അമ്മ. കുന്നിന്‍പുറത്ത് ഓടിട്ട വീടും കന്നുകാലിക്കൂടും. കന്നുകാലിക്കൂട്ടില്‍ കാളകളും പശുക്കളും. കന്നുകാലിക്കൂടിന്‍റെ മേല്‍ത്തട്ടില്‍ കലപ്പകള്‍, നുകങ്ങള്‍, ഞൗരികള്‍, വിവിധ തരത്തിലുള്ള തൂമ്പകള്‍ എന്നിങ്ങനെ കൃഷി ഉപകരണങ്ങള്‍. ചാണകവും മൂത്രവും നിറഞ്ഞു കിടക്കുന്ന ചാണകക്കുഴി. വീടിന്‍റെ വടക്കേമുറിയില്‍ നിലത്ത് പായവിരിച്ച് ഒരു പുതപ്പുകൊണ്ട് പുതച്ച് കെട്ടിപ്പിടിച്ചുറങ്ങുന്ന നാലു സഹോദരങ്ങള്‍. തെക്കേമുറിയില്‍ അപ്പനും അമ്മയും. കിഴക്കും പടിഞ്ഞാറുമായി വിശാലമായ രണ്ടു തിണ്ണകള്‍. എന്‍റെ വീട്. ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ വീട്.
മൂത്ത സഹോദരി പഠിച്ച് മിടുക്കിയായി ഉത്തരേന്ത്യയില്‍ നേഴ്സിംഗിന് പോയി. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നേഴ്സിംഗ് സ്കൂള്‍ ആയിരുന്നതിനാല്‍ തനിക്ക് ലഭിക്കുന്ന സ്റ്റൈപെന്‍റില്‍ നിന്ന് മിച്ചം പിടിച്ച് 50 രൂപാ എല്ലാ മാസവും പൊന്നമ്മ അപ്പന് അയയ്ക്കുമായിരുന്നു. മാസത്തിന്‍റെ ആദ്യനാളുകളില്‍ 50 രൂപയുടെ പ്രതീക്ഷയുമായി പോസ്റ്റോഫീസ് തിണ്ണയില്‍ കാത്തുനില്ക്കുന്ന അപ്പനെ അയാള്‍ ഓര്‍ത്തു. നെല്ലും കപ്പയും തേങ്ങയുമൊക്കെയായി പട്ടിണിയില്ലാതെ ആ കര്‍ഷക കുടുംബം കടന്നുപോയ നാളുകള്‍. പഠനത്തില്‍ മിടുക്കനായ തന്നെക്കുറിച്ച് അപ്പനും അമ്മയ്ക്കും വീട്ടുകാരോടും നാട്ടുകാരോടും പറയാന്‍ ഏറെ ഉണ്ടായിരുന്നു. എസ്.എസ്.എല്‍.സി. ഒന്നാം ക്ലാസ്സോടെ പാസ്സായപ്പോള്‍ നാട്ടിലും വീട്ടിലും പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കിയ ഒരു സ്വപ്നതാരകമായിരുന്നു താന്‍. കോളജില്‍ പോയി തുടങ്ങിയതോടെ പുതിയ സ്വാതന്ത്ര്യലോകത്തില്‍ പ്രവേശിച്ച തനിക്ക് പുതിയ കൂട്ടുകാര്‍ വന്നു. പുതിയ ചിന്തകള്‍ വന്നു. പ്രതികരിക്കാന്‍ പ്രേരണ ഉണ്ടായി. അധ്യാപകരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടായി; ക്ലാസ്സില്‍ കയറാതിരിക്കാന്‍ കാരണങ്ങളുമുണ്ടായി. എഴുപതുകളിലെ പ്രക്ഷുബ്ധയൗവനത്തിന്‍റെ തീജ്വാലകള്‍ താനും ഒരു ഫാഷനായി ഏറ്റുവാങ്ങി. അലഞ്ഞവനായി അന്വേഷിക്കുന്നവനായി അസ്തിത്വ ദുഃഖത്തിന്‍റെ വേദനകള്‍ പേറുന്നവനായി പ്രീഡിഗ്രി നന്നായി തോറ്റു. വീട്ടിലും നാട്ടിലും തന്‍റെ തോല്‍വി വാര്‍ത്തയായി. പുറത്തിറങ്ങാതെ അപ്പനും അമ്മയും കട്ടിലില്‍ കമിഴ്ന്ന് കിടന്ന് കരഞ്ഞു. ഒരു കുടുംബത്തിന്‍റെ സ്വപ്നം എരിഞ്ഞടങ്ങുന്നതുപോലെ അവര്‍ക്കുതോന്നി. അമ്മാച്ചന്മാര്‍ ഉപദേശിച്ചപ്പോള്‍ അമ്മായിമാര്‍ പരിഹസിച്ചു. പേരപ്പന്മാര്‍ ദേഷ്യത്തോടെ നോക്കിയപ്പോള്‍ പേരമ്മമാര്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. പൊന്നമ്മ നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി കുവൈറ്റിന് പോയി എന്നുള്ളതാണ് പിന്നീട് ആ കുടുംബത്തിന് കിട്ടിയ ഏക ആശ്വാസം. തന്‍റെ വീട്ടില്‍നിന്നും നാട്ടില്‍നിന്നും പേര്‍ഷ്യക്ക് പോകുന്ന ആദ്യത്തെ നേഴ്സ്. അപ്പനും അമ്മയും വീണ്ടും തല ഉയര്‍ത്തി നടക്കാന്‍ ആരംഭിച്ചു. പ്രീഡിഗ്രി രണ്ടാംവട്ടം എഴുതി എടുത്തെങ്കിലും ആദ്യ തോല്‍വിയുടെ ആഘാതത്തില്‍ അതിന് തിളക്കമില്ലാതെ പോയി. ആവേശത്തോടെ അടുത്ത വര്‍ഷം ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പുതിയ കൂട്ടുകാരുടെ സമ്പര്‍ക്കത്തിലും പുതിയ വായനയുടെ സ്വാധീനത്തിലും താനൊരു സ്വപ്നജീവിയായി മാറി. പൊന്നമ്മ അയയ്ക്കുന്ന പണംകൊണ്ട് അപ്പന്‍ വീട് പുതുക്കിപ്പണിതു. ദൂരെയുള്ള കിണറില്‍ നിന്ന് വെള്ളംകോരി മടുത്ത അമ്മയ്ക്കുവേണ്ടി വാട്ടര്‍ ടാങ്ക് പണിത് മോട്ടോര്‍ വച്ചു കൊടുത്തു. എങ്കിലും സന്ധ്യാനേരങ്ങളില്‍ ഇളകുന്ന അമ്മയുടെ ആസ്ത്മായുടെ ഉറക്കെയുള്ള ശ്വാസനിശ്വാസങ്ങള്‍ മക്കള്‍ക്ക് അസ്വസ്ഥതയും സങ്കടവും ഉണ്ടാക്കിയിരുന്നു.
ഡിഗ്രി പഠനം കഴിഞ്ഞ് യു.പി.എസ്.സി. പരീക്ഷ എഴുതി. കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റിലേക്കുള്ള നിയമന ഉത്തരവുമായി താന്‍ പൂനെയിലേക്കുള്ള തീവണ്ടി കയറി. പൊന്നമ്മ ഇപ്പോഴും കുവൈറ്റില്‍ കുടുംബസമേതം താമസിക്കുന്നു. സ്വന്തം വഴികള്‍ കണ്ടെത്തിയ തങ്കച്ചന്‍ യു.എസിലും തങ്കമ്മ യു.കെ.യിലും ജോലി ചെയ്യുന്നു. വിവാഹത്തിനുശേഷം താന്‍ വിജയമ്മയുടെ തടവറയിലായി. അപൂര്‍വ്വമായി മാത്രം നാട്ടിലേക്കുള്ള യാത്രകള്‍. ഭര്‍ത്താവിന്‍റെ ഭവനത്തില്‍ അവഗണിക്കപ്പെട്ടതിന്‍റെയും തിരസ്കരിക്കപ്പെട്ടതിന്‍റെയും മുറിവുകളുമായി വിജയമ്മ പൊന്നച്ചനെ വരിഞ്ഞു മുറുക്കി. പൂനെയിലെ വാടകവീടുകളിലെ സന്ധ്യകള്‍ കലഹങ്ങളുടെ ശബ്ദങ്ങളാല്‍ മുഖരിതമായിരുന്നു. ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും പുലഭ്യം പറയുന്നത് വിജയമ്മയുടെ ഒരു വിനോദമായിരുന്നു. വീതം മേടിക്കാന്‍ കഴിവില്ലാത്തവന്‍ എന്നു പറഞ്ഞ് വിജയമ്മ പൊന്നച്ചനെ വിലയില്ലാതാക്കി. തന്‍റെ കദനകഥകള്‍ വിവരിച്ച് അമ്മാച്ചന്മാര്‍ക്ക് കത്തുകള്‍ അയയ്ക്കുന്നത് പൊന്നച്ചന്‍ ഒരു ശീലമാക്കി. കുടുംബ സമാധാനത്തിനുവേണ്ടിയും മക്കള്‍ക്കുവേണ്ടിയും പൊന്നച്ചന്‍ അപ്പനോട് തന്‍റെ വീതം ചോദിച്ചു.  എല്ലാവരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഹൃദയഭാരത്തോടെ കര്‍ഷകനായ ആ പിതാവ് ഒന്നര ഏക്കര്‍ സ്ഥലം പൊന്നച്ചന് എഴുതിക്കൊടുത്തു.  അപ്പന്‍റെ പെട്ടെന്നുള്ള മരണത്തിനുശേഷം വിജയമ്മയുടെ നിരന്തരമായ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി കിട്ടിയ വിലയ്ക്ക് ആ പുരയിടം വിറ്റ് പണവുമായി മടങ്ങി. അങ്ങനെയാണ് മീരാറോഡില്‍ ഈ ഫ്ളാറ്റ് വാങ്ങുന്നത്.
തന്‍റെ വീടും നാടും കാണുവാനും സഹോദരങ്ങളെയും പഴയ കൂട്ടുകാരേയും സന്ദര്‍ശിക്കുവാനും പൊന്നച്ചന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വിജയമ്മ ഒന്നിനും വഴങ്ങിയില്ല. മരുമക്കളുടെ വിവാഹത്തിന് ഒന്നിനുപോലും പോകാനോ തനിക്ക് കഴിഞ്ഞില്ല. അപ്പന്‍റെയും അമ്മയുടെയും ഇരുപത്തിയഞ്ചാം ചരമവാര്‍ഷികം നടത്തിയപ്പോള്‍ അതിനും പോയി കൂടുവാന്‍ വിജയമ്മ അനുവദിച്ചില്ല. ചടങ്ങുകളെല്ലാം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴാണ് തങ്കച്ചനും തങ്കമ്മയും തന്നെക്കാണാന്‍ താല്പര്യം അറിയിച്ചത്. അവരുടെ വരവിനുവേണ്ടി താന്‍ നിമിഷങ്ങളെണ്ണി കാത്തിരുന്നു. ഫ്ളാറ്റിനു മുമ്പില്‍ വന്ന് അവര്‍ ബെല്ലടിച്ചപ്പോഴാണ് കതകു തുറക്കാന്‍ ശ്രമിച്ച തന്നെ വിജയമ്മ ചവിട്ടി വീഴ്ത്തിയത്. ആ വീഴ്ചയുടെ ഓര്‍മ്മ പൊന്നച്ചനെ വീണ്ടും അബോധത്തിന്‍റെ പുകമഞ്ഞുപാളികളിലേക്ക് മുക്കിക്കളഞ്ഞു.

മൂന്ന്
എല്ലായിടത്തും ഇരുട്ട്. ലോകം മുഴുവന്‍ അന്ധകാരം വ്യാപിച്ചതുപോലെ പൊന്നച്ചന് തോന്നി. ഗാഗുല്‍ത്തായിലെ കുന്നിന്‍ മുകളില്‍ കുരിശില്‍ കിടക്കുന്ന കര്‍ത്താവിനെ നേരിട്ടു കാണുന്നതുപോലെ. "എന്‍റെ ദൈവമേ! എന്‍റെ ദൈവമേ! എന്തിനാണെന്നെ ഉപക്ഷിച്ചത്!" പൊന്നച്ചന്‍റെ നിലവിളി കേട്ട് ഐ.സി.യു.വിലെ സിസ്റ്റര്‍മാര്‍ ഓടിക്കൂടി. അവര്‍ കിടക്കയോട് ചേര്‍ന്നുള്ള മോണിറ്ററില്‍ നോക്കിക്കൊണ്ട് പേടിക്കാനൊന്നുമില്ല എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. 
