കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മാട്രിമോണിയൽ വെബ് സൈറ്റ് സെപ്തംബർ 12-ന് രാത്രി 9 മണിക്ക് (ഈസ്റ്റേൺ ടൈം) “മംഗല്യസൂത്രം” എന്ന പേരിൽ ഉദ്ഘാടനം ചെയ്യുകയാണ്. പ്രശസ്ത സിനിമ നടൻ ഷാജു ശ്രീധർ ഉദ്ഘാടനം നിർവഹിക്കുന്നതും പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുന്നതുമാണ്.
സുപ്രസിദ്ധ സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനം ചടങ്ങുകൾക്ക് മാറ്റുകൂട്ടും.
കെ. എച്ച്. എൻ. എ ട്രസ്റ്റി ബോർഡിന്റെ അഭിമുഖ്യത്തിൽ വർഷങ്ങളായി മാട്രിമോണിയൽ വെബ് സൈറ്റ് നടത്തിപ്പോരുന്നുണ്ട്. KHNA കുടുംബാംഗങ്ങളായ യുവതി യുവാക്കളുടെ വിവാഹാലോചനകൾ സൈറ്റിൽ ലഭ്യമാകും. നോർത്ത് അമേരിക്കയിലുള്ള മലയാളി ഹിന്ദുക്കൾ വളരെയേറെ ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു സേവനമാണിതെന്ന് ട്രസ്റ്റി ചെയർ വനജ നായർ പറഞ്ഞു. ഒരേ സാംസ്കാരിക പശ്ചാത്തലമുള്ള ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ മംഗല്യസൂത്രം യുവജനങ്ങളെ സഹായിക്കുമെന്നും കെ . എച്ച്. എൻ. എ കുടുംബാംഗങ്ങളും കമ്മ്യൂണിറ്റിയൂം മംഗല്യസൂത്രം മാട്രിമോണിയൽ വെബ് സൈറ്റ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർപേഴ്സൺ വനജ നായർ അഭ്യർത്ഥിച്ചു.
നോർത്ത് അമേരിക്കയിലുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്ക് പരസ്പരം അറിയാനും വിവാഹ ബന്ധത്തിലേക്ക് നയിക്കുവാനും കഴിയണം എന്ന ഉദ്ദേശത്തോടെയാണ് “മംഗല്യസൂത്രം” എന്ന ഈ സൈറ്റ് ലക്ഷ്യമിടുന്നതെന്ന് കെ.എച്ച്.എൻ. പ്രസിഡന്റ് ശ്രീ റ്റി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഈ ഉദ്ദ്യമം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും അറിയിച്ചു.
“മംഗല്യസൂത്രം” മാട്രിമോണിയൽ വെബ്സൈറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുവേണ്ടി സുരേഷ് നായർ ചെയർമാനായുള്ള ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീജിത്ത് ശ്രീനിവാസൻ, നന്ദകുമാർ ചക്കിങ്ങൽ, ഡോ. സുധീർ പ്രയാഗ, ഡോ. രഞ്ജിനി പിള്ള എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക.


