ഈ വർഷത്തെ പൊന്നോണം സെപ്റ്റംബർ 7 ഞായറാഴ്ച ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ദിവ്യ ബലിക്കു ശേഷം പരമ്പരാഗത ആചാരങ്ങളോടെ ആഘോഷിച്ചു. താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി തമ്പുരാനെ തൊമ്മൻ ഹാളിലേക്ക് ആനയിച്ചു. തുടർന്ന് കെ സി എ ജി പ്രസിഡന്റ് ജോണി ഇല്ലിക്കാട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്തു. ഓണസന്ദേശം നൽകിയ വൈസ് പ്രസിഡന്റ് ഡാർലി ഉപ്പൂട്ടിൽ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ എന്നും ഈ ഓണക്കാലം ഏവർക്കും പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നല്കട്ടെ എന്നും ആശംസിച്ചു.
തുടർന്ന് കുട്ടികളും വനിതകളും അവതരിപ്പിച്ച വിവിധ നൃത്തങ്ങളും ഓണപ്പാട്ടുകളും സദസ്യർക്കു ആനന്ദത്തിനു വക നൽകി. നൃത്തങ്ങൾ കൊറിയോഗ്രാഫ് ചെയ്ത സീന കുടിലിനെ പ്രത്യേക ഉപഹാരം നൽകി അനുമോദിയ്ക്കുകയുണ്ടായി. മാവേലിയായി വേഷമിട്ട സെക്കന്റ് ജനറേഷൻ അമേരിക്കൻ ജോസഫ് കല്ലടാന്തിയിൽ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ജോസഫ് കൂവക്കട നെറ്റി പട്ടം കെട്ടി അണിയിച്ചൊരുക്കിയ ഗജവീരൻ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണം വാഴയിലയിൽ വിളമ്പിയ 21 വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ ഓണ സദ്യ ആയിരുന്നു.
കെ സി എ ജി സ്പിരിച്യുൽ ഡയറക്ടർ ഫാ. ജോസഫ് ചിറപ്പുറത്തിന്റെ സാന്നിധ്യം അനുഗ്രഹീതമായി.
മനോഹരമായ ചിത്രങ്ങൾ പകർത്തിയ തോമസ് കല്ലാടനും ഷീലമ്മ മന്നാകുളവും പ്രത്യേക പ്രശംസ അർഹിക്കുന്നു. സെക്രട്ടറി സിബി മുളയാനിക്കുന്നേൽ സദസ്സിനു നന്ദി അറിയിച്ചു.






