"സാറെന്നാ വല്ല സ്വപ്നവും കണ്ട് പേടിച്ചോ?" ഒരു സിസ്റ്റര്‍ ചോദിച്ചു.
കണ്ണു തുറന്ന് എല്ലാവരെയും തുറിച്ചുനോക്കിക്കൊണ്ട് പൊന്നച്ചന്‍ അലറി. "എനിക്ക് തങ്കച്ചനേം തങ്കമ്മയേയും കാണണം." സിസ്റ്റര്‍മാര്‍ പുറത്തുപോയി തങ്കച്ചനേയും തങ്കമ്മയേയും കൂട്ടിക്കൊണ്ടുവന്നു. "എനിക്കിവരോട് തനിയെ സംസാരിക്കണം. നിങ്ങളാരും ഇവിടെ വേണ്ട." പൊന്നച്ചന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തലയിണകളില്‍ ചാരി ഉയര്‍ന്നിരുന്നുകൊണ്ട് തങ്കച്ചനേയും തങ്കമ്മയേയും ഇരുവശങ്ങളില്‍ ചേര്‍ത്തുപിടിച്ച് എന്തൊക്കെയോ പറയാന്‍ തുടങ്ങി. "മക്കളേ! പൊന്നുമക്കളേ! നിങ്ങളെ ഞാന്‍ എങ്ങനെ വളര്‍ത്തിയതാണ്. നിങ്ങളെ ഒന്നു കാണാന്‍പോലും എന്‍റെ വീട്ടില്‍ എനിക്ക് സ്വാതന്ത്ര്യമില്ലാതെ പോയല്ലോ." തങ്കച്ചനും തങ്കമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് പൊന്നച്ചന്‍റെ മുഖത്ത് മാറി മാറി ഉമ്മ വെച്ചു. പിന്നെ പൊന്നച്ചന്‍ ദീര്‍ഘമായ ഒരു കുമ്പസാരംപോലെ തന്‍റെ  ജീവിതകഥയുടെ ദുഃഖകരമായ പിന്നാമ്പുറങ്ങള്‍ ഓരോന്നോരോന്നായി അവരോട് പറഞ്ഞു തുടങ്ങി. ആ അനുജനും അനുജത്തിയും വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. "എന്നാലും നിങ്ങളെന്നെ കാണാന്‍ വന്നല്ലോ മക്കളേ! എനിക്ക് സന്തോഷമായി."
"ചേട്ടാ, ഞങ്ങള്‍  ഇന്ന് വൈകുന്നേരത്തെ ഫ്ളൈറ്റിന് തിരികെപ്പോവുകയാണ്. അസുഖമെല്ലാം ഭേദപ്പെട്ടു കഴിയുമ്പോള്‍ ചേട്ടന്‍ ന്യൂയോര്‍ക്കിലേക്ക് വരണം. പൊന്നമ്മ ചേച്ചിയെയും തങ്കമ്മയേയും ഞാന്‍ അങ്ങോട്ട് വിളിക്കാം. ചെറുപ്പത്തിലെപ്പോലെ നമുക്കൊന്നു കൂടണം. ഒന്നിച്ചൊന്നു കിടക്കണം. ഇപ്പോള്‍ സമാധാനമായിരിക്ക്. വെറുതെ വിഷമിക്കരുത്. എല്ലാം ശരിയാകും. ധൈര്യമായിരിക്ക്." വീണ്ടും പ്രിയസഹോദരന്‍റെ കരം പിടിച്ച് ഉമ്മ കൊടുത്ത് ആ ഇളയ സഹോദരങ്ങള്‍ മുറി വിട്ടുപോയി. 
ഭാരങ്ങള്‍ ഇറക്കിവച്ച് കുരിശില്‍ നിന്ന് താഴെ ഇറക്കപ്പെട്ടവനെപ്പോലെ ശാന്തനായി പൊന്നച്ചന്‍ വിദൂരതകളിലേക്ക് നോക്കിക്കിടന്നു.

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.